സൂര്യ പിന്മാറിയ ബാലയുടെ ‘വണങ്കാൻ’; പകരം അരുൺ വിജയ്; ഫസ്റ്റ്ലുക്ക്
Mail This Article
അരുൺ വിജയ്‌യെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നേരത്തെ സൂര്യയെ നായകനാക്കി ബാല ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. എന്നാൽ പിന്നീട് സൂര്യ ഈ സിനിമയിൽ നിന്നും പിന്മാമാറിയിരുന്നു.തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം. സമൂഹമാധ്യമങ്ങളിലൂടെ ബാല തന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തുവരുകയും ചെയ്തു.
‘‘എന്റെ സഹോദരൻ സൂര്യയ്ക്കൊപ്പം വണങ്കാൻ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാൻ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്. ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് 'വണങ്കാൻ' എന്ന സിനിമയിൽ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. അതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താൽപര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. 'നന്ദ'യിൽ ഞാൻ കണ്ട സൂര്യയെയും 'പിതാമഹാനി'ൽ ഞാൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം 'വണങ്കാൻ' ചിത്രീകരണം തുടരും. ’’– ബാല ട്വിറ്ററിൽ കുറിച്ചു.
18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്സ്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
അതേസമയം അരുൺ വിജയ് ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും അഭിനയപ്രാധാന്യമേറിയ വേഷമാകും വണങ്കാനിലേത്. റോഷ്നി പ്രകാശ് ആണ് നായിക. സമുദ്രക്കനി, മിഷ്കിൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ജി.വി. പ്രകാശ്.