അന്ന് കോടികൾ മുടക്കിയ ‘വടക്കൻ വീരഗാഥ’; ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് രൂപം കൊണ്ട കഥ
Mail This Article
ഇന്ത്യൻ സിനിമ ജന്മം കൊണ്ടകാലം മുതൽ സിനിമയെ വാണിജ്യ മൂല്യമുള്ള ഒരു കലാസൃഷ്ടിയായിട്ടാണ് ബോളിവുഡിലെ പല നിർമാതാക്കളും കണ്ടിരുന്നത്. പണം എത്രവേണമെങ്കിലും മുടക്കാൻ തയാറായിരുന്നു അന്നവിടെ ഉണ്ടായിരുന്ന നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്നും അതിനു മാറ്റം വന്നിട്ടില്ല. തെലുങ്കിലും തമിഴിലും ഇതുപോലെയുള്ളവർ ഉണ്ടായിരുന്നെങ്കിലും മുടക്കുമുതൽ തിരിച്ചു കിട്ടുമോ എന്ന ഉത്കണ്ഠയുള്ളവരായിരുന്നു അവരിൽ ഏറെയും.
ഇതേപോലെ മലയാളത്തിലെ ആദ്യകാല നിർമാതാക്കളായ മെറിലാൻഡ് സുബ്രഹ്മണ്യവും ഉദയായുടെ കുഞ്ചാക്കോയും ടി.ഇ.വാസുദേവൻ സാറുമൊക്കെ സിനിമയോടുള്ള താൽപര്യം കൊണ്ട് ഒരു പരീക്ഷണം നടത്തി നോക്കാമെന്നു കരുതി നിർമാണരംഗത്തേക്ക് ഇറങ്ങിയവരാണ്. എന്നാൽ കോഴിക്കോട്ടെ വലിയ ട്രാൻസ്‌പോർട്ടിങ് കമ്പനിയായ കെടിസി ഗ്രൂപ്പിന്റെ സാരഥിയായ പി.വി.സ്വാമിയുടെ രണ്ടാമത്തെ മകൻ പി.വി.ഗംഗാധരൻ എന്ന പിവിജി സിനിമാമോഹം തലയ്ക്കു പിടിച്ചതുകൊണ്ടോ സിനിമ കച്ചവടമൂല്യമുള്ള ഒരു പണസ്രോതസായി കണ്ടതുകൊണ്ടോ അല്ല നിർമാതാവായത്. സ്വന്തം നാട്ടുകാരും സംവിധായക പ്രതിഭകളുമായ ഹരിഹരന്റെയും ഐ.വി.ശശിയുടെയും സൗഹൃദ കൂട്ടായ്മയിൽനിന്ന്, പണവും പ്രശസ്തിയും അംഗീകാരവും ഒരുപോലെ വന്നുചേരുന്ന മറ്റൊരു കലാരൂപം വേറെയില്ലെന്ന ആശയം ഉൾക്കൊണ്ടുകൊണ്ടാണ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ പി.വി.ഗംഗാധരൻ സിനിമാ നിർമാണത്തിലേക്കു കടന്നുവന്നത്. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് എന്ന ചലച്ചിത്ര നിർമാണ സ്ഥാപനത്തിനു രൂപം നൽകുന്നത്.
പിവിജി സിനിമയിലേക്ക് വരുന്നതിന് മുൻപേ കെടിസി എന്ന സ്ഥാപനവും ഞാനുമായിട്ടുള്ള ഇഴയടുപ്പത്തിന്റെ ചെറിയൊരു ഫ്ലാഷ്ബാക്കുണ്ട്.
