ADVERTISEMENT

സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് രജനികാന്ത് പറഞ്ഞത്.  2018 സിനിമയ്ക്ക് ഓസ്കർ ലഭിക്കാൻ തന്റെ പ്രാർഥന ഒപ്പമുണ്ടെന്നും പോയി ഓസ്കർ വാങ്ങി മടങ്ങിവന്നാൽ മതിയെന്നും രജനികാന്ത് ആശംസിച്ചുവെന്ന് ജൂഡ് ആന്തണി പറയുന്നു.   

jude-rajinikanth
രജനികാന്തിനൊപ്പം ജൂഡ് ആന്തണി

‘‘തലൈവർ പറഞ്ഞു, “എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അദ്ഭുതകരമായ പ്രവൃത്തി തന്നെ.  പോയി ഓസ്കാർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട്’’.  ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും (സൗന്ദര്യ രജനികാന്ത്) നന്ദി.’’ ജൂഡ് ആന്തണി കുറിച്ചു.

jude-anto-rajini
രജനികാന്തിനൊപ്പം ജൂഡ് ആന്തണി, വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ്

തലൈവർ 170 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി  തിരുവനന്തപുരത്ത് എത്തിയ രജനികാന്തിനെ സന്ദർശിക്കാൻ എത്തിയതാണ് ജൂഡ് ആന്തണി.  ജൂഡ് ആന്തണിയോടൊപ്പം 2018 സിനിമയുടെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും എത്തിയിരുന്നു.  ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ ഒരു സിനിമ ചിത്രീകരിക്കുന്നത്.

‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്. ‘തലൈവർ 170’ എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ എന്ന പേരിൽ രജനിയുടെ എഐ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. 

അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. 

jude-rajini
രജനികാന്തിനൊപ്പം ജൂഡ് ആന്തണി, വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ്

സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് െചന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം. 

English Summary:

Director Jude Anthany Joseph feels honored to meet Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com