തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവ്; ബോളിവുഡ് ഈ വർഷം വാരിയത് 5000 കോടി; കോടിപതികളായി ഷാറുഖും സണ്ണി ഡിയോളും
Mail This Article
ബോളിവുഡ് സിനിമകളുടെ കഷ്ടകാലം അവസാനിക്കുന്നുവോ? ജവാനും ഗദർ 2ഉം നൽകുന്നത് പ്രേക്ഷകർ തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളാണ്. റോക്കി ഓർ റാണി കി പ്രേം കഹാനി, ഓ മൈഗോഡ് തുടങ്ങിയ സിനിമകളും ബോക്സ് ഒാഫിസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയതിന് പിന്നാലെ ജവാൻ ആയിരം കോടിയും കടന്ന് കുതിപ്പ് തുടരുമ്പോൾ ബോളിവുഡിനിത് ആഘോഷമായി മാറുകയാണ്. ഒരേ വർഷം തന്നെ 2 സിനിമകൾ 1000 കോടി ക്ലബിലെത്തിച്ച് കിങ് ഖാൻ തന്റെ 57ാം വയസ്സിലും താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചു.
അടുത്തടുത്ത ആഴ്ചകളിലാണ് റോക്കി ഓർ റാണി കി പ്രേം കഹാനി, ഓ മൈഗോഡ് 2, ഗദർ 2 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തത്. 3 സിനിമകളുടെ വിജയത്തിന് ശേഷമാണ് ഷാറുഖ് ഈ വർഷത്തെ തന്റെ രണ്ടാമത്തെ ചിത്രമായി ജവാൻ റിലീസ് ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ താൻ തന്നെയാണെന്നുറപ്പിക്കുന്ന വലിയ വിജയവും അദ്ദേഹം ഈ ചിത്രത്തിലൂടെ നേടി. ഈ വർഷം ആദ്യം റിലീസ് ചെയ്ത പഠാന് ശേഷം എത്തിയ ജവാൻ ആദ്യദിന കലക്‌ഷനിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഇനിഷ്യൽ കലക്ഷനായ 129 കോടിയും ചിത്രം സ്വന്തമാക്കി. ലോകവ്യാപകമായി പതിനായിരം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തെന്നിന്ത്യൻ സിനിമകളെ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന കിങ് ഖാൻ ദക്ഷിണേന്ത്യൻ സിനിമകളുടെ വിജയഫോർമുല തന്നെയാണ് അതിനായി ഉപയോഗിച്ചതും.
സംവിധാനം ചെയ്ത സിനിമകളെല്ലാം വിജയിപ്പിച്ച തമിഴ് സംവിധായകൻ അറ്റ്‌ലിയെ അതിനായി നിയോഗിക്കുകയും പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്തു. അവസാന 3 സിനിമകൾ പരാജയപ്പെട്ടതോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്ന ഷാറുഖ് തന്റെ തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കുകയാണ് ഈ തിരിച്ചുവരവിലൂടെ. കരിയറിലാദ്യമായി തല മൊട്ടയടിക്കുകയും പൊലീസ് യൂണിഫോം അണിയുകയും ചെയ്ത താരം പ്രകടനം കൊണ്ടും ആരാധകരെ അമ്പരിപ്പിച്ചു.
ഹിന്ദി സിനിമാ പ്രേക്ഷകർക്ക് അപരിചിതവും കോളിവുഡിന് പരിചിതവുമായ വഴിയിലൂടെയാണ് അറ്റ്ലി തനിക്ക് കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയത്. വില്ലനായി വിജയ് സേതുപതി, നായികയായി നയൻതാര, അതിഥി താരങ്ങളായി ദീപികയും സജ്ഞയ് ദത്തും. ഇതിനൊപ്പം അനിരുദ്ധിന്റെ സംഗീതവും ചേർത്ത് വലിയൊരു വിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് ഒരുക്കിയത്. ചിത്രം റിലീസ് ചെയ്ത് 18 ദിവസങ്ങൾക്കുള്ളിൽ ആയിരം കോടിയും കടന്ന് കുതിക്കുകയാണ്. ഷാറുഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായും ചിത്രം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഠാനെ വെട്ടി ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരിപ്പടമായും ജവാൻ മാറി. ഈ വർഷം ഡിസംബറിൽ താൻ ഭാഗമായ മൂന്നാമെത്ത ചിത്രവും റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കിങ് ഖാൻ.
