മറ്റൊരു ചലച്ചിത്രകാരന്റെയും മനസ്സിലുദിക്കാത്ത കഥാംശം; കെ.ജി. ജോർജ് എന്ന വിസ്മയം
Mail This Article
അങ്ങനെ എന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.ജി. ജോർജ് സാറും പോയി. എന്താണാവോ 2023 –നെ മരണം ഇങ്ങനെ വിടാതെ പിന്തുടരുന്നത്? നമ്മുടെ എത്രയെത്ര അതുല്യ പ്രതിഭകളെയാണ് മരണം ഒരു ചോദ്യവും ചൊല്ലുമില്ലാതെ ഒരു കള്ളനെപ്പോലെ കടന്നു വന്ന് കവർന്നെടുത്തുകൊണ്ട് പോകുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതിയ ഭാവുകത്വ പരിണാമവുമായി കടന്നു വന്ന എക്കാലത്തെയും മികച്ച ചലച്ചിത്രകാരനെന്ന് ഇന്ത്യ മുഴുവനും ഒരേപോലെ വാഴ്ത്തി പാടിയിരുന്ന ജോർജ് സാറിനേയും മരണം കൊണ്ടു പോയിരിക്കുന്നു. നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ചില വ്യക്തിത്വങ്ങള്‍ വിട്ടു പോകുമ്പോൾ എന്റെ മനസ്സ് അറിയാതെ ഇങ്ങനെ മന്ത്രിക്കാറുണ്ട്, സാഹിത്യത്തിലും സിനിമയിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള മഹദ് വ്യക്തിത്വങ്ങൾക്ക് മരണം ഉണ്ടാവാൻ പാടില്ലെന്ന്. അഥവാ മരണത്തിന്റെ കൂടെ പോയാൽ തന്നെ ഇടയ്ക്കിടെക്ക് ഒന്നു രണ്ടു ദിവസം അവധിയെടുത്ത് മഹാബലിയെപ്പോലെ നാട്ടിൽ വന്നു എല്ലാവരെയും കണ്ടു പോകണം. പക്ഷെ പോയവരാരും എന്തോ ഇങ്ങോട്ടു തിരിച്ചു വരാൻ ഒട്ടും താൽപര്യം കാണിക്കുന്നില്ല. മരണം അത്ര മനോഹരമായതുകൊണ്ടായിരിക്കും പോയവർ തിരിച്ചു വരാത്തത്.
മലയാള സിനിമയിലെ എൺപത് കാലഘട്ടത്തിലെ പ്രതിഭകൾ ഓരോരുത്തരായി അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു തലമുറ ഓർമയായി മാറാൻ പോവുകയാണോ?
ഇനി ഞാനും ജോർജ് സാറുമായുള്ള ഊഷ്മളമായ ബന്ധത്തിലേക്ക് വരാം. ജോർജ് സാറിന്റെ ‘സ്വപ്നാടന’ ത്തിന്റെ വരവോടെയാണ് മധ്യവർത്തി സിനിമ എന്ന ഒരു പദപ്രയോഗം തന്നെ മലയാളത്തിലുണ്ടായതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് ഭരതനും മോഹനും പത്മരാജനും ലെനിൻ രാജേന്ദ്രനുമൊക്കെ വരുന്നത്. വളരെ വിരസമായ ആർട് സിനിമകളും തട്ടുപൊളിപ്പൻ മസാല ചിത്രങ്ങളും കണ്ട്, മനംമടുത്തിരുന്ന മലയാളി പ്രേക്ഷകനു ഒരു വാജീകരണൗഷധം പോലെയായിരുന്നു ഈ മധ്യവർത്തിസിനിമകൾ. മലയാള സിനിമയുടെ യൗവ്വന കാലത്തിൽ ഒരു ഊർജപ്രവാഹമായി ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന ചലച്ചിത്രകാരനായിരുന്നു ജോര്‍ജ് സാർ.
അദ്ദേഹം ചെയ്ത കോലങ്ങൾ, മേള, ഉള്‍ക്കടൽ, മണ്ണ്, രാപ്പാടികളുടെ ഗാഥ, പഞ്ചവടിപ്പാലം, യവനിക, ഇരകൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും മലയാളികള്‍ക്ക് പുതിയൊരനുഭവമായിരുന്നു. പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയെല്ലും ഇരകളും മറ്റൊരു ചലച്ചിത്രകാരന്റെയും മനസ്സിലുദിക്കാത്ത കഥാംശമാണ്. സിനിമാ പാരമ്പര്യത്തിന്റെ വഴികൾ വിട്ട് പുതിയ പ്രവണതകൾ തേടുന്ന ഒരു സംവിധായകന്റെ കയ്യൊപ്പു ചാർത്തിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം തന്നെ. അതുകൊണ്ടായിരിക്കും അതുല്യനടനായ തിലകൻ ഇങ്ങനെ പറഞ്ഞത്
‘‘കെ.ജി. ജോർജെന്ന ചലച്ചിത്രകാരൻ ഇവിടെ ജനിക്കേണ്ട ആളല്ല. ആ ജീനിയസ്സിനു വേണ്ട അംഗീകാരവും, ആദരവും നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നൽകിയിട്ടില്ല.’’
