‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറി; ഓർമ നഷ്ടപ്പെട്ട്, ആരോരുമില്ലാതെ അവസാന കാലം
Mail This Article
ഒരിക്കൽ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെയായിരുന്നു ടി.പി. മാധവന്റെ അവസാന കാല ജീവിതം. ഒരിക്കൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവൻ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ഓർമകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നത്. അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന നടന് പഴയ ജീവിതമൊന്നും ഓർമകളിലും വന്നിരുന്നില്ല. ഗാന്ധിഭവനിൽ അദ്ദേഹത്തെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്, മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയിരുന്നത്.
‘ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു’ എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്. ‘സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല’ എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകൾ. ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകിയിരുന്നത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ആ മുറിയിലെ ഷോകേസിൽ വച്ചിരുന്നു. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ പുരസ്‌കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചതും.
സിനിമ വിട്ട് ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി. മാധവൻ അവിടെ തമാസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊൽക്കത്തയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയിരുന്നു. നാൽപതാമത്തെ വയസ്സിലാണ് നടൻ മധുവിനെ പരിചയപ്പെട്ടതും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിൽ അഭിനയിച്ചതും. സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പത്തുവർഷം പ്രവർത്തിച്ചു. അറുനൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ലായിരുന്നു.
പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാർ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ തിരക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയും അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങൾ ചെയ്തിരുന്നു. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിരുന്നത്. സഹപ്രവർത്തകരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നെങ്കിലും പിന്നീട് ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു അവസാന നാളുകളിൽ ആ പ്രതിഭ കഴിഞ്ഞിരുന്നത്.