സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് വിജയ്; പോസ്റ്ററിന് വിമർശനം
Mail This Article
വിജയ്–സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളുമായി ‘ലിയോ’യുടെ പുതിയ പോസ്റ്റർ എത്തി. ശാന്ത ഭാവത്തിൽ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററിൽ കാണാം. ‘ശാന്തമായി യുദ്ധത്തിന് തയാറെടുക്കുക’ എന്ന സന്ദേശം ഇതിനു മുമ്പുള്ള പോസ്റ്ററിലൂടെ നൽകിയ നായകൻ ഇന്ന് ‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക’ എന്ന സന്ദേശം നൽകുന്നു.
അതേസമയം സമൂഹമാധ്യമങ്ങളിൽ പോസ്റ്ററിനു നേരെ വിമർശനവും ഉയരുന്നുണ്ട്. കെജിഎഫിൽ അധീര പോലുള്ള അതി ശക്തനായ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ദത്തിനെ പോസ്റ്ററിൽ കോമഡിയാക്കിയെന്നാണ് വിമർശനം. മാത്രമല്ല സഞ്ജയ് ദത്ത് ഈ സിനിമയിൽ ചെയ്യുന്ന ആന്റണി എന്ന കഥാപാത്രത്തിന്റെ വലിപ്പവും പ്രേക്ഷകർക്ക് നഷ്ടപ്പെടുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്.അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
ഡിഒപി: മനോജ് പരമഹംസ, ആക്‌ഷൻ: അൻപറിവ്, എഡിറ്റിങ്: ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം മൂവിസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ: പ്രതീഷ് ശേഖർ.