അലൻസിയർ നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ട്: ധ്യാൻ ശ്രീനിവാസൻ
Mail This Article
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ. അലൻസിയർ നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നുവെന്നും പുരസ്കാരത്തെക്കുറിച്ച് അങ്ങനെയൊരു അഭിപ്രായമാണ് ഉണ്ടായിരുന്നതെങ്കിൽ അത് ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ധ്യാൻ പറയുകയുണ്ടായി. പുതിയ സിനിമയായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയവയെയാണ് ഈ വിഷയത്തിൽ ധ്യാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘‘അലൻസിയർ ചേട്ടൻ വളരെ അടുത്ത സുഹൃത്തും, ജ്യേഷ്ഠതുല്യനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്ക്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ അവാർഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോൾ ഈ കാര്യം പറയാൻ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.
സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്ന് ഷൈൻ ചെയ്യാൻ തോന്നും. അതുകൊണ്ട് തന്നെ അതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. അങ്ങനെയൊരു ചടങ്ങിൽ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് അദ്ദേഹത്തിനെതിരെ ആക്‌ഷൻ എടുക്കേണ്ടത്.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.