ADVERTISEMENT

കെ.ജി ജോർജിന്റെ സിനിമയിൽ അഭിനയിച്ച ഓർമകൾ പങ്കിട്ട് സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി. ദൂരദർശനുവേണ്ടി കെ.ജി ജോർജ് സംവിധാനം ചെയ്ത ഒരു യാത്രയുടെ അന്ത്യം എന്ന സിനിമയിലാണ് ശ്രീകാന്ത് മുരളി ആദ്യമായി അഭിനയിച്ചത്. ആ അനുഭവം ഒരിക്കൽ കെ.ജി ജോർജിന്റെ ജന്മദിനത്തിൽ സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു. 'ഇന്ത്യൻ സിനിമയിലെ ഒറ്റയാൻ' എന്നായിരുന്നു ശ്രീകാന്ത് മുരളി കെ.ജി ജോർജിനെ വിശേഷിപ്പിച്ചത്. 

 

ശ്രീകാന്ത് മുരളിയുടെ വാക്കുകൾ ഇങ്ങനെ: 

 

സാർ,

തിരുവല്ല ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന ആ ബസ് യാത്രയിലേയ്ക്ക് എന്നേക്കൂടി ഉൾപ്പെടുത്തിയതിന് നന്ദി..

കൂടിക്കാഴ്ചയ്ക്ക് അനുവാദം കിട്ടിയപ്പോൾ മനസ്സിൽ നിറയെ "സ്വപ്നാടനം" മുതൽ ഞാനതുവരെക്കണ്ട ഓരോ കെ.ജി ജോർജ് സിനിമകളേയും കുറിച്ചുള്ള ചിന്തകളും, അതിന്റെയൊക്കെ സൃഷ്ടാവിനെ നേരിൽ കാണാൻ പോകുന്നതിന്റെ ആകാംഷയുമായിരുന്നു.

തിരുവല്ലയിലെ അലങ്കാറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

"What is your basic intention..??

അഭിനയമോ, സംവിധാനമോ?? സിനിമയിൽ എന്താവാനാണ് ആഗ്രഹം??" എന്ന സാറിന്റെ ചോദ്യത്തിന് 

" I would like to work with you"

എന്നാണ് പെട്ടെന്നെന്റെ വായിൽവന്ന മറുപടി.

 "ഇതൊരു ബസ് യാത്രയാണ്, ഇതിലെ ധാരാളം യാത്രക്കാരിൽ ഒരാളായിക്കോളൂ."

പഞ്ചവടിപ്പാലവും, യവനികയും, ലേഖയുടെ മരണവും, ഇരകളുമൊക്കെ ഉത്ഭവിച്ച കഷണ്ടിയിലൊന്ന് ചൊറിഞ്ഞിട്ട് അദ്ദേഹം അടുത്ത കാര്യങ്ങളിലേക്ക് കടക്കുമ്പോൾ, ഞാൻ യാന്ത്രികമായി എഴുന്നേറ്റു മുറിയ്ക്കു പുറത്തേയ്ക്ക് കടന്നു.

ഷൂട്ടിങ് തുടങ്ങിയത് വീണ്ടും രണ്ട് മാസം കഴിഞ്ഞാണ്.

മേലില രാജശേഖരൻ (അസോഷ്യേറ്റ്), കിഷോർ തുടങ്ങിയവർ പറഞ്ഞനുസരിച്ച് ഒരേ പോലുള്ള രണ്ട് ഷർട്ടുകളും (ചുവപ്പിൽ കറുത്ത സ്ട്രിപ്സ് ഉള്ളത്, ദൂരെനിന്നാലും തിരിച്ചറിയണമല്ലോ.

ഒരു ജോഡി സ്വർണ്ണകസവുള്ള ഈർക്കിലിക്കരയൻ മുണ്ടും വാങ്ങി... പിന്നങ്ങോട് ഏതാണ്ട് ഇരുപത്തഞ്ച് ദിവസങ്ങൾ പോയതറിഞ്ഞില്ല...!! 

അപൂർവ്വമെങ്കിലും, കട്ടർ ബോർഡടുത്തു കൊടുക്കലും, ട്രാക്ക് ചുമക്കലും, ഫീൽഡ് ക്ലിയറൻസും, പാത്രങ്ങൾ സെറ്റ് ചെയ്യലും അടക്കം അല്ലറ ചില്ലറ പണികളുമൊക്കയായി ഞാനാ സെറ്റിൽ നിന്നു.

"ഡോ, ടോപ് ആംഗിൾ വൈഡ് ഷോട്ട് ആണ്.. ക്രെയിന്റെ മുകളിലിരുന്ന് ക്യാമറമാൻ വേണുവേട്ടൻ ഉറക്കെപ്പറഞ്ഞു.

"കൈയും, ശരീരവുമൊക്ക നല്ല പോലെ അനക്കി, ചങ്കത്തടിച്ചുകരഞ്ഞോണം, ഇല്ലേ, സിനിമ ഇറങ്ങുമ്പോ വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും ഇതിനാണോ നീ ഒരു മാസം സിനിമാന്നും പറഞ്ഞു പോയിക്കെടന്നത് ന്ന് ചോദിയ്ക്കും...മാനം പോവും, മനസ്സിലായോ??" ഞാൻ വേണുവേട്ടൻ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു.... 

താഴെ കൊടുത്തിട്ടുള്ളത് "ഒരു യാത്രയുടെ അന്ത്യം " എന്ന ദൂരദർശനുവേണ്ടി കെ.ജി ജോർജ് സർ ചെയ്ത സിനിമയിൽ ഞാനുള്ള രംഗങ്ങളുടെ സ്ക്രീൻ ഷോട്ട്സ് ആണ്....

ആക്കൊല്ലത്തെ ഞങ്ങളുടെ അയൽഗ്രാമമായ മുത്തോലപുരത്തെ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണഘോഷപരിപാടികളുടെ സമാപനസമ്മേളനം ഉൽഘാടനവും, വടം വലി, ചീട്ടുകളി, സൈക്കിൾ സ്ലോ റേസ്, കലം തല്ലിപൊട്ടിയ്ക്കൽ, ബ്രെഡ്‌ കടിയ്ക്കൽ, കണ്ണ് കെട്ടി കഴുതയുടെ വാല് വരയ്ക്കൽ, ചെസ്സ്, കാരംസ് തുടങ്ങിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും, നിർവ്വഹിച്ചത് ഒന്നിൽപ്പരം ചിത്രങ്ങളിൽ തലമുടി കാണിച്ച ഇലഞ്ഞി പഞ്ചായത്തിന്റെ അഭിമാനം മാസ്റ്റർ ശ്രീകാന്ത് ആയിരുന്നു...

അന്നുതുടങ്ങിയ യാത്രയിൽ ഇന്നുമെന്നും അഭിമാനത്തോടെ ഓർക്കും.. അത് ഞാനാണ്. 

 

English Summary: Sreekanth Murali About KG George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com