ഞാനന്ന് ചിത്രപൗർണമി സിനിമ വാരിക നടത്തുന്ന സമയാണ്. 1975 ലെ ചിത്രപൗർണമിയുടെ ഓണപ്പതിപ്പിലേക്ക് കെടിസിയുടെ ഒരു പരസ്യം വാങ്ങാനായി ഞാൻ കോഴിക്കോട്ടേക്ക് പോകുന്നു. ഞാൻ കോയമ്പത്തൂരും പോത്തന്നൂരുമൊക്കെ പോയിട്ടുണ്ടെങ്കിലും കോഴിക്കോട്ടു പോകുന്നത് ആദ്യമായിട്ടാണ്. നല്ല ഹൽവ കിട്ടുന്ന സ്ഥലമാണെന്നു കേട്ടിട്ടുണ്ടെങ്കിലും അവിടെ പോകാനുള്ള അവസരം ഒത്തു വന്നതപ്പോഴാണ്. എറണാകുളം നോർത്ത് സേറ്റേഷനിൽനിന്ന് അതിരാവിലെയുള്ള ട്രെയിനിൽ കയറി ഞാൻ കോഴിക്കോട്ടെത്തിയപ്പോൾ പതിനൊന്നുമണി കഴിഞ്ഞിരുന്നു. ആദ്യ കാഴ്ചയിൽ കോഴിക്കോട് സ്റ്റേഷനും പരിസരവുമൊന്നും എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ഒരു മുഷിഞ്ഞ പട്ടണം പോലെയാണു തോന്നിയത്.
സ്റ്റേഷനു പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോയിൽ കയറി കെടിസിയുടെ ഓഫിസിൽ പോകണമെന്നു പറഞ്ഞപ്പോൾ ഒട്ടും സമയം കളയാതെ ഓട്ടോക്കാരൻ ഒറ്റവിടലാണ്. എന്താ അവിടുത്തെ ഓട്ടോക്കാരുടെയൊക്കെ ഒരു സ്പീഡ്. എറണാകുളത്ത ഓട്ടോക്കാരെപ്പോലെ അമിതചാർജ് ഈടാക്കാതെ മിതമായ റേറ്റ് ആണ് അവൻ വാങ്ങിയത്. ഒരു രണ്ടു നില കെട്ടിടത്തിലായിരുന്നു കെടിസിയുടെ ഓഫിസ്. കാക്കി പാന്റും കാക്കി സ്ളാക്കും ധരിച്ച് ഒരാൾ ഓഫിസിനു താഴെ നിൽക്കുന്നതു കണ്ട് ഞാൻ അയാളോട് വിവരങ്ങളൊക്കെ അന്വേഷിച്ചു. ‘‘പിവിജി സാർ മുറിയിലുണ്ട്.’’
പിവിജി എന്ന പേര് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. എനിക്ക് ധൈര്യമായി എവിടെ കയറിച്ചെല്ലാനും ഊർജം തരുന്ന ഒന്നാണ് ഞങ്ങളുടെ ചിത്രപൗർണമി.
ഞാൻ വേഗം രണ്ടാം നിലയിലേക്കു ചെന്ന് പിവിജി ഇരിക്കുന്ന മുറിയുടെ ഡോറിൽ മുട്ടി അകത്തേക്കു കയറി. വളരെ ലളിതമായ വേഷത്തിൽ പാന്റും സ്ളാക്കുമിട്ട് ചുണ്ടിൽ ചെറുമന്ദഹാസത്തോടെ ഇരിക്കുന്ന ആഢ്യത്വമുള്ള ചെറുപ്പക്കാരൻ. അദ്ദേഹം എന്നെ സാകൂതം നോക്കി. ഞാൻ സ്വയം പരിചയപ്പെടുത്തി: ‘‘ഞാൻ കലൂർ ഡെന്നിസ്. എറണാകുളത്തുനിന്നും വരികയാണ്. ചിത്രപൗർണമിയുടെ എഡിറ്ററാണ്.’’
ചിത്രപൗർണമി എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം ഒന്നു വികസിച്ചു. ഞാൻ പുതിയ ചിത്രപൗർണമി എടുത്തു കൊടുത്തു. ഫ്രണ്ട് പേജ് പെട്ടെന്നൊന്ന് മറിച്ചു നോക്കിയിട്ടു അദ്ദേഹം പറഞ്ഞു: ‘‘ഇരിക്കൂ.’’
ഞാൻ അദ്ദേഹത്തിന്റെ എതിരെയുള്ള കസേരയിൽ ഇരുന്നു. തെല്ലു നേരം ചിത്രപൗർണമിയെക്കുറിച്ചു സംസാരിച്ചതിനു ശേഷം അദ്ദേഹം പ്യൂണിനെ വിളിച്ച് ചായ കൊണ്ടുവരാൻ പറഞ്ഞു. കോഴിക്കോട്ടെ വലിയൊരു പ്രസ്ഥാനമായ കെടിസി ഗ്രൂപ്പിന്റെ ‘ഇളയ ദളപതി’ വലിയ വീരകഥകളോ അവകാശവാദങ്ങളോ ഒന്നും പുറപ്പെടുവിക്കാതെ വളരെ വിനയാന്വിതനായാണ് എന്നോട് സംസാരിച്ചത്.
