ഗണപതിയാകാൻ ഉണ്ണി മുകുന്ദൻ? ; ‘ജയ് ഗണേഷ്’, സംവിധാനം രഞ്ജിത് ശങ്കർ
Mail This Article
മിത്ത് വിവാദം കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗത്ത് വലിയ വിവാദമായി മാറുമ്പോൾ ‘ജയ് ഗണേഷ്’ എന്ന ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു.
ടൈറ്റിൽ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ആദ്യമായാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്. രഞ്ജിത് ശങ്കറും ഫെയ്സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവച്ചിട്ടുണ്ട്. ‘‘ജയ് ഗണേഷിന്റെ തിരക്കഥ പൂർത്തിയായ ശേഷം ഒരു നടനായി കാത്തിരിക്കുക ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന കൃത്യമായ തിരക്കഥയ്‌ക്കായി കാത്തിരിക്കുക ആയിരുന്നു ഉണ്ണിയും. ഞങ്ങൾ ജയ് ഗണേഷിനെ കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. ഞാൻ എന്റെ നടനെയും കണ്ടെത്തി. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ’’–രഞ്ജിത് ശങ്കർ കുറിച്ചു
രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമാണം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചനകൾ. അതേസമയം, പ്രഖ്യാപനത്തിന് പിന്നാലെ സൂപ്പര്‍ ഹീറോ ചിത്രമാണോ ജയ് ഗണേഷ് എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. നവംബർ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.