രജനികാന്ത് തിരുവനന്തപുരത്ത്; പുതിയ ചിത്രം ബ്രഹ്മാണ്ഡമെന്ന് താരം
Mail This Article
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സ്റ്റൈൽ മന്നൻ രജനികാന്ത് തിരുവനന്തപുരത്ത് എത്തി. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.
കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.
സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് െചന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.
ജയ് ഭീമിനു ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷകൾ വാനോളമാണ്. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.