ഞാൻ ആഗമനോദ്ദേശം അറിയിച്ചു.
‘‘ചിത്രപൗർണമിയുടെ ഓണപ്പതിപ്പിലേക്ക് കെടിസിയുടെ ഒരു പരസ്യം വാങ്ങാനാണ് ഞാൻ വന്നത്.’’
ഞാൻ പരസ്യത്തിന്റെ താരിഫ് എടുത്തു കൊടുത്തു.
അദ്ദേഹം താരിഫു വാങ്ങി നോക്കിയിട്ട് ബാർഗെയിനിങ്ങിനൊന്നും നിൽക്കാതെ ഒരു ഫുൾ പേജ് പരസ്യം തന്നെ മാർക്കു ചെയ്തു തന്നു. പരസ്യത്തിന്റെ റേറ്റിൽ എന്തെങ്കിലും കുറയ്ക്കണമെന്നു പറയുമെന്ന് ഞാൻ കരുതിയെങ്കിലും ഒന്നും ആവശ്യപ്പെട്ടില്ല. ഞാൻ പല സിനിമാ നിർമാതാക്കളുടെയും ബിസിനസുകാരുടെയും പരസ്യങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് താരിഫിൽ വെട്ടലും തിരുത്തലും ഇല്ലാതെ ഒപ്പിടുന്നത്. അൽപം സമയം കൂടി സംസാരിച്ചിരുന്നശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങാൻ നേരം പിവിജി പറഞ്ഞു: ‘‘പരസ്യത്തിന്റെ ആവശ്യത്തിനു വേണ്ടി ഇനി ഡെന്നിസ് വരണമെന്നില്ല. ഓഫിസിലെ മറ്റു സ്റ്റാഫിനെ ആരെയെങ്കിലും അയച്ചാൽ മതി.’’
ഞങ്ങൾക്ക് പത്രാധിപരും ഒരു പ്യൂണുമല്ലാതെ വേറെ സ്റ്റാഫൊന്നുമില്ലെന്ന് അദ്ദേഹത്തിനറിഞ്ഞുകൂടല്ലോ. കക്ഷിയുടെ കെടിസി പോലെ സ്റ്റാഫിനെയൊക്കെ വയ്ക്കാവുന്ന ഒരു വലിയ സ്ഥാപനമല്ലല്ലോ ഞങ്ങളുടെ ചിത്രപൗർണമി. ഞാൻ ഓട്ടോയിൽ കയറി മിഠായിത്തെരുവിൽ പോയി രണ്ടുകിലോ ഹൽവയും വാങ്ങി റെയിൽവേ സ്റ്റേഷനിലേക്കു പോകുമ്പോൾ പി.വി.ഗംഗാധരന്റെ വിനയാന്വിതമായ പെരുമാറ്റം എന്റെ മനസ്സിൽ തങ്ങി നിന്നു.
അന്നത്തെ ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് നീണ്ട നാൽപത്തെട്ടു വർഷം കഴിഞ്ഞിട്ടും മനസ്സിലിപ്പോഴും ഒളിമങ്ങാതെ ആ മുഖം നിൽക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവവിശേഷത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം. അതിനുശേഷം ഓരോ വർഷത്തെ ഓണം, വിഷു നാളുകളിലും ചിത്രപൗർണമിയുടെ സ്പെഷൽപ്പതിപ്പിൽ കെടിസിയുടെ പരസ്യം ഓണപ്പൂക്കൾ പോലെ വിരിഞ്ഞു നിൽക്കാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് 1977 ൽ കെടിസി ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവരുന്നത്. സിനിമയുടെ ചുമതല പിവിജിക്കായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ‘സുജാത’യായിരുന്നു ആദ്യ ചിത്രം. പ്രേംനസീറായിരുന്നു നായകൻ.
