‘നോട്ട്ബുക്ക്’ പോലൊരു സിനിമ ചെയ്യാൻ അദ്ദേഹം മുന്നിൽ നിന്നു: റോഷൻ ആൻഡ്രൂസ് പറയുന്നു
Mail This Article
അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനുമായ പി.വി. ഗംഗാധരനെ അനുസ്മരിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സിനിമ എന്ന സംവിധായകന്റെ സ്വപ്നത്തിന് സാക്ഷാത്കാരം നൽകാൻ ആത്മാർഥമായി കൂടെ നിൽക്കുന്ന നല്ല മനസ്സിനുടമയായ പി.വി. ഗംഗാധരന്റെ വിയോഗം തനിക്ക് എന്നുമൊരു തീരാ നഷ്ടമായിരിക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും റോഷൻ ആൻഡ്രൂസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്ക് നിർമിച്ചത് പി.വി. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് ആയിരുന്നു. പുതുമുഖ താരങ്ങൾ അണിനിരക്കുന്ന വളരെ അപകടം പിടിച്ച കഥയുമായി ചെന്ന തനിക്ക് ഹൃദയം നിറയ്ക്കുന്ന സ്വീകരണമാണ് പിവിജി നൽകിയതെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.
‘‘എന്റെ ആദ്യ പടമായ ഉദയനാണ് താരത്തിനു ശേഷം പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്യണം എന്നൊരു ചിന്ത വന്നു. ബോബിയുംസഞ്ജയ്‌യും ഞാനും കൂടി ഒരു കഥയുടെ ഉള്ളടക്കം ഡെവലപ്പ് ചെയ്തു. ആ സിനിമ ചെയ്യാൻ നല്ലൊരു നിർമാതാവിനെ വേണമായിരുന്നു. എന്റെ കുഞ്ഞുന്നാൾ മുതൽ കേൾക്കുന്നതാണ് ഗൃഹലക്ഷ്മി ഫിലിംസ് എന്ന ബാനർ. ഒരുപാട് വിജയ സിനിമകൾ ചെയ്തു നമ്മുടെ മനസ്സുകളിൽ പതിഞ്ഞ ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിൽ ഒരു സിനിമ ചെയ്യാൻ കഴിയുന്നത് വലിയൊരു കാര്യമാണ്.
ഞങ്ങൾ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലാണ് കഥപറയാൻ പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു.
കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നോട് യെസ് പറഞ്ഞു. ഞാൻ 'നോട്ട്ബുക്ക്' എന്ന സിനിമ ചെയ്യാൻ കാരണം തന്നെ പിവിജി സാറാണ്. നമ്മുടെ കൂടെ നിന്ന് നമ്മുടെ വിഷനെ പിന്തുണക്കുന്ന ആളാണ് അദ്ദേഹം. നമ്മളൊക്കെ സ്വപ്നം കാണുന്ന ആളുകളാണ്. ആ സ്വപ്നത്തെ സാക്ഷാൽക്കരിക്കണമെങ്കിൽ പണം കയ്യിലുള്ളവർ നമ്മുടെ കൂടെ വേണം. പണം മാത്രം പോരാ ആത്മാർഥതകൂടി വേണം. ഞങ്ങൾ അന്ന് എടുത്തത് വളരെ റിസ്ക് ഉള്ള ഒരു പ്രേമയം ആയിരുന്നു.
മൂന്ന് പെൺകുട്ടികളുടെ കഥ എല്ലാവരും പുതുമുഖങ്ങൾ. ടീനേജിൽ ഒരു പെൺകുട്ടി ഗർഭിണിയാകുന്ന കഥയാണ് പറയുന്നത്. ഇത് ആളുകൾ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല എന്നിട്ടും അദ്ദേഹം എന്റെ സ്വപ്നത്തോടൊപ്പം നിന്നു. ആ സിനിമ ചെയ്യാൻ ആത്മാർഥമായി എന്റെ കൂടെ അദ്ദേഹം നിന്നു. ഉദയനാണ് താരം കണ്ടിട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം നിർമിച്ച ഒരു പടം ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു എന്ന് പറയുന്നതാകും ശരി. ഇതിഹാസമായ നിർമാതാവായിരുന്നു അദ്ദേഹം. പിവിജിയുടെ വിയോഗം എന്നെ എന്നും വേദനിപ്പിക്കും അതൊരു തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു.’’–റോഷൻ ആൻഡ്രൂസ് പറഞ്ഞു.
ഗ്രഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രങ്ങൾ
𝟏-സുജാത
𝟐-മനസ്സാ വാചാ കർമണാ
𝟑-അങ്ങാടി
𝟒-അഹിംസ
𝟓-ചിരിയോ ചിരി
𝟔-കാറ്റത്തെ കിളിക്കൂട്
𝟕-ഇത്തിരിപൂവേ ചുവന്നപൂവേ
𝟖-ഒഴിവുകാലം
𝟗-വാർത്ത
𝟏𝟎-ഒരു വടക്കൻ വീരഗാഥ
𝟏𝟏-എന്നും നന്മകൾ
𝟏𝟐-അദ്വൈതം
𝟏𝟑-ഏകലവ്യൻ
𝟏𝟒-തൂവൽകൊട്ടാരം
𝟏𝟓-കാണാക്കിനാവ്
𝟏𝟔-എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്
𝟏𝟕-വീണ്ടും ചില വീട്ടുകാര്യങ്ങൾ
𝟏𝟖-കൊച്ചു കൊച്ചു സന്തോഷങ്ങൾ
𝟏𝟗-ശാന്തം
𝟐𝟎-അച്ചുവിന്റെ അമ്മ
𝟐𝟏-നോട്ട്ബുക്ക്
𝟐𝟐-യെസ് യുവർ ഓണർ