എത്ര അന്വർഥമായ വാക്കുകളാണ് കെ.ജി. ജോർജ് എന്ന പ്രതിഭയെക്കുറിച്ച് തിലകന്‍ പറഞ്ഞത്.
ജോർജ് സാറിനെ ഞാൻ ആദ്യമായി കാണുന്നത് 1977 ലാണ്. ‘സ്വപ്നാട’നത്തിനു ശേഷം പുതിയ സിനിമയുടെ ഡിസ്ക്കഷനു വേണ്ടി എറണാകുളത്തെത്തിയപ്പോഴാണ് ആ കൂടിക്കാഴ്ചയുണ്ടായത്. ജോർജ് സാർ അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങൾ നടത്തുന്ന ചിത്രപൗർണമി സിനിമാ വാരികയ്ക്കു വേണ്ടി ഒരു ഇന്റർവ്യൂ തരപ്പെടുത്താനായി അദ്ദേഹം താമസിക്കുന്ന മാതാ ടൂറിസ്റ്റു ഹോമില്‍ ചെന്നപ്പോൾ ഭാഗ്യത്തിന് അദ്ദേഹം മുറിയിലുണ്ടായിരുന്നു.
ഞാൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ആഗമനോദ്ദേശം അറിയിച്ചു. സ്വപ്നാടനത്തിന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ച ശേഷം ചിത്രത്തെക്കുറിച്ചുള്ള ഒരു വിശകലനം കൂടി ഞാൻ നടത്തി. ജോർജ് സാർ എല്ലാം കേട്ടുകൊണ്ടിരുന്നു. അദ്ദേഹം അധികം വാചാലനാകാതെ ആവശ്യമുള്ള വാക്കുകൾ മാത്രമേ പുറത്തേക്കു വിട്ടുള്ളൂ. പിന്നെ പിന്നെ അപരിചിതത്വത്തിന്റെ അകലം കുറഞ്ഞു വന്നപ്പോൾ കൊച്ചു കൊച്ചു വാചകങ്ങളിലൂടെ തന്റെ സിനിമാ സങ്കൽപ്പങ്ങളെക്കുറിച്ചും ലോക സിനിമയെക്കുറിച്ചുമൊക്കെ വളരെ മിതമായ ഭാഷയില്‍ പറയഞ്ഞു തുടങ്ങി. തന്റെ ചെറിയ താടിയിൽ മെല്ലെ തടവിക്കൊണ്ട് സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ തേന്മൊഴികൾ കേട്ട് ഞങ്ങൾ അദ്ഭുതംകൂറിയിരുന്നു. ഞങ്ങൾ സംസാരിച്ചിരുന്ന് ഒന്നര മണിക്കൂർ സമയം പോയത് അറിഞ്ഞതേയില്ല.
ഞങ്ങൾ അൽപസമയം കൂടി അവിടെ ഇരുന്ന ശേഷം യാത്ര പറഞ്ഞിറങ്ങി. ജോർജ് സാറിന്റെ മൗലികമായ സർഗാത്മകതയും കള്ളത്തരമില്ലാത്ത പെരുമാറ്റവും അദ്ദേഹത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുകയായിരുന്നു. ആ സ്നേഹ ചൂടിൽ നിന്നാണ് എന്റെ ആദ്യത്തെ സിനിമാക്കഥയായ, ഐ.വി. ശശി സംവിധാനം ചെയ്ത ‘അനുഭവങ്ങളെ നന്ദി’ യുടെ നിർമാതാക്കളെ കൊണ്ട് ഞാൻ ‘രാപ്പാടികളുടെ ഗാഥ’ എന്ന ചിത്രം എടുപ്പിക്കുന്നത്. പത്മരാജന്റേതായിരുന്നു തിരക്കഥ. അന്നത്തെ കലൂർ ഇന്റർനാഷനല്‍ ഹോട്ടലിലിരുന്നാണ് പത്മരാജൻ തിരക്കഥയും, സംഭാഷണവും എഴുതിയത്.
