സിനിമ പോലെ തൊട്ടടുത്താണ് രാഷ്ട്രീയവും
Mail This Article
‘നഷ്ടപ്പെടലുകളുടെ നോവ് വിടാതെ പിന്തുടർന്ന കുടുംബമാണു ഞങ്ങളുടേത്. അപ്പയുടെയും അമ്മയുടെയും അനുജന്റെയും ആത്മബന്ധങ്ങളുടെയും വേർപാടുകളിൽ ആടിയുലഞ്ഞുപോയി. എല്ലാവരും എപ്പോഴും ഒന്നിച്ചുണ്ടാകില്ലെന്ന് കാലവും അനുഭവങ്ങളുമാണു പഠിപ്പിച്ചത്. സൂപ്പർ സ്റ്റാർ രാജ്കുമാറിന്റെ മക്കൾ എന്നു സ്നേഹാദരങ്ങളോടെ ലോകം ചേർത്തുപിടിച്ചിടത്തു നിന്നാണു സ്വയം അടയാളപ്പെടുത്തണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ വീണ്ടും എഴുന്നേറ്റു നിന്നത്. ജോലി ചെയ്യുമ്പോൾ കൂടെയുള്ളവരും കുടുംബമാണെന്നു വിശ്വസിപ്പിക്കാൻ പഠിപ്പിച്ചത് അപ്പായാണ്. ആ വിശ്വാസമാണു കുടുംബ ബന്ധത്തെ അത്രമേൽ പവിത്രമെന്നു കരുതി ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്’ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ എന്ന ആരാധകരുടെ പ്രിയപ്പെട്ട ‘ശിവണ്ണ’ ഇത്രയും പറഞ്ഞതു കൊച്ചിയിലിരുന്നാണ്. ശ്രീനി കഥയെഴുതി സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ ‘ ഗോസ്റ്റ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടെത്തിയ ശിവണ്ണ ‘മനോരമ’യുമായി സംസാരിക്കുന്നു.
കുടുംബം, അതാണെല്ലാം അല്ലേ?
വലിയൊരു കൂട്ടുകുടുംബ പശ്ചാത്തലം അപ്പ രാജ്കുമാറിന്റെയും അമ്മ പാർവതമ്മയുടെയും നിർബന്ധമായിരുന്നു. അപ്പയും അമ്മയും അവരുടെ കുടുംബാംഗങ്ങളെയെല്ലാം കുടുംബമെന്ന ഒറ്റച്ചരടിൽ കോർത്തുനിർത്തി. ഒരു വടവൃക്ഷം പോലെയാണു ഞങ്ങൾക്കു കുടുംബം.
ഒറ്റമരത്തണൽ എന്നു കേട്ടിട്ടില്ലേ. ഞങ്ങൾ കുട്ടിക്കാലത്ത് 35 കസിൻസ് ഒന്നിച്ചൊരു വീട്ടിൽ കളിച്ചു വളർന്നു. ഞങ്ങൾ അഞ്ചു മക്കൾ. മൂന്നാണും രണ്ടു പെണ്ണും. രാജ് കുമാറിന്റെ മക്കൾ എന്ന പരിഗണനയൊന്നും വീട്ടിലില്ല. എല്ലാവരും തുല്യർ.
പ്രതിസന്ധികളിൽ അപ്പയുടെ ഓർമ തന്നെ കരുത്ത്, അല്ലേ?
വേട്ടയാടപ്പെട്ട എത്രയെത്ര സാഹചര്യങ്ങൾ. വീരപ്പന്റെ തോക്കിൻ കുഴലിനു മുന്നിൽ അപ്പ നിസ്സഹായതയോടെ പടിയിറങ്ങിപ്പോയ പഴയ ഓർമ ഞങ്ങളെ എന്നും വേട്ടയാടിയിട്ടേയുള്ളൂ. കണ്ണിമ ചിമ്മാൻ കഴിയാതെ എത്രയെത്ര രാത്രികൾ അമ്മ വിറങ്ങലിച്ചു കിടന്നിരുന്നുവെന്നോ. കർണാടക, തമിഴ്നാട് സർക്കാരുകളും ജനങ്ങളും അന്നു ഞങ്ങളെ താങ്ങി നിർത്തിയത് നന്ദിയോടെയേ ഓർക്കാനാവൂ.
