ADVERTISEMENT

ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യിൽ പൊലീസ് വേഷത്തിലാണ് ഗോകുൽ സുരേഷ് എത്തുന്നത്. പൊലീസ് വേഷം അവതരിപ്പിച്ചപ്പോൾ ഒരിക്കൽ പോലും അച്ഛന്റെ കഥാപാത്രങ്ങളുടെ പ്രചോദനം തനിക്കുണ്ടായില്ലെന്ന് ഗോകുൽ സുരേഷ് പറഞ്ഞു. യൂണിഫോമിലെ ഫിറ്റിങ്ങിനു വേണ്ടി മാത്രം കമ്മിഷണറിലെ ഒരു ഫോട്ടോ എടുത്തുനോക്കിയെന്നും അല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങാൻ പറ്റാതെ വരുമെന്നും ഗോകുൽ പറഞ്ഞു. കമ്മിഷണറിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഈ സിനിമയിൽ സ്വാധീനിച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം.

‘‘യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.’’ – ഗോകുൽ സുരേഷ് പറഞ്ഞു.

സിനിമയില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാകും ഗോകുലിന്റേതെന്നും സിനിമയെ ഏറെ ആത്മാർഥതയോടെ സമീപിക്കുന്ന ആളാണ് ഗോകുലെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

‘‘സിനിമയിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുൽ. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്. എവിടെയോ ഇടയ്ക്കൊരു ഇംഗ്ലിഷ് വാക്കു പറഞ്ഞപ്പോൾ സുരേഷേട്ടന്റേതു പോലെ തോന്നി. അതും സന്തോഷം തന്നെയാണ്.

ഫുട്ബോൾ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. രണ്ടു മൂന്നു മാസം വിശ്രമിച്ചില്ലെങ്കിൽ ഇനിയും ബുദ്ധിമുട്ടുകളിലേക്കു പോകുമെന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു. അതിനിടെ നമുക്കൊരു വലിയ ഷെഡ്യൂൾ ബാക്കിയുണ്ടായിരുന്നു. എന്നിട്ടുപോലും ഗോകുൽ കാരണം ഷൂട്ടിന് ഒരു തടസ്സവും ഉണ്ടായില്ല. പെയിന്‍കില്ലേഴ്സ് എടുത്തിട്ടാണ് പല സീനിലും അഭിനയിച്ചത്. വേദന കടിച്ചമർത്തിയാണ് പല ഷോട്ടും ചെയ്തത്. കട്ട് പറയുന്ന സമയത്ത് തളർന്നു വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ.’’–ദുൽഖർ സൽമാൻ പറഞ്ഞു.

പ്രസന്നയുടെ വാക്കുകൾ: ‘‘അച്ഛൻ പൊലീസ് ആണെങ്കിൽ മകൻ ആ യൂണിഫോം ഇടുമ്പോൾ എന്തുമാത്രം ഉത്തരവാദിത്തം ആ മകനുണ്ടോ, അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഗോകുൽ കടന്നുപോയത്. യൂണിഫോം ഇട്ടു ചെയ്യുന്നതുകൊണ്ട് മോശമായാൽ അച്ഛൻ ചീത്ത വിളിക്കുമെന്നായിരുന്നു ഗോകുലിന്റെ പേടി. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് അഭിനയിച്ചിരുന്നത്. എന്നാൽപ്പോലും അച്ഛന്റെ മാനറിസമോ ശരീര ചലനങ്ങളോ ഒന്നും തന്നെ കഥാപാത്രത്തിൽ കൊണ്ടുവന്നിട്ടുമില്ല.’’
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com