ഞാൻ മിക്ക ദിവസവും വൈകുന്നേരങ്ങളിൽ ജോർജ് സാറിനെയും പത്മരാജനെയും കാണാൻ പോകുമായിരുന്നു. പത്മരാജൻ തിരക്കഥ എഴുതുന്നത് ഞാൻ നോക്കിയിരിക്കും. ഞാനന്ന് സിനിമയിലൊന്നും വന്നിട്ടില്ല. വളരെ ഡീറ്റെയിലായിട്ടുള്ള തിരക്കഥയായിരുന്നു അദ്ദേഹത്തിന്റേത്. രാത്രി ഏഴു മണിയാകുമ്പോൾ ജോർജ് സാർ പത്മരാജന്റെ മുറിയിലേക്കു വരും. പിന്നെ കുറെ നേരം ഇരുന്ന് സ്ക്രിപ്റ്റ് ഡിസ്കഷനാണ്. ജോർജ് സാർ സജഷൻസ് പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്. തിരക്കഥാകൃത്തിന് യാതൊരു നീരസവും തോന്നാത്ത രീതിയിലുള്ള പ്രത്യേക ശൈലിയിലുള്ള വാചക മൊഴിയായിരുന്നു അദ്ദേഹത്തിന്റേത്.
‘‘ങാ പപ്പാ, ആ ഡയലോഗ് വളരെ നന്നായിട്ടുണ്ട്. ഇനി ഈ ഡയലോഗ് അവിടെ വേണമെന്നില്ല ങാ’.’
രാത്രി എട്ടു മണി കഴിഞ്ഞാൽ ഡിസ്ക്കഷൻ നിർത്തും. പിന്നെ ഇരുവരും മദ്യപാനത്തിലേക്കു കടക്കും. ഞാൻ മദ്യപിക്കാതിരിക്കുന്നതു കണ്ട് ജോർജ് സാർ പറയും.
‘‘പപ്പാ, ഈ ഡെന്നിസ് സത്യക്രിസ്ത്യാനികൾക്ക് തന്നെ ഒരപമാനമാണ്. അല്പം മദ്യം ബോധത്തെ തെളിക്കും എന്നല്ലേ ക്രൈസ്റ്റ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രൻ ഒന്നും കാണാതെ വെറുതെ ഒന്നും പറയില്ല.’’ എന്നു പറഞ്ഞ് ഒരു ജോർജിയൻ സ്റ്റൈലിൽ അദ്ദേഹം ചിരിക്കും. അതിരുവിട്ടുള്ള ജൽപനമൊന്നും നടത്താതെ സ്നേഹത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമൊക്കെ വാചാലനാകും.
‘രാപ്പാടികളുടെ ഗാഥ’കളുടെ ഷൂട്ടിങ് എറണാകുളത്തു വച്ചായിരന്നു. ഷൂട്ടിങിന് മിക്ക ദിവസങ്ങളിലും ഞാൻ പോകുമായിരുന്നു. സോമനും വിധുബാലയുമായിരുന്നു നായികാനായകന്മാർ. മയക്കു മരുന്നിന് അടിമയായ ഒരു പെൺകുട്ടിയുടെ ജീവിത കഥയായിരുന്നു രാപ്പാടികളുടെ ഗാഥ. അന്നത്തെക്കാലത്ത് അധികമാരും അറിയാത്ത ഒരു വിഷയമായിരുന്നതുകൊണ്ട് ചിത്രം കലാപരമായി ഉന്നത നിലവാരം പുലർത്തിയെങ്കിലും സാമ്പത്തികമായി അത്ര വിജയിച്ചില്ല. എന്നാൽ ആ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കാൻ അതിനു കഴിഞ്ഞു.
തുടർന്ന് ജോർജ് സാർ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാചിത്രങ്ങളുമായി വന്ന് വീണ്ടും മലയാള സിനിമയിൽ പുതു വസന്തം വിതറിക്കൊണ്ടിരുന്നു. വേറിട്ട ഒരു ചലച്ചിത്ര സംസ്ക്കാരത്തിന്റെ വരവറിയിപ്പായിട്ടാണ് ഈ ചിത്രങ്ങളെയെല്ലാം ജനം കണ്ടത്.
പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം വന്ന ഒന്നു രണ്ടു ചിത്രങ്ങൾ അദ്ദേഹത്തിന്റെ യശ്ശസ്സിന് മങ്ങലേൽപിക്കുന്നവയായിരുന്നു. ആ ചിത്രങ്ങളുടെ പരാജയം അദ്ദേഹത്തെ വല്ലാതെ തളർത്തി. അതോടെ ഇനി ഒരാളുടെയും നിർബന്ധത്തിനു വഴങ്ങി ഇതേമാതിരിയുള്ള സിനിമകൾ ചെയ്യില്ലെന്നുള്ള തീരുമാനത്തിലത്തുകയും ചെയ്തു. അതെത്തുടർന്ന് കുറച്ചു കാലം അദ്ദേഹം ഒരു സിനിമയും ചെയതില്ല.
ഈ സമയത്താണ് ഞങ്ങളുടെ ‘മാക്ട’യുടെ ചെയർമാനായി അദ്ദേഹത്തെ അവരോധിക്കുന്നത്. അന്ന് അദ്ദേഹം തിരുവനന്തപുരത്താണ് താമസിക്കുന്നത്. മാക്ട എക്സിക്യൂട്ടീവ് കമ്മറ്റിയിയിൽ പങ്കെടുക്കാനായി രാവിലെ അഞ്ചരമണിക്ക് തിരുവനന്തപുരത്തു നിന്നും ട്രെയിനിൽ കയറി കൃത്യം പത്തുമണിയോടെ ഓഫിസിലെത്തും. മീറ്റിങും കഴിഞ്ഞു വൈകിട്ടുള്ള വേണാട് എക്സ്പ്രസിൽ തിരിച്ചു പോവുകയും ചെയ്യും. അതൊരു റൂട്ടീൻ പോലെയായിരുന്നു. ആ കാലയളവിലാണ് ഞാനും ജോർജ് സാറുമായി കൂടുതൽ സൗഹൃദമുണ്ടാകുന്നത്. വലിയൊരു ചലച്ചിത്രകാരനാണെന്നുള്ള അഹങ്കാരമോ ഗർവോ ഒന്നും പ്രകടിപ്പിക്കാതെ സഹജീവികളോടുള്ള അദ്ദേഹത്തിന്റെ തുറന്ന സമീപനം കണ്ടു ഞാൻ അദ്ഭുതംകൂറി നിന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ ജീവിതം തുറന്നൊരു പുസ്തകം പോലെയായിരുന്നു. നമ്മൾ കൂടുതൽ അടുക്കുമ്പോഴാണല്ലോ ഓരോ വ്യക്തികളുടെയും ഗുണഗണങ്ങളെക്കുറിച്ച് അറിയുന്നത്. രഹസ്യമായി വയ്ക്കേണ്ട സ്വകാര്യ അനുഭവങ്ങളാണെങ്കിലും, സ്വന്തം ഉന്മാദങ്ങളെക്കുറിച്ചും ശരി തെറ്റുകളെക്കുറിച്ചുമൊക്കെ യാതൊരു ഒളിമറയുമില്ലാതെ നിർഭയം തുറന്നു പറയാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല. ഈഗോയോ ബാഡ് ഫീലിങ്സോ ഒന്നും പ്രകടിപ്പിക്കാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ജീവിതമെന്ന മോഹിപ്പിക്കുന്ന ഗന്ധത്തിന്റെ പുറകെ പോയി എല്ലാം വെട്ടിപ്പിടിക്കണമെന്ന അമിതാഗ്രഹങ്ങളൊന്നും ഇല്ലാത്ത മഹാനായ ഈ ചലച്ചിത്രകാരനെപ്പോലെ മറ്റൊരാളേയും എന്റെ ജിവിതത്തില്‍ ഞാൻ വേറെ കണ്ടിട്ടില്ല.
വർഷങ്ങള്‍ കടന്നു പോയപ്പോൾ നല്ലവനായ ജോർജ് സാറിന്റെ ശരീരത്തിലേക്ക് രോഗങ്ങളുടെ അണുക്കൾ പൊടുന്നനെയാണ് കടന്നു കയറിയത്. അദ്ദേഹം ആശുപത്രിയിലായി.
എന്നാലും അദ്ദേഹം രോഗാവസ്ഥയിൽ നിന്നും തിരിച്ചു വന്ന് വീണ്ടും പുതിയ പുതിയ കഥകളുമായി ഒരു മൂന്നാം അങ്കത്തിനു വേണ്ടി സിനിമയുടെ വട്ടാരത്തിലേക്ക് വരുമെന്നാണ് ഞാൻ കരുതിയത്. ഇല്ല, അദ്ദേഹത്തിന് വരാനാവില്ല. മരണം അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. വിധിയെ കീഴടക്കാൻ ഒരു അത്യന്താധുനികതയ്ക്കും കഴിയില്ലല്ലോ!!