ADVERTISEMENT

പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായി നടി കനകലതയെ സന്ദർശിച്ച് നടന്‍ അനീഷ് രവി. തന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ തന്റെ പേര് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു. കനകലതയുടെ സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ് നോക്കുന്നതെന്നും അനീഷ് പറഞ്ഞു.

അനീഷ് രവിയുടെ വാക്കുകൾ:

ഒരു പകലിന്റെ രണ്ടു പകുതികൾ. ഇന്നലെ 07/10/2023 ശനിയാഴ്ച്ച വർഷങ്ങൾക്കു ശേഷം ഇന്നലെ രാവിലെ വീണ്ടും ദൂരദർശൻ കേന്ദ്രത്തിലേയ്ക്ക്. കലയും കാലവും  എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കൽക്കൂടി രഞ്ജിത്തേട്ടനൊപ്പം. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു, നാളുകൾക്ക് ശേഷം തറവാട്ടിലേക്ക് വരുമ്പോൾ ബന്ധുമിത്രാദികൾ ചുറ്റും കൂടി കുശലാന്വേഷണം നടത്തുന്ന ഒരു പ്രതീതി എല്ലാവരോടും സ്നേഹം പങ്കുവച്ച് ദൂരദർശൻ കേന്ദ്രത്തിന്റെ അകത്തളങ്ങളിലൂടെ അങ്ങനെ നടക്കുമ്പോ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു പതിനാലാം നൂറ്റാണ്ടിൽ തെക്കൻ തിരുവിതാം കൂറിൽ രൂപം കൊണ്ട കഥാകഥനം വിൽപാട്ട് ..!

വില്ലടിച്ചാൻ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിയ്ക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങൾ. പുനലൂർ പിള്ള സർ, കലൈ ഗ്രാമണി അയ്യപ്പൻ അവർകൾ, തോന്നയ്ക്കൽ മണികണ്ഠൻ ചേട്ടൻ, ഭാഷാ പണ്ഡിതൻ തോട്ടം ഭുവനേശ്വരൻ നായർ  തുടങ്ങിയ പ്രതിഭകൾക്കൊപ്പം അവരുടെ അറിവിന്റെ, അനുഭവ സമ്പത്തിന്റെ ആത്മാർപ്പണത്തിന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങൾ ....

അയ്യപ്പൻ സർ അനുഷ്ടാന കലയായ തമിഴ് വിൽപാട്ടിനെ പറ്റി വാചാലനാകുമ്പോൾ ..തൊട്ടടുത്ത് വിൽപാട്ട് എന്ന ജനകീയ കലയെ കുറിച്ചു രസ ചരടിൽ കോർത്ത് 78 കാരനായ പിള്ള സാർ  ചുറുചുറുക്കോടെ പറഞ്ഞു തുടങ്ങും. അപ്പോഴേയ്ക്കും ഒപ്പമിരുന്ന ഞങ്ങളെ മുഴുവൻ അത്ഭുതപ്പെടുത്തികൊണ്ട് ദാനധർമ്മിയായ കർണ്ണന്റെ കഥ പറഞ്ഞ് മണികണ്ഠൻ ചേട്ടൻ ഞങ്ങളുടെ മുഴുവൻ കണ്ണു നനയിച്ചു. ഭാഷയുടെ മനോഹരമായ പദസമ്പത്തുകൊണ്ട് തോട്ടം സർ ഞങ്ങളുടെ ഒക്കെ മനസിൽ പുതിയ വെളിച്ചം വിതറി 

അങ്ങനെ കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങൾ. മംഗളം പാടി വിൽപ്പാട്ടു ചരിതം അവസാനിപ്പിയ്ക്കുമ്പോ വല്ലാത്ത ഒരാത്മ സംതൃപ്തി ...നന്ദി ദൂരദർശൻ കേന്ദ്രംനന്ദി പ്രിയപ്പെട്ട രഞ്ജിത്തേട്ടൻ ..!

ഇനി രണ്ടാം പകുതി...ഷൂട്ട് കഴിഞ്ഞ് നേരെ പൊറ്റയിലേയ്ക്ക് (മങ്കാട്ടു കടവിന് സമീപം )അവിടെ കനകം എന്ന വീട്ടിലേയ്ക്ക്. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന്  ചിലർ ചിലപ്പോ പറയാറുണ്ട് എന്നാൽ. എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടി ഉണ്ട്. പരസ്പരം കാണുമ്പോൾ ഒന്നും പറയാതെ തന്നെ  കണ്ണുകളിൽ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത് . ഇന്നലെ ഞാൻ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീർക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീർത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു, ‘അ നീ ..ശ് ഷ്’ 

എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേർന്ന് പിടിച്ചെഴുന്നേൽപിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങൾ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങൾ. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകൾ. ഈ ദിവസത്തിന്റെ രണ്ടാം പകുതിയിൽ 

വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓർമകൾ വർഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാൻ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത് 

സ്റ്റേജിൽ ഡാൻസ് കളിയ്ക്കുന്നത് സ്കിറ്റ് കളിയ്ക്കുന്നതൊക്കെ കൈരളി കലാമന്ദിർ ടീമിനൊപ്പമാണ് 

അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും ...അന്ന് പാപ്പനം കോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം ...

സായിചേട്ടനും (സായ്കുമാർ )കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേർ എത്ര എത്ര യാത്രകൾ വേദികൾ ....ഓർമകൾ തിരികെ എത്തുമ്പോൾ..വന്ന നേരം മുതൽ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു , ‘എങ് ങി നെ യാ  വന്നേ’ ....

ഞാൻ വീണ്ടും പറഞ്ഞു കാറിൽ ...ഇടക്കിടയ്ക്ക് പരിശ്രമിച്ചുയർത്തിയ കൈ കൊണ്ട് എന്റെ കവിളിൽ തൊട്ട്  ഉമ്മ വയ്ക്കും. എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിക്കു തോന്നുന്നു ..അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്. എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. 

യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത് ...വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.

English Summary:

Aneesh Ravi about Kanakalatha's health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com