ADVERTISEMENT

സുരേഷ് ഗോപിയെന്ന സാമൂഹിക സേവകനായ രാഷ്ട്രീയക്കാരനെ ഈ സമൂഹം അർഹിക്കുന്നില്ലെന്ന ഗോകുൽ സുരേഷിന്റെ അഭിപ്രായത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ഗോകുലിന്റേത് ഒരു മകന്റെ വിഷമമാണെന്നും ഒരുപാട് പേര്‍ പുലഭ്യം പറയുമ്പോൾ വന്നുപോകുന്ന അഭിപ്രായമാണിതെന്നും താരം വ്യക്തമാക്കി. ഭാര്യ രാധികയ്ക്കും ഇതേ അഭിപ്രായമുണ്ടെന്നും എന്നാൽ ഇവര്‍ രണ്ടുപേരും ഇന്നേവരെ ഇക്കാര്യം തന്നോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗരുഡൻ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഗോകുലിന് അങ്ങനെയൊരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായമുണ്ട്. ആ അഭിപ്രായം ഇന്നേവരെ എന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല. ‘ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചെലവാക്കി സിനിമയിൽ അഭിനയിച്ച് കിട്ടുന്ന പണം എന്തു ചെയ്യണമെന്നത് ഏട്ടനാണ് തീരുമാനിക്കുന്നത്. ആ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി എന്തു ചെയ്യണമെന്നതാണ് എന്റെ ചുമതല. അതിനകത്ത് ഒരഭിപ്രായം പറയാൻ ഞാൻ തയാറല്ല’ എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോടു തന്നെ ഇതു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഭിപ്രായം എന്റെ അടുത്ത് എത്തിയിട്ടില്ല. ഗോകുലിന്റേത് മകന്റെ വിഷമമാണ്. ഒരുപാട് പേര്‍ പുലഭ്യം പറയുമ്പോൾ വന്നുപോകുന്നതാണ്. എന്റെ എല്ലാ മക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നൊരു ദൂരം കൃത്യമായി വയ്ക്കുക, ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. സിനിമാ നടന്മാരെക്കുറിച്ചും നടിമാരെക്കുറിച്ചും ഇങ്ങനെ പറയാറില്ലേ.

മറ്റുള്ളവർ നമ്മളെക്കുറിച്ച് എങ്ങനെ പറയുന്നുവോ, എങ്ങനെ മനസ്സിലാക്കുന്നുവോ അത് വിചാരശൂന്യതയാണ്. നമ്മൾ എന്തായിരിക്കണം എന്ന് നമ്മൾ നിശ്ചയിച്ചാൽ, അതിൽ മാലിന്യം ലവലേശം ഇല്ലായെങ്കിൽ നമ്മൾ ആ പാതയില്‍ത്തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമി കീടങ്ങളെയൊന്നും ഞാൻ വകവച്ചുകൊടുക്കാറില്ല.’’–സുരേഷ് ഗോപി പറഞ്ഞു.

കിങ് ഓഫ് കൊത്തയിലെ ഗോകുലിന്റെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ആ സിനിമ കാണാൻ കഴിഞ്ഞില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സിദ്ദീഖ് അടക്കമുളള ഒരുപാടുപേർ സിനിമ കണ്ടശേഷം ഗോകുലിനെ അഭിനന്ദിച്ച് തന്നോട് സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു.

‘‘കിങ് ഓഫ് കൊത്ത സിനിമ കണ്ടില്ല, അതിൽ അവന് വലിയ വിഷമമുണ്ട്. അവൻ അഭിനയിച്ച സിനിമകളിൽ ആകെ കണ്ടത് മുദ്ദുഗൗ ആണ്. അതും കുറച്ചു കുറച്ചു ഭാഗങ്ങളായി കാണുകയായിരുന്നു. അതിനിടെ എന്തെങ്കിലും കാര്യം വരുമ്പോൾ ഞാൻ ഓടിപ്പോകും. എന്റെ സിനിമാ ജീവിതം പോലെ തന്നെയാണ്, എന്റെ സിനിമകള്‍ കണ്ട് വിലയിരുത്തുന്നതും. പക്ഷേ കൊത്ത എനിക്കിനി കാണേണ്ട ആവശ്യമില്ല. സിദ്ദീഖ് അടക്കം ഒരുപാട്പേർ ആ സിനിമ കണ്ട ശേഷം എന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ സന്തോഷിപ്പിക്കുന്നതാണ്. 

ചെരിഞ്ഞു നിൽക്കുമ്പോൾ സുരേഷേട്ടനാണെന്ന് തോന്നുമെന്ന് നൈല ഉഷ എന്നോടു പറഞ്ഞിരുന്നു. അതിനുള്ള മറുപടി അവൻ തന്നെ പറയുന്നതും കേട്ടു, ‘‘ഡിഎൻഎ ആയിപ്പോയില്ലേ, പിന്നെ ഞാൻ എന്ത് ചെയ്യാനാ എന്ന്.’’ എങ്കിലും അതൊരു ചാലഞ്ച് ആണ്. മോഹൻലാലിനെപ്പോലെയോ മമ്മൂക്കയെപ്പോലെയോ മക്കൾക്ക് ഭാരമായ നിലവാരത്തിൽ പോയ നടനല്ല ഞാൻ. ഗോകുലിനു ഭാരമാകുന്ന നിലവാരമുള്ള ആക്ടറല്ല ഞാൻ. അതുകൊണ്ടു തന്നെ ഒരു നടനെന്ന നിലയിൽ നല്ല സ്വാതന്ത്ര്യമുള്ള സ്പേസ് ഉണ്ട്. ഞാനരിക്കലും അവനൊരു ബാലികേറാമലയല്ല. ഇത് ഞാനെന്റെ സ്വന്തം അഭിപ്രായത്തിൽ, സ്വന്തമായ വിലയിരുത്തലിൽ പറഞ്ഞാണ്. 

കൊത്തയിൽ അഭിനയിക്കുന്നതിനുമുമ്പ് ഒരൊറ്റ അനുവാദം മാത്രമാണ് ഗോകുൽ എന്നോട് ചോദിച്ചത്. ‘‘അച്ഛന്റെ കോസ്റ്റ്യൂമറില്ലേ, പഴനിയങ്കിൾ, ആ അങ്കിളിനെ വച്ച് ആ കോസ്റ്റ്യൂം ഒന്ന് തയ്പ്പിച്ചോട്ടെ’’ എന്നു ചോദിച്ചു. നിന്റെ സിനിമ, നിന്റെ ആഗ്രഹങ്ങൾ, നന്നാവാൻ വേണ്ടി നിന്റെ ചിന്ത, അതെന്ത് നിനക്ക് ഓതിത്തരുന്നോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം നിനക്കാണെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ.’’–സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ വരുന്ന വിമർശനങ്ങനെ കുറിച്ച് അടുത്തിടെ ​ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘‘അച്ഛന്‍ അഭിനേതാവായി തുടരുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ വളരെ അധികം സന്തോഷിപ്പിച്ചിരുന്നു. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരനല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്നു പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാർ. അച്ഛന്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല’’, എന്നാണ് ​ഗോകുൽ അന്ന് പറഞ്ഞത്. 

English Summary:

Suresh Gopi reacts Gokul Sureshs talk about his political life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com