പ്രകൃതിയോട് ചേർന്ന് ‘പുള്ള്’; തിയറ്ററുകളിലും മികച്ച പ്രതികരണം
Mail This Article
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്‌കരിച്ച സിനിമയാണ് ‘പുള്ള്’. ഓഗസ്റ്റ് നാലിന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിൽ രണ്ടാം വാരം പിന്നിടുകയാണ്. പ്രകൃതിയുടെ, മനുഷ്യന്റെ നിലനില്‍പ്പിന്റെ രാഷ്ട്രീയം തീവ്രതയോടെ പറഞ്ഞുവയ്ക്കുന്നു. കൃത്രിമമായ ചെപ്പടിവിദ്യകളൊന്നുമില്ലാത്ത ഒരു കൊച്ചു നന്മയുള്ള സിനിമയെന്നു തന്നെ പുളളിനെ വിശേഷിപ്പിക്കാം. പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമ. അടങ്ങാത്ത ആര്‍ത്തിയും സ്വാര്‍ഥതയും കൈവിടാത്ത മനുഷ്യനുള്ള മുന്നറിയിപ്പ് രൂക്ഷമായ ഭാഷയില്‍ ദൃശ്യവല്‍ക്കരിക്കാന്‍ പുള്ളിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. മഞ്ചേരി ലാഡ്ഡർ സിനിമാസിലും കോഴിക്കോട് കൈരളി ശ്രീ തിയറ്ററിലും ചിത്രം ഹൗസ് ഫുൾ ആയി പ്രദർശനം നടന്നിരുന്നു.
ശക്തമായ നായികകേന്ദ്രീകൃത സിനിമയെന്ന നിലയിലും ചര്‍ച്ച ചെയ്യേണ്ട സിനിമയാണ് പുള്ള്. സിനിമയില്‍ പ്രധാനകഥാപാത്രത്തെ അഭിനയിച്ച റൈന മറിയ ദേവമ്മയായി പകര്‍ന്നാടുകയായിരുന്നു. ഭാവതീവ്രമായ ദേവമ്മയുടെ സൂക്ഷമാഭിനയം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. സ്വന്തം സ്വപ്‌നങ്ങള്‍ കൈവെടിഞ്ഞു നാട്ടുകാര്‍ക്ക് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്ന സുനന്ദ എന്ന കഥാപാത്രത്തിന്റെ അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സാധാരണസ്ത്രീയായുള്ള സുനന്ദയില്‍ നിന്നു നാടിന്റെ ദേവിയായി ദേവമ്മയിലേക്കും പിന്നീട് ശക്തിക്ഷയം സംഭവിച്ച ദേവമ്മയിലേക്കുമുള്ള ഭാവപകര്‍ച്ചകളും അവിസ്മരണീയമാണ്. പ്രകൃതിയുടെ പ്രതീകമായി ദേവമ്മയും മനുഷ്യന്റെ നിസഹായവസ്ഥയുടെ ബിംബമായി സുനന്ദയായും ഒരേസമയം വേഷപകര്‍ച്ച നടത്തി.
ദേവമ്മയുടെ ജീവിതം ഉരുകി തീരുമ്പോള്‍ അതുപ്രേക്ഷകരുടെ ഉള്ളിലും തീരാവേദനായി തങ്ങി നില്‍ക്കുന്നു. മഴപക്ഷിയായി പുള്ള് വരുന്നതിനു മുന്‍പേ തന്നെ തെയ്യമായി മനസില്ലാ മനസോടെ ആടുന്ന ദേവമ്മയുടെ ഉജ്വലപ്രകടനം മികച്ച രംഗങ്ങളിലൊന്നായിരുന്നു.മരം നശിക്കുന്നതു തടയാനും കാവുകള്‍ സംരക്ഷിക്കാനും ദേവമ്മ തന്നെ കൊണ്ടാവും വിധം ശ്രമിച്ചു. ദേവമ്മയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തെ കൃത്യമായി ആവിഷ്‌കരിക്കാന്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രകൃതിയുടെ കരുത്താണ് ജീവജാലങ്ങളെ താളം തെറ്റാതെ മുന്നോട്ടുനയിക്കുന്നതെന്ന സന്ദേശമാണ് കഥാപാത്രത്തിലൂടെ അനാവരണം ചെയ്തത്.