സിനിമാ നിർമാണം കൂടിയായപ്പോൾ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നു. ആ സമയത്താണ് മദർ ഇന്ത്യാ മൂവീസിന്റെ എ.ജെ.കുര്യാക്കോസ് എന്ന തൊടുപുഴക്കാരന്‍ അച്ചായനും അദ്ദേഹത്തിന്റെ മകൻ ജോയ് കുര്യാക്കോസും കൂടി ഐ.വി.ശശിയെ വച്ച് ‘ഈ മനോഹരതീരം’ എന്ന സിനിമ എടുക്കാൻ വരുന്നത്. പ്രശസ്ത സാഹിത്യകാരൻ പാറപ്പുറത്തിന്റേതായിരുന്നു തിരക്കഥയും സംഭാഷണവും. മധു, ജയൻ, സുകുമാരൻ, ജയഭാരതി, വിധു ബാല, കെപിഎസി ലളിത, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ താരനിരയുള്ള ചിത്രമായിരുന്നത്.
ആ ചിത്രത്തിന്റെ നിർമാതാക്കളും എന്റെ ആത്മമിത്രം കിത്തോയുമായുള്ള സൗഹൃദം കൊണ്ട് ഞാനും അതിന്റെ ഉത്സാഹക്കമ്മറ്റിയിലെ പ്രധാന ഭാഗമായി. ചിത്രത്തിന്റെ വിതരണം ആർക്ക് കൊടുക്കണമെന്ന ആലോചന വന്നപ്പോൾ പല പേരും വന്നെങ്കിലും നിർമാതാക്കളുമായി പൊരുത്തപ്പെട്ടു പോകുന്ന നല്ല ഏതെങ്കിലും വിതരണ സ്ഥാപനത്തിനു നൽകണമെന്നായിരുന്നു അച്ചായന്റെയും മകന്റെയും ആഗ്രഹം.
ഗൃഹലക്ഷ്മി എന്ന സിനിമാ നിർമാണ കമ്പനി കൽപകാ ഫിലിംസ് എന്ന പേരിലുള്ള ഒരു വിതരണ സ്ഥാപനം കൂടി എറണാകുളത്ത് ആരംഭിച്ചു. അതിന്റെ മാനേജർ വളരെ ഉയരം കുറഞ്ഞ, പ്രത്യേക ശബ്ദമുള്ള, ജയിംസ് എന്ന സൗമ്യനായ ചെറുപ്പക്കാരനായിരുന്നു. കക്ഷി ഇടയ്ക്ക് ഞങ്ങളുടെ ചിത്രപൗർണമി ഓഫിസിൽ വരാറുളളതുകൊണ്ട് ‘ഈ മനോഹര തീര’ത്തിന്റെ വിതരണത്തെക്കുറിച്ചു കേട്ടപ്പോൾ എന്നോടു പറഞ്ഞു: ‘‘പി വി ജി സാറിനെ ഡെന്നിസിന് പരിചയമുള്ളതല്ലേ. വിതരണത്തിന്റെ കാര്യം അദ്ദേഹത്തോട് ഒന്നു ചോദിച്ചു നോക്കിക്കൂടെ.’’
അങ്ങനെ ഞാൻ പിവിജിയെ വിളിച്ചു വിവരം സംസാരിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങളൊക്കെ കേട്ടപ്പോൾ പിവിജിക്കും താൽപര്യമായി. പിറ്റേന്ന് അദ്ദേഹം എറണാകുളത്തു വരുന്നു. എന്റെ കാർമികത്വത്തിൽ വിതരണക്കാര്യം സംസാരിച്ച് ഫിക്സ് ചെയ്യുന്നു. അധികമൊന്നും സംസാരമുണ്ടായില്ല. അങ്ങനെ ഈ മനോഹരതീരം കൽപകാ ഫിലിംസ് റിലീസ് ചെയ്യുന്നു. ചിത്രം അത്ര വലിയ വിജയമായിരുന്നില്ലെങ്കിലും നിർമാതാവിനും വിതരണക്കാരനും നഷ്ടം വന്നില്ല.
