അത് വേണോ എന്ന് വിജയ് സർ ചോദിച്ചിരുന്നു, ഡയലോഗിന്റെ പൂർണ ഉത്തരവാദിത്തം എനിക്ക്: ലോകേഷ്
Mail This Article
‘ലിയോ’ ട്രെയിലറിലെ വിവാദ ഡയലോഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംവിധായകൻ ലോകേഷ് കനകരാജ്. ട്രെയിലറിൽ വിജയ് പറഞ്ഞ ഒരു വാക്കാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ കഥാപാത്രത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടാണ് ആ ഡയലോഗ് ഉപയോഗിച്ചതെന്നും സിനിമ യാഥാർഥ്യത്തോട് അടുത്തുനിൽക്കേണ്ടതാണെന്നും ലോകേഷ് പറയുന്നു. ആ ഡയലോഗിന്റെ ഉത്തരവാദിത്തം വിജയ്ക്ക് അല്ല, തനിക്കാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു. സംവിധായകനും നടനുമായ സീമാനും ലോകേഷിനെയും വിജയ്‌യെയും പിന്തുണച്ച് രംഗത്തെത്തി.
മോശം വാക്കുകൾ ഉപയോഗിച്ച് സിനിമയെ പ്രമോട്ട് ചെയ്യുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും ചിത്രത്തിലെ ആ പ്രത്യേക രംഗത്തിൽ നടന്റെ വികാരം പ്രകടിപ്പിക്കാൻ ആ വാക്ക് ആവശ്യമായിരുന്നെന്നും ലോകേഷ് പറഞ്ഞു. ‘‘സിനിമയെ സംബന്ധിച്ചിടത്തോളം ദേഷ്യവും വികാരവും അക്രമത്തിലൂടെ മാത്രമല്ല വാക്കുകളിലൂടെയുമാണ് പ്രകടിപ്പിക്കേണ്ടത്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും വിജയ് ചോദിച്ചിരുന്നു. കഥാപാത്രം ചെയ്യുന്നത് ശരിയായ കാര്യമാണെന്നും അത് ആവശ്യമാണെന്നും ഞാൻ ഉറപ്പ് നൽകി. എല്ലാ കുറ്റങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്.’’ ലോകേഷ് കനകരാജ് പറയുന്നു.
ആരാധകർ ഈ വർഷം ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് റെക്കോർഡ് വ്യൂ ആണ് ലഭിച്ചത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കെ ട്രെയിലറിൽ നടൻ വിജയ് ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇപ്പോൾ വിവാദമാകുന്നത്. വിജയ്‌യുടെ പാർഥി എന്ന കഥാപാത്രം തൃഷയുടെ കഥാപാത്രത്തോട് സ്ത്രീകളെ തരംതാഴ്ത്തുന്ന മോശം വാക്ക് പ്രയോഗിച്ചു എന്നാണ് ആക്ഷേപം.
ലോകേഷ് കനകരാജിനും വിജയ്ക്കും പിന്തുണയുമായി നടനും സംവിധായകനും രാഷ്ട്രീയക്കാരനുമായ സീമാനും രംഗത്തെത്തി. ഇക്കാലത്ത് സിനിമകളും വെബ് സീരീസുകളും യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന കലാസൃഷ്ടികളാണ്. ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ സിനിമയിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. കഥാപാത്രങ്ങൾക്ക് എല്ലായ്‌പ്പോഴും വളരെ മാന്യമായ രീതിയിൽ മാത്രം സംസാരിക്കാൻ കഴിയില്ല. ഒരു പ്രത്യേക രംഗത്തിൽ വിജയ് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താൽ ആ നടൻ അത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് അർഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, സാൻഡി, മാത്യു തോമസ് എന്നിവർ അഭിനയിക്കുന്ന ഒരു മൾട്ടി സ്റ്റാർ ചിത്രമാണ് 'ലിയോ'. അനുരാഗ് കശ്യപ് അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 19 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.