വടക്കേമലബാറിന്റെ ഗ്രാമീണ ഭംഗിയില്‍ ഒരുക്കിയ സിനിമയില്‍ പ്രകൃതിയും ഒരു കഥാപാത്രമാണ്. തെയ്യത്തിന്റെയും നാട്ടുഭാഷയുടെയും ഗ്രാമീണതയുടെയും തനിമ ചോരാതെ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ സുപ്രധാനരംഗങ്ങളില്‍ പ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അത്യന്തം സിനിമാറ്റിക്കായി സമീപിച്ചിട്ടുള്ള ചിത്രത്തില്‍ പ്രമേയത്തിന്റെ ഗൗരവം സൂക്ഷമതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കച്ചവടക്കണ്ണുള്ള മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണം, നഷ്ടപ്രണയത്തിന്റെ വേദന. ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം മനോഹരമായി വിളക്കിചേര്‍ത്തിട്ടുണ്ട്. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും എല്ലാം പുതുമുഖങ്ങളായിരുന്നു. എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ ഒരു സിനിമ പൂര്‍ത്തിയാക്കിയതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. കാലികപ്രസക്തിയുള്ള, കാമ്പുള്ള കലാസൃഷ്ടിയാക്കി ഒരുക്കുന്നതില്‍ അണിയറപ്രവര്‍ത്തകരുടെ പരിശ്രമത്തിനു കയ്യടിക്കുക തന്നെ വേണം. പാലക്കാടും കോഴിക്കോടുമായിരുന്നു ലൊക്കേഷന്‍. പുള്ളിലൂടെ നിരവധി താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും സിനിമാലോകത്തിനു സംഭാവന ചെയ്യാന്‍ കഴിഞ്ഞതും ചെറിയകാര്യമല്ല. കലാമൂല്യമുള്ള മികച്ച സിനിമ ഒരുക്കിയ ഫസ്റ്റ് ക്ലാപ്പ് അതിന്റെ സാമൂഹികപ്രതിബദ്ധതയുടെ ദൗത്യമാണ് നിര്‍വഹിച്ചത്. പ്രേക്ഷക പിന്തുണ ഏറിയതോടെ ചിത്രം കൂടുതൽ സെന്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിക്കാൻ അണിയറപ്രവർത്തകർ തയാറെടുക്കുന്നു. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ മേഖലകളിൽ ഈ ആഴ്ച ചിത്രം പ്രദർശനത്തിനെത്തും
പ്രശസ്ത സിനിമാ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ചതാണ് സിനിമ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്. പതിനഞ്ചിൽ പരം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഷബിതയുടേതാണ്. ഷബിത ,വിധു ശങ്കർ, വിജേഷ് ഉണ്ണി, ശാന്തകുമാർ എന്നിവരാണ് തിരക്കഥ.
ഛായാഗ്രഹണം അജി വാവച്ചൻ.റീന മരിയ, സന്തോഷ് സരസ്, ധനിൽ കൃഷ്ണ, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ലത സതീഷ്, ഹാഷിം കോർമത്ത്, സതീഷ് അമ്പാടി, ജൗഹർ കാനേഷ്, വിനീഷ് നമ്പ്യാർ, സുധ കാവേങ്ങാട്ട്,ശ്രീരാജ്, ബേബി അപർണ ജഗത്, ഗംഗ ശേഖർ, ശിവാനന്ദൻ ആലിയോട്ട്, ജസ്റ്റിൻ തച്ചിൽ, രേവതി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഇന്ദിര, ലിജി ജോയ് സാറാമ്മ, ആരതി നായർ, വാസുദേവൻ, ലിനീഷ് അരൂർ, രാജേഷ് അമ്പാടി, സൂരജ് നന്ദൻ കൊല്ലയിൽ, മൂർക്കനാട് പീതാംബരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
എഡിറ്റിങ് സുമേഷ് Bwt, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് ജയപ്രകാശൻ, സംഗീതം രാജേഷ് ബാബു ഷിജിത് ശിവൻ, ഗാനരചന രേണുക ലാൽ, ശ്രീജിത് രാജേന്ദ്രൻ, ഡോക്ടർ . ജെറ്റീഷ് ശിവദാസ്, നന്ദിനി രാജീവ്. അലാപനംപ്രയാൺ പവിത്രൻ, രസിക രാജൻ, പ്രേമി രാംദാസ്, സുമ സ്റ്റാലിൻ, പ്രിയ ബിനോയ്, ലിജേഷ് ഗോപാൽ, ആർട് ജയലാൽ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ രശ്മി ഷാജൂൺ, മേക്കപ്പ് പ്രബീഷ് കാലിക്കറ്റ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രമോദ് കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ ജുനൈറ്റ് അലക്സ് ജോർഡി, സ്റ്റിൽസ് പ്രയാൺ പവിത്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീഷ് നമ്പ്യാർ, ഫിനാൻസ് കൺട്രോളർ അഭിജിത് രാജൻ, പിആർഒ സുജീഷ് കുന്നുമ്മക്കര, പബ്ലിസിറ്റി ഡിസൈൻ ബിനോയ് വിജയ്, ഓഡിയോഗ്രാഫി ഹരിരാഗ് എം. വാര്യർ, കളറിസ്റ്റ് ഹരി ജി. നായർ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, വിഎഫ്എക്സ് ലവൻ–കുശൻ, ജിമ്മി ജിബ് മിന്നൽ രാജ്, വിതരണം ലീഡ്സ്–ഡീൽസ് ഇന്ററാക്ടീവ് ടെക്നോളജീസ്.