എന്റേത് കർഷകപക്ഷം: ജയസൂര്യ പറയുന്നു
Mail This Article
ആദ്യമേ പറയട്ടെ; എനിക്കൊരു രാഷ്ട്രീയവുമില്ല. ഇടത്– വലത്– ബിജെപി രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല. കളമശേരിയിലെ കാർഷികമേളയിലേക്ക് എന്നെ വിളിക്കുന്നത് രാജീവേട്ടനാണ് (മന്ത്രി പി.രാജീവ്). കർഷകരുടെ എനിക്കറിയാവുന്ന ചില പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള ഒരു വേദിയാണ് അതെന്ന് എനിക്കു തോന്നിയത് അവിടെ കൃഷിമന്ത്രിയെക്കൂടി കണ്ടപ്പോഴാണ്. മന്ത്രി ആ ചടങ്ങിനുണ്ടെന്നു ഞാനറിയുന്നതുതന്നെ അവിടെയെത്തിയശേഷം മാത്രമാണ്. ഈ വിഷയം വേദിയിൽ പറയാതെ നേരിട്ടു ചർച്ച ചെയ്താലും അതു ലക്ഷ്യപ്രാപ്തിയിലെത്തണമെന്നില്ല. അത്തരമൊരു വിഷയം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഉന്നയിക്കേണ്ടതല്ല എന്നും തോന്നി.
എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ഞാൻ കൃഷികാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കർഷകർക്കു കിട്ടിയില്ല എന്ന് അദ്ദേഹം പറഞ്ഞാണ് ഞാനറിയുന്നത്. നിങ്ങളെപ്പോലുള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു.
കർഷകർ കഷ്ടപ്പെട്ട് വിളവിറക്കി കൊയ്തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്കു തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ ? എന്നിട്ടും എന്താണ് പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത് ? നമ്മളെ ഊട്ടുന്നവർക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.
അമേരിക്കയിലേക്കുള്ള ചില വെറൈറ്റി അരികളുടെ കയറ്റുമതി ഈയിടെ കേന്ദ്രം നിരോധിച്ചിരുന്നു. പുഴുങ്ങിക്കുത്തിയ അരിയുടെ കയറ്റുമതിക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. അരിയുടെ ലഭ്യത നാട്ടിൽ ഉറപ്പുവരുത്താനാണ് ഈ നടപടികളെന്നാണ് ഞാൻ മനസ്സിലാക്കിയത്. അപ്പോൾ അരിയുടെ പ്രാധാന്യം നമ്മുടെ സമൂഹത്തിൽ എത്രമാത്രം വലുതാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോഴും നെല്ല് കൃഷിചെയ്യുന്നവരെ നമുക്കു വിലയില്ല.
രണ്ടാമത്തെ വിഷയം പ്രസംഗത്തിൽ കൃഷിമന്ത്രി തന്നെ പറഞ്ഞു: പുതിയ തലമുറയ്ക്കു കൃഷിയോടു താൽപര്യമില്ലെന്ന്. സ്കൂളുകളിൽ ആരാകണം എന്നു ചോദിക്കുമ്പോൾ ഡോക്ടറും എൻജിനീയറും ആകണം എന്നു പറയുന്ന കുട്ടികളെ നമുക്കു കുറ്റപ്പെടുത്താൻ കഴിയുമോ? കൃഷികൊണ്ട് പലപ്പോഴും ഒന്നും നിവർന്നുനിൽക്കാൻപോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടുംചേറിലേക്കിറങ്ങാൻ എത്രപേർ സന്നദ്ധരാകും? തങ്ങളുടെ വിളകൾക്കു മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോൾ.
മൂന്നാമതു ചൂണ്ടിക്കാട്ടിയ കാര്യം പാലക്കാട്ട് ഞാൻ നേരിട്ടനുഭവിച്ചതാണ്. പുറത്തേക്കു കയറ്റി അയയ്ക്കുന്നത് ഫസ്റ്റ് ക്ലാസ് അരി; ഇവിടെ രണ്ടാംതരവും. നമുക്കു ഗുണപരിശോധനയില്ല എന്ന തീർപ്പിലാണ് ഇതെല്ലാം. കേരളത്തിലേക്കു വരുന്ന പച്ചക്കറികൾക്കു കൃത്യമായ ഗുണപരിശോധനാ സംവിധാനം പ്രായോഗികമായ രീതിയിലെങ്കിലും എവിടെയെങ്കിലും ഉണ്ടോ? ഓണത്തിനുവന്ന പച്ചക്കറികളിൽ രാസവിഷമാലിന്യത്തിന്റെ അളവുപരിശോധന എവിടെയെങ്കിലും നടന്നിട്ടുണ്ടോ?
കളമശേരി കാർഷികമേള സംഘാടനത്തിലും കർഷകന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിലും ഏറെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു. ആ വേദിയിൽ ഞാൻ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നു കരുതി മേളയുടെ മാറ്റു കുറയുന്നില്ല. എല്ലാ മണ്ഡലങ്ങളിലും അത്തരം മികച്ച വേദികൾ കർഷകനായി ഒരുക്കണമെന്ന കാര്യത്തിലും സംശയമില്ല.
ഒരിക്കൽക്കൂടി പറയട്ടെ: എനിക്കിതിൽ രാഷ്ട്രീയമില്ല, വ്യക്തികേന്ദ്രീകൃത വിമർശനമില്ല; കർഷകരുടെ വിഷയം മാത്രമാണ് പ്രസക്തം.