ADVERTISEMENT

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ദുൽഖർ സൽമാൻ ചിത്രം ‘കിങ് ഓഫ് കൊത്ത’യ്ക്കെതിരെ സംഘടിത ആക്രമണം. സിനിമയ്ക്കെതിരെ വ്യാപകമായ രീതിയിൽ ഓൺലൈൻ ഡീഗ്രേഡിങ് നടക്കുകയാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സിനിമയുടെ വ്യാജ പ്രിന്റും മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ നടക്കുന്നത് പെയ്ഡ് ഡീഗ്രേഡിങ് ആണെന്നും ഇവർ പറയുന്നു.

 

ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകളിൽ നിന്നും ചിത്രത്തിന്റെ മോശം റിവ്യൂസും പുറത്തുവരുന്നുണ്ട്. മലയാള സിനിമയെത്തന്നെ നശിപ്പിക്കുന്ന രീതിയിൽ ഉള്ള ഇത്തരം പ്രവണതകൾ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞു നൽകുന്ന വരവേൽപ്പാണ് ടിക്കറ്റ് ബുക്കിങ്ങിൽ അടുത്ത നാലു ദിവസങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായി കിങ് ഓഫ് കൊത്ത മുന്നേറുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

 

സിനിമയ്ക്കു ലഭിക്കുന്ന വലിയ സ്വീകാര്യതയിൽ ഭയന്നാണ് ഇത്തരം ആക്രമണം നടക്കുന്നതെന്നും നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരക്കാരെ അവഗണിക്കുമെന്നും അണിയറ പ്രവര്‍ത്തകർ വ്യക്തമാക്കി.

 

അതേസമയം ചിത്രത്തിനു ഗംഭീര വരവേൽപ് ആണ് ആദ്യ ദിനങ്ങളിൽ കാണാനാകുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ഫാൻസ് ഷോ പ്രദർശനങ്ങൾ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ആരാധകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. കൊത്തയിലെ രാജു ഭായിയായി ദുൽഖറിന്റെ മാസ് ആക്‌ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആണ്. 

 

അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭം ഒട്ടും മോശമാക്കിയിട്ടില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. വയലൻസും ആക്‌ഷനുമായി ഗ്യാങ്സ്റ്റർ ചിത്രമാണ് കൊത്തയിലൂടെ അഭിലാഷ് ഒരുക്കിയിരിക്കുന്നത്. കൊത്തയുടെ എല്ലാമെല്ലാമായ രാജു എന്ന കഥാപാത്രമായി ദുല്‍ഖർ എത്തുന്നു. കണ്ണൻ എന്ന കഥാപാത്രമായി എത്തുന്ന ഷബീർ കല്ലറയ്ക്കൽ ആണ് വില്ലൻ.

ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

 

സംഘട്ടനം : രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ്:എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്‌ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്. പിആർഓ: പ്രതീഷ് ശേഖർ. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com