ADVERTISEMENT

രജനികാന്തിന്റെ ‘ജയിലർ’ കേരളത്തിലും ലോകമെമ്പാടും തരംഗം സൃഷ്ടിക്കുമ്പോൾ ഇവിടെ മലയാളത്തിൽ നിന്നും മറ്റൊരു ‘ജയിലർ’ കൂടെ റിലീസിനെത്തുന്നു. ഒരേ സമയം ഒരേ പേരില്‍ രണ്ട് സിനിമകൾ തിയറ്ററുകളിലെത്തുന്നു എന്ന അപൂർവ നിമിഷത്തിനും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെ തിയറ്ററുകൾ. ഇന്ന് മുതൽ രണ്ട് ‘ജയിലറാ’കും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് പത്തിനാണ് റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും തമിഴ് ജയിലറിന്റെ റിലീസിനോടനുബന്ധിച്ച് തിയതി മാറ്റുകയായിരുന്നു.

 

കേരളത്തിലെ 85 സ്ക്രീനുകളിലും ജിസിസിയില്‍ 40 സ്ക്രീനുകളിലുമാണ് മലയാളം ‘ജയിലര്‍’ ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. ‘‘ഇന്ന് കേരളത്തിലും ഗൾഫ് നാടുകളിലുമായി മലയാളം ജയിലർ റിലീസ് ചെയ്യുകയാണ്. എല്ലാവരും കാണുകയും നിങ്ങളുടെ അഭിപ്രായം അറിയിക്കുകയും ചെയ്യണം. കുറേ കാലത്തെ കഷ്ടപ്പാടാണ് ഈ ചിത്രം... നിങ്ങൾ പ്രേക്ഷകരാണ് എന്റെ സിനിമയുടെ സൂപ്പർ താരം.’’ സക്കീര്‍ മഠത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

നേരത്തെ സിനിമയുടെ പേരിനെച്ചൊല്ലി ഇരു ചിത്രത്തിന്‍റെ അണിയറക്കാരും തമ്മിലുള്ള തര്‍ക്കം കോടതി വരെ എത്തിയിരുന്നു. തമിഴ് ചിത്രമായ ജയിലറിന്റെ പേര് മാറ്റണമെന്നായിരുന്നു സക്കീർ മഠത്തിൽ ആവശ്യപ്പെട്ടത്. പിന്നീട് ഈ കേസ് തന്നെ റദ്ദാക്കുകയായിരുന്നു.

 

പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലര്‍ ആണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. 

 

ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

 

അതേ സമയം നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ 'ജയിലർ' കേരളത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com