ADVERTISEMENT

എനിക്ക് ഏറെ അടുപ്പവും മതിപ്പുമുണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു കെ.ജി.ജോർജ്. മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായക പ്രതിഭകളിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. നൈസർഗികമായ വാസനയ്ക്കപ്പുറം, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രശസ്തമായ നിലയിൽ തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദാനന്തരബിരുദം നേടിയിരുന്ന ജോർജ് സിനിമയെന്ന കലാരൂപത്തിന്റെ മർമമറിഞ്ഞ വിദഗ്ധനായ ക്രാഫ്റ്റ്സ്മാൻ കൂടിയായിരുന്നു. പ്രേക്ഷകരോടൊപ്പം നിരൂപകരെയും അതിശയിപ്പിച്ച അപൂർവമായ കരവിരുതും കൃതഹസ്തതയുമാണ് ആദ്യചിത്രമായ ‘സ്വപ്നാടന’ത്തിൽ തന്നെ പ്രകടമാക്കിയത്.

 

‘സ്വപ്നാടന’ത്തിനു മുൻപ് അദ്ദേഹം രാമു കാര്യാട്ട് സംവിധാനം നിർവഹിച്ച ‘നെല്ലി’ന്റെ നിർമാണത്തിൽ പങ്കാളിയായിരുന്നു. സിനിമാവ്യവസായത്തിന്റെ ഉള്ളുകള്ളികൾ ഹൃദിസ്ഥമാക്കിയത് ആ കാലഘട്ടത്തിലായിരിക്കണം. ആ കാലത്താണ് ഞാൻ ജോർജിനെ ആദ്യമായി മദിരാശിയിൽ വച്ച് കാണുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നത്. സ്വപ്നാടനവിജയം ജോർജിനെ നയിച്ചത് ചലച്ചിത്ര വ്യവസായത്തിന്റെ രാജപാതയിലേക്കാണ്. തന്റെ ആദ്യചിത്രത്തിൽ ഒരു വക സമ്മർദങ്ങൾക്കു വഴങ്ങാതെയും അനുരഞ്ജനങ്ങൾക്കൊരുങ്ങാതെയും സ്വയം നയിച്ച ജോർജ് സാവധാനം പാതയാകെ പതിഞ്ഞുകിടന്നിരുന്ന പഴക്കങ്ങൾക്ക് അധീനനായത് എന്നെപ്പോലെയുള്ള അപൂർവം സുഹൃത്തുക്കളെ മാത്രമേ അലോസരപ്പെടുത്തിയുള്ളൂ എന്നു തോന്നുന്നു. അതേ സമയം, തുടർന്നുള്ള ഉദ്യമങ്ങളിലാവട്ടെ വ്യത്യസ്തനും വിദഗ്ധനുമായ ഒരു ചലച്ചിത്ര പ്രതിഭയെയാണ് പ്രേക്ഷകരും വ്യവസായികളും കണ്ടത്. പ്രമേയ സ്വീകാര്യത്തിലും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും ദൃശ്യശ്രാവ്യ സന്നിവേശങ്ങളിലും അസാധാരണമായ വൈവിധ്യവും നിരീക്ഷണപാടവവുമാണു ജോർജ് പ്രകടിപ്പിച്ചത്.

 

അനുഗൃഹീത നടനായ മമ്മൂട്ടി തുടക്കത്തിൽ പല ചിത്രങ്ങളിലും വലുതും ചെറുതുമായ റോളുകളിൽ അഭിനയിച്ചിരുന്നെങ്കിലും ഒരു നടനെന്ന നിലയിൽ വേണ്ടതുപോലെ ശ്രദ്ധിക്കപ്പെടുന്നത് കെ.ജി.ജോർജിന്റെ ‘മേള’യിലെ (1980) മരണക്കിണറിൽ മോട്ടർസൈക്കിൾ ഓടിക്കുന്ന പരുക്കൻ കഥാപാത്രത്തിന്റെ അവതരണത്തോടെയാണ്.

19 കഥാചിത്രങ്ങൾ ഒരുക്കിയ ജോർജ് തന്റെ കരിയറിൽ ഒരു വലിയ അബദ്ധം ചെയ്തു. 1998ൽ ‘ഇലവങ്കോടുദേശം’ എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. അതിന്റെ നിർമിതിയുമായി ബന്ധപ്പെട്ട് ചെയ്തതെല്ലാം തിരുത്താനാവാത്ത തെറ്റുകളായിരുന്നു. മേന്മകളൊന്നും പറയാനില്ലാത്ത ആ സിനിമയുടെ ദാരുണമായ പരാജയത്തിനുശേഷം മറ്റൊരു ചിത്രം നിർമിക്കാൻ ജോർജിന് കഴിഞ്ഞില്ല. 

 

വിപരീതദിശയിലേക്കുളള പ്രയാണമായിരുന്നു പിന്നീട്. ആസ്വാദർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയി. കെ.ജി.ജോർജിന്റെ വിയോഗം സൃഷ്ടിക്കുന്നത് മലയാള സിനിമയുടെ ഉന്നത ശ്രേണിയിലുളവാകുന്ന നികത്താനാകാത്ത വിടവുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com