ജവാൻ എത്തുന്നതിന് മുൻപ് റിലീസായ സണ്ണി ഡിയോൾ ചിത്രം ഗദർ 2 സർപ്രൈസ് ഹിറ്റായി മാറിയതും ഇതോടു കൂട്ടിവായിക്കേണ്ടതാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു കാലത്തെ പവർ സ്റ്റാർ തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയിപ്പോൾ ആദ്യം ചിത്രം വിതരണം ചെയ്യാൻ പോലും ആളുകൾ ഉണ്ടായിരുന്നില്ല. 80 കോടി രൂപ മുതൽമുടക്കിലെടുത്ത ചിത്രം ഏറ്റവും വേഗത്തിൽ 500 കോടി ക്ലബിലെത്തുകയും ചെയ്തു. ജവാൻ അത് തകർത്തെങ്കിലും ആരും പ്രതീക്ഷിക്കാത്ത വലിയ വിജയമാണ് ചിത്രം നേടിയത്. സൽമാന്റെ 'കിസി കാ ഭായ് കിസി കാ ജാൻ' ഉൾപ്പെടെ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് മുൻകാല നായകൻ തന്റെ സിനിമയുമായി എത്തിയതും വലിയ വിജയം നേടിയതും.
ആലിയ ഭട്ട്, രൺവീർ സിങ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോക്കി റാണി ഓർ പ്രേം കഹാനി 300 കോടി രൂപ ശേഖരിക്കുകയും തങ്ങളുടെ താരമൂല്യത്തിന് തെല്ലും കുറവ് വന്നിട്ടില്ലെന്നും തെളിയിച്ച വർഷം കൂടിയാണിത്. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രം യുവാക്കളാണ് ഏറ്റെടുത്തത്. തുടർപരാജയങ്ങൾക്കും തിരിച്ചടികൾക്കും ശേഷം അക്ഷയ് കുമാറിനെയും ബോക്സ് ഒാഫിസ് അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ‘ഓ മൈ ഗോഡ് 2വി’ന് തരക്കേടില്ലാത്ത പ്രതികരണം നേടാനായി. 210 കോടി രൂപയാണ് ചിത്രം കലക്റ്റ് ചെയ്തിരിക്കുന്നത്. രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാസ്ത്രയാണ് മറ്റൊരു വിജയചിത്രം.
2023ൽ പുറത്തിറങ്ങിയ പണംവാരി സിനിമകളുടെ ആഗോള കലക്‌ഷൻ ഇതുവരെ
പഠാൻ: 1050 കോടി
ജവാൻ: 1028 കോടി
ഗദർ 2: 690 കോടി
ആദിപുരുഷ്: 350 കോടി
റോക്കി ഓർ റാണി കി പ്രേം കഹാനി: 347 കോടി
ഓ മൈ ഗോഡ് 2: 221 കോടി
ദ് കേരള സ്റ്റോറി: 303 കോടി
തു ജൂത്തി മേം മക്കർ: 220 കോടി
കിസി കി ഭായി കിസി കാ ഭായ്ജാൻ: 182 കോടി
ഡ്രീം ഗേൾ 2: 137 കോടി
കോവിഡിന് പിന്നാലെ തിയറ്ററുകളിൽ നിന്ന് അകന്ന് നിന്ന പ്രേക്ഷകർ തിരിച്ച് വന്നതിന്റെ ലക്ഷണമാണ്. ഒരു കാലത്ത് ഇന്ത്യൻ സിനിമാ വ്യവ്യസായത്തിന്റെ നട്ടെല്ലായി നിന്ന ബോളിവുഡ് സിനിമകളാണ് കോവിഡ്കാലത്തിന് ശേഷം നിലം പതിച്ചത്. ദക്ഷിണേന്ത്യൻ സിനിമകൾ ബോക്സ് ഒാഫിസിനെ പിടിച്ചുകുലുക്കുകയും ചെയ്തു. അതിൽ പലതും, ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് ലോകവ്യാപകമായി ഏറ്റെടുക്കുകയും ചെയ്തു. രാജമൗലി ഒരുക്കിയ ആർആർആർ, ബാഹുബലി എന്നിവയും പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫും ഇത്തരത്തിൽ വലിയ ഹിറ്റുകളായി മാറി. ഇതിനൊപ്പം കമൽഹാസന്റെ വിക്രവും, ഋഷഭ് ഷെട്ടിയുടെ കാന്താരയും ബോക്സ് ഒാഫിസിൽ അദ്ഭുതങ്ങൾ തീർത്തു. ഇതെല്ലാം കണ്ട് പകച്ച് നിന്ന രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികൾക്കെല്ലാം ആശ്വാസമാകുകയാണ് ബോളിവുഡ് സിനിമകളുടെ വലിയ വിജയങ്ങൾ