ചൊടിപ്പിച്ച് ട്രെയിലറിലെ ആ സ്ത്രീവിരുദ്ധപരാമർശം: ‘ലിയോ’യ്ക്കെതിരെ പരാതി
Mail This Article
വിജയ് നായകനായ പുതിയ ചിത്രം ‘ലിയോ’യുടെ ട്രെയിലറിലെ സ്ത്രീവിരുദ്ധപരാമർശം നീക്കണമെന്നാവശ്യപ്പെട്ട് പരാതി. ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. വിജയ്‌യുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നാണ് ആവശ്യം. സ്ത്രീകൾക്കുനേരെയുള്ള മോശം പ്രയോഗം സിനിമയിൽ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് സംഘടന ആരോപിച്ചു.
ബിജെപിയും ലിയോയ്ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംഭാഷണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ട്രെയിലറിൽനിന്നും സിനിമയിൽനിന്നും സംഭാഷണം നീക്കണമെന്നും ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ ആവശ്യപ്പെട്ടു. അതേസമയം ‘ലിയോ’ ട്രെയിലറിലെ ഡയലോഗ് വിവാദമായതിനെ തുടർന്ന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തി.
മോശം വാക്കുകൾ ഉപയോഗിച്ച് സിനിമയെ പ്രമോട്ട് ചെയ്യുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും ചിത്രത്തിലെ ആ പ്രത്യേക രംഗത്തിൽ നടന്റെ വികാരം പ്രകടിപ്പിക്കാൻ ആ വാക്ക് ആവശ്യമായിരുന്നെന്നും ലോകേഷ് പറഞ്ഞു. ‘‘സിനിമയെ സംബന്ധിച്ചിടത്തോളം ദേഷ്യവും വികാരവും അക്രമത്തിലൂടെ മാത്രമല്ല വാക്കുകളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും നടൻ വിജയ് ചോദിച്ചിരുന്നു. സിനിമയിലെ കഥാപാത്രം ചെയ്യേണ്ടത് ശരിയായ കാര്യമാണെന്നും അത് ആവശ്യമാണെനും വിജയ്‌യ് ഞാൻ ഉറപ്പ് നൽകി. എല്ലാ കുറ്റങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്.’’ ലോകേഷ് കനകരാജ് പറയുന്നു.
ട്രെയിലറിൽ വിജയ് പറഞ്ഞ ഒരു വാക്കാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ കഥാപാത്രത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടാണ് ആ ഡയലോഗ് ഉപയോഗിച്ചതെന്നും സിനിമ യാഥാർഥ്യത്തോട് അടുത്തുനിൽക്കേണ്ടതാണെന്നും ലോകേഷ് പറയുന്നു. ആ ഡയലോഗിന്റെ ഉത്തരവാദിത്തം വിജയ്‌യ്ക്ക് അല്ല തനിക്കാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു. സംവിധായകനും നടനുമായ സീമാനും ലോകേഷിനെയും വിജയേയും പിന്തുണച്ച് രംഗത്തെത്തി.
ആരാധകർ ഈ വർഷം ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് റെക്കോർഡ് വ്യൂ ആണ് ലഭിച്ചത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കെ ട്രെയിലറിൽ നടൻ വിജയ് ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇപ്പോൾ വിവാദമാകുന്നത്. വിജയ്‌യുടെ പാർഥി എന്ന കഥാപാത്രം തൃഷയുടെ കഥാപാത്രത്തോട് സ്ത്രീകളെ തരംതാഴ്ത്തുന്ന മോശം വാക്ക് പ്രയോഗിച്ചു എന്നാണ് ആക്ഷേപം.
ലോകേഷ് കനകരാജിനും വിജയ്ക്കും പിന്തുണയുമായി നടനും സംവിധായകനും രാഷ്ട്രീയക്കാരനുമായ സീമാനും രംഗത്തെത്തി. ഇക്കാലത്ത് സിനിമകളും വെബ് സീരീസുകളും എടുക്കുന്നത് യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന കലാസൃഷ്ടികളാണ്. ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ സിനിമയിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങൾക്ക് എല്ലായ്‌പ്പോഴും വളരെ മാന്യമായ രീതിയിൽ മാത്രം സംസാരിക്കാൻ കഴിയില്ല. ഒരു പ്രത്യേക രംഗത്തിൽ വിജയ് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താൽ ആ നടൻ അത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് അർഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.