കശ്മീര്‍ ഫയൽസിലെ അഭിനയത്തിന് കൂടി അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍: അനുപം ഖേർ
Mail This Article
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുത്തത് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ് കശ്മീര്‍ ഫയല്‍സാണ്. ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടനും എക്‌സിക്യൂട്ടീവ് നിര്‍മാതാവുമായ അനുപം ഖേര്‍ പറഞ്ഞു. അതേ സമയം അഭിനയത്തിന് പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമാവുമായിരുന്നുവെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
‘‘കശ്മീര്‍ ഫയല്‍സിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതില്‍ നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അതീവ സന്തോഷവാനാണ്. ചിത്രത്തിലെ എന്‍റെ അഭിനയത്തിന് കൂടി ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷവാനായെനെ. അങ്ങനെ എല്ലാ ആഗ്രഹവും പെട്ടന്ന് സഫലമായാല്‍ പിന്നെ മുന്നോട്ട് ജോലി ചെയ്യാന്‍ എന്താണ് രസം..അടുത്ത തവണ നോക്കാം.എല്ലാ ജേതാക്കള്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.’’–അനുപം ഖേര്‍ എക്സിൽ (ട്വിറ്ററിൽ) കുറിച്ചു.
‘പുഷ്പ’യിലെ അഭിനയത്തിന് അല്ലു അർജുനെയാണ് മികച്ച നടനായി തിരഞ്ഞെടുത്തത്. ‘മിമി’യിലെ അഭിനയത്തിലൂടെ പങ്കജ് തൃപാഠി മികച്ച സഹനടനായി.