അങ്ങനെ 7 വർഷങ്ങൾക്കു ശേഷം ധ്രുവനച്ചത്തിരം റിലീസിന്; നവംബർ 24ന് തിയറ്ററുകളിൽ
Mail This Article
ചിയാൻ വിക്രമിന്റെ ആരാധകർ ‘കണ്ണിൽ എണ്ണ ഒഴിച്ച്’ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍. പേടിക്കേണ്ട, ഇത്തവണ ചിത്രം എന്തൊക്കെ സംഭവിച്ചാലും റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചുള്ള വരവാണ്. നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്.
2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഏഴ് വർഷങ്ങൾക്കു ശേഷം റിലീസിനെത്തുന്നത്. ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയതും ട്രോളായി സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തി കാണിക്കുന്നുണ്ട്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.
ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.