പിന്നീട് മറ്റു നിർമാതാക്കളുടെ സിനിമകളൊന്നും വിതരണത്തിനെടുക്കാതെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ മാത്രം അവർ സിനിമകൾ എടുക്കാൻ തുടങ്ങി. തുടർന്ന് ഐ.വി.ശശിയെ വച്ച് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ എന്നീ മൂന്നു ചിത്രങ്ങൾകൂടി അവർ എടുത്തു. അങ്ങാടി മലയാള സിനിമയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ചിത്രമായിരുന്നു. ജയന്റെ ഇംഗ്ലിഷ് ഡയലോഗും ചുമട്ടുതൊഴിലാളികളുടെ ജീവിതത്തിലെ, അന്നേവരെ മലയാളസിനിമയിൽ കാണാത്ത ചില പ്രത്യേക മുഹൂർത്തങ്ങളും കൊണ്ട് പ്രദർശനശാലകളെ ഇളക്കി മറിച്ചു അങ്ങാടി. അതുപോലെ തന്നെയായിരുന്നു ഈ നാടും. ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയുന്ന സിനിമയായിരുന്നു ഈ നാട്.
തുടർന്നു ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി, ഭരതന്റെ കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളും എടുത്തതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ ബാനറായി മാറുകയായിരുന്നു ഗൃഹലക്ഷ്മി. അതോടെ മലയാളത്തിലെ പ്രശസ്തരായ എല്ലാ സംവിധായകരുടെയും ശ്രദ്ധ വടക്കുനോക്കിയന്ത്രം പോലെ പോലെ കോഴിക്കോടൻ ദിശയിലേക്ക് തിരിഞ്ഞു. അപ്പോഴാണ് എം.ടി.വാസുദേവൻ നായർ വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിന് പുതിയൊരു പോസിറ്റീവ് മുഖം കൊടുത്തുകൊണ്ട് തിരക്കഥ ഒരുക്കാൻ പോകുന്നുവെന്ന് പിവിജി അറിയുന്നത്. കോടികൾ മുടക്കിയുള്ള ഒരു വൻചിത്രമാണെന്നറിഞ്ഞ ആ ഭീമൻ പ്രോജക്ട് ഏറ്റെടുക്കാൻ പിവിജി അപ്പോൾത്തന്നെ എംടിയെ പോയി കാണുന്നു. ആ ചിത്രമാണ് ഹരിഹരൻ സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’. ആ ചിത്രം വടക്കിലും തെക്കിലുമൊന്നും ഒതുങ്ങാതെ തിരയൊടുങ്ങാത്ത കടലുപോലെ കേരളം മുഴുവൻ അലയടിക്കുകയായിരുന്നു.
എടുത്ത എല്ലാ ചിത്രങ്ങളും വൻ വിജയമായപ്പോൾ സത്യൻ അന്തിക്കാടിനെ വച്ച് തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, ഷാജി കൈലാസിന്റെ ഏകലവ്യൻ, പ്രയദർശന്റെ അദ്വൈതം, സിബി മലയലിന്റെ കാണാക്കിനാവ്, ജയരാജിന്റെ സാന്ത്വനം, റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും ഗൃഹലക്ഷ്മിയുടെ ബാനറിൽ പുറത്തുവന്നു. ഇതിനിടയിൽ പുതിയ പുതിയ ബിസിനസ് രംഗത്തേക്ക് കൂടി പിവിജി കടന്നപ്പോൾ കുറെ കാലത്തേക്ക് സിനിമാനിർമാണം മുന്നോട്ടു കൊണ്ടുപോയില്ല. ഗൃഹലക്ഷ്മി നിർമിച്ച മിക്ക ചിത്രങ്ങളും ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകളടക്കം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
കെടിസിയിൽ തുടങ്ങി പിവിഎസ് ഹോസ്പിറ്റൽ, പിവിജി അപ്പാർട്ട്മെന്റ്, കെടിസി ഓഫ്‌സെറ്റ് പ്രിന്റേഴ്സ് തുടങ്ങി ഇരുപതിൽപരം ബിസിനസ് സ്ഥാപനങ്ങളാണ് ഇപ്പോൾ അവർക്കുള്ളത്. മാതൃഭൂമി ഡയറക്ടർ കൂടിയാണ് പിവിജി. പിവിജിയുടെ പെൺമക്കളായ ഷെർഗയും ഷെനുഗയും ഷെഗ്നയും പിതാവിന്റെ പാത പിന്തുടർന്ന് സിനിമാ നിർമാണരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. അവർ ന്യൂജെൻ സംവിധായകരെക്കൊണ്ട് ഉയരെ, ജാനകി ജാനെ എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കി. സൈജു കുറുപ്പും നവ്യനായരുമാണ് ജാനകി ജാനേയിലെ നായികാനായകന്മാർ.