തീക്ഷണമായ ആ കണ്ണുകളിൽ കണ്ടത് കരുണയും ശാന്തതയും: രജനിയെ കണ്ട സന്തോഷത്തിൽ ജയസൂര്യ
Mail This Article
ജീവിതത്തിൽ എന്നെങ്കിലും കാണാൻ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന ഒരേയൊരു വ്യക്തിയെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ. തമിഴ് സൂപ്പർ താരം രജനികാന്തിനെ ആദ്യമായി നേരിട്ട് കണ്ട് പരിചയപ്പെട്ടതിന്റെ ആവേശത്തിലാണ് ജയസൂര്യ. ‘ലിയോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘പ്രിയമുടൻ നൻപൻ’ വിജയ് ഫാൻസ് അസോസിയേഷൻ നടത്തുന്ന ചാരിറ്റി പരിപാടിയിൽ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ജയസൂര്യ. ഒട്ടും പ്രതീക്ഷിക്കാതെയാണ് തിരുവനന്തപുരത്ത് താൻ താമസിക്കുന്ന ഹോട്ടലിൽ തന്നെ രജനി ഉണ്ടെന്ന വിവരം ജയസൂര്യ അറിയുന്നത്. ‘കാന്താര’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ റിഷബ് ഷെട്ടി വഴി സൗന്ദര്യ രജനികാന്തുമായി ജയസൂര്യ സംസാരിക്കുകയും തുടർന്ന് ജീവിതത്തിലെ വിശേഷപ്പെട്ട അവസരം ലഭിക്കുകയുമായിരുന്നു.
‘‘ഓർമ വച്ച കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് ഞാൻ ഒരു ഐക്കണിനെ കണ്ടുമുട്ടി, ഒരു സൂപ്പർ സ്റ്റാർ, എന്നാൽ എല്ലാറ്റിനുമുപരിയായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരിൽ ഒരാളെയാണ് ഞാൻ കണ്ടുമുട്ടിയത്. ഈ സ്വപ്നം യാഥാർഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരൻ റിഷഭ് ഷെട്ടിക്കും സർവശക്തനും നന്ദി.’’–രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ ഫെയ്സ്‌ബുക്കിൽ കുറിച്ചു.
‘ഒരു സന്യാസിവര്യന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതിയാണ് ആദ്യം കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹത്തിൽ നിന്നും പ്രസരിക്കുന്ന ഒരു പോസിറ്റീവ് എനർജി എന്നെ വന്ന് പൊതിയുകയായിരുന്നു. എന്നെ അറിയാം എന്ന് അദ്ദേഹം പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി ആ തീക്ഷ്ണമായ കണ്ണുകളിൽ കരുണയും ശാന്തതയും എനിക്ക് കാണുവാനായി. ഏറെ സ്നേഹത്തോടെ എന്നെ അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിന്റെ നിർവൃതിയിലായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ‘ജയിലർ’ സിനിമ കേരളത്തിൽ വിതരണം ഏറ്റെടുത്തത് ഗോകുലം മൂവീസ് ആയിരുന്നു. എന്റെ അടുത്ത ചിത്രത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. റൊമ്പ പെരിയപടം പന്നപ്പോറെ’ എന്നു പറഞ്ഞ് അദ്ദേഹം കത്തനാറിന്റെ വിജയത്തിന് ആശംസകൾ അറിയിച്ചു.’’ ജയസൂര്യ മനോരമ ഓൺലൈനിനോട് പറഞ്ഞു.
വിജയ് നായകനായെത്തുന്ന ലിയോയുടെ കേരളത്തിലെ വിതരണക്കാർ ഗോകുലം മൂവീസ് ആണ്. ലിയോയുടെ പ്രചരണാർഥം വിജയുടെ ഫാൻസ് സംഘടനയായ പ്രിയമുടൻ നൻപൻ എന്ന ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ജയസൂര്യ തിരുവന്തപുരത്ത് എത്തിയത്. ഗോകുലം മൂവീസ് എക്സിക്യൂട്ടിവ് ഡയറക്ടർമാരിൽ ഒരാളായ കൃഷ്ണമൂർത്തിയും ജയസൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.