സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് അപർണ പറഞ്ഞിരുന്നു, അടുത്ത സീരിയലിൽ നായികയായി അഭിനയിക്കാൻ ഒരുങ്ങുകയായിരുന്നു’
Mail This Article
അപർണ നായർ വളരെ നല്ല സ്വഭാവമുള്ള, പക്വതയോടെ എല്ലാവരോടും പെരുമാറുന്ന, നന്നായി അഭിനയിക്കുന്ന അഭിനേത്രിയായിരുന്നുവെന്ന് സംവിധായകൻ അജിതൻ. അപർണ ആദ്യമായി നായികയായി വേഷമിട്ട ‘നല്ല വിശേഷം’ എന്ന സിനിമയുടെ സംവിധായകനാണ് അജിതൻ. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് തന്നോട് പറഞ്ഞിരുന്നു എന്ന അജിതൻ പറയുന്നു. അടുത്തുതന്നെ ഒരു സീരിയലിൽ പ്രധാന കഥാപാത്രത്തെ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്ന അപർണ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അപർണയുടെ വിയോഗത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ലെന്നും അജിതൻ പറഞ്ഞു.
‘‘എന്റെ ‘നല്ല വിശേഷം’ എന്ന സിനിമയിലെ നായികയായിരുന്നു അപർണ. സിനിമ തുടങ്ങുന്ന സമയത്ത് ഞാൻ നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ശ്യാം സരസ് ആണ് അപർണയെക്കുറിച്ച് പറയുന്നത്. അപർണ സീരിയലിലൊക്കെ നല്ല വേഷമാണ് ചെയ്തുകൊണ്ടിരുന്നത്. അപർണയുടെ സീരിയലൊക്കെ കണ്ടു നോക്കിയപ്പോൾ വളരെ നന്നായി അഭിനയിക്കുന്ന കുട്ടിയാണെന്ന് തോന്നി. അന്ന് നായികമാരൊക്കൊ വലിയ പ്രതിഫലമാണ് ചോദിച്ചത്. പക്ഷേ ഞാൻ ഈ കുട്ടിയെ വിളിച്ച് ഒരു ടീച്ചറിന്റെ വേഷമുണ്ട് നമുക്ക് ഇത്രയാണ് തരാൻ പറ്റുന്നത് എന്ന് പറഞ്ഞു. അപർണ സന്തോഷത്തോടെ അഭിനയിക്കാൻ വരികയായിരുന്നു. തിരുവനന്തപുരത്തും പാലക്കാടും ആയിരുന്നു ഷൂട്ടിങ്. രണ്ടിടത്തും വന്ന് വളരെ നല്ല പെരുമാറ്റത്തോടെ ഞങ്ങൾക്ക് വലിയ പിന്തുണ തന്നു നിന്ന നടിയാണ് അപർണ.
നന്നായി അഭിനയിക്കുന്ന കുട്ടിയായിരുന്നു. പറഞ്ഞുകൊടുക്കുന്നത് എളുപ്പം മനസ്സിലാക്കി അതുപോലെ ചെയ്യും. സൈറ്റിൽ ഒന്നും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല, സമയത്ത് തന്നെ എത്തും. യാതൊരു അഹംഭാവവും ഇല്ലാത്ത നടി. സാമ്പത്തികമായ ചില പ്രശ്നങ്ങളുള്ളതായി അന്ന് തോന്നിയിട്ടുണ്ട്. എല്ലാവരുമായും വളരെ നന്നായിട്ടാണ് ഇടപെട്ടുകൊണ്ടിരുന്നത്. അധികം സംസാരിക്കാറില്ല. ഞങ്ങളോടൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. പക്വതയോടു കൂടി പെരുമാറുന്ന കുട്ടിയായിരുന്നു.
ഇന്ന് രാവിലെ നമ്മുടെ പടത്തിന്റെ എക്സിക്യൂട്ടീവ് വിളിച്ചു പറഞ്ഞപ്പോഴാണ് ഈ മരണവാർത്ത അറിയുന്നത്. എന്തിനാണ് ആ കുട്ടി ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. കേട്ടപ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടായത്. സാമ്പത്തികമായി പ്രതിസന്ധി ഉണ്ടെന്ന് തോന്നിയിരുന്നു എന്നോട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. കുടുംബപരമായി പ്രശ്നങ്ങളുണ്ടോ എന്ന് അറിയില്ല. അപർണയ്ക്ക് ഒരു സീരിയലിൽ ലീഡിങ് കഥാപാത്രം ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. അടുത്ത ആഴ്ച മുതലോ മറ്റോ ഷൂട്ട് തുടങ്ങേണ്ടതായിരുന്നു. ഇതിനിടയിൽ ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. അപർണയുടെ മരണവാർത്ത കേട്ടപ്പോൾ വലിയ ഷോക്ക് ആണ് ഉണ്ടായത്. സൗഹൃദങ്ങൾ നഷ്ടപ്പെടുന്നത് എന്നും വേദനയാണല്ലോ.’’– അജിതൻ പറയുന്നു.