സിനിമ, വൈകിയെത്തിയ തോന്നലായിരുന്നോ?
സത്യത്തിൽ, മലയാളത്തിൽ നിന്നാണ് സിനിമയിലേക്ക് ആദ്യ ഓഫർ വരുന്നത്. അന്നു ഞാൻ കുട്ടിയായിരുന്നു. ഏത് പടത്തിലേക്ക് ആരാണു വിളിച്ചതെന്നൊന്നും ഓർമയില്ല. 12,13 വയസ്സിലാണ് അതെന്ന് അപ്പാ പറഞ്ഞതായി ഓർക്കുന്നു. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സ് കഴിഞ്ഞ് 24–ാം വയസ്സിൽ സിനിമയിലെത്തിയ ആളാണു ഞാൻ. പക്ഷേ, അനുജൻ പുനീത് രാജ്കുമാർ ( അപ്പു) അതിനു മുൻപേ താരമായിക്കഴിഞ്ഞിരുന്നു.
എല്ലാ ജോണറിലും പടങ്ങൾ, പല ഭാഷകൾ?
‘ജയിലർ’ എന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇനി ധനുഷിനൊപ്പം ക്യാപ്റ്റൻ മില്ലർ ഡിസംബറിൽ തിയറ്ററിലെത്തും. കൂടാതെ രണ്ടു തമിഴ് ചിത്രങ്ങൾ കൂടി വരാനിരിക്കുന്നു. പണ്ടു മൊഴിമാറ്റചിത്രങ്ങളെയും ഡബിങ് ചിത്രങ്ങളെയും വിമർശിച്ചത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. മൊഴിമാറ്റി ചിത്രങ്ങളെത്തിയാൽ പലയിടത്തും താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും അവസരങ്ങൾ നഷ്ടപ്പെടുമെന്നു വിളിച്ചു പറയുകയായിരുന്നു അന്നു ഞാൻ.
ആ നിലപാടിൽ ഇന്നും മാറ്റമില്ല. പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വരവോടെ എല്ലാവർക്കും എല്ലായിടത്തും അവസരങ്ങളായി, അംഗീകാരമായി. മലയാളത്തിലും ചർച്ചകൾ നടക്കുകയാണ്. തീരുമാനം പറയാറായിട്ടില്ല. ഒന്നുറപ്പാണ്, ആ ചിത്രം വന്നശേഷം അഭിമുഖത്തിനെത്തുമ്പോൾ ഞാൻ മലയാളത്തിലാവും സംസാരിക്കുക.
രാഷ്ട്രീയം സംസാരത്തിൽ മാത്രമല്ല, പ്രവൃത്തിയിലുമുണ്ടോ?
ഒട്ടും അകലെയല്ല ഞങ്ങൾക്കു രാഷ്ട്രീയം. കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്.ബംഗാരപ്പയുടെ മകൾ ഗീതയാണു ഭാര്യ. ഭാര്യാസഹോദരന്മാർ മധു ബംഗാരപ്പയും കുമാർ ബംഗാരപ്പയും സജീവ രാഷ്ട്രീയക്കാർ. ഗീത ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. ഇക്കുറി ഇനിയും മത്സരത്തിനിറങ്ങുമോ എന്നു ഗീതയും അവരുടെ പാർട്ടിയുമാണു തീരുമാനിക്കേണ്ടത്. ഗീത ചലച്ചിത്ര നിർമാണ രംഗത്താണിപ്പോൾ സജീവം. രണ്ടു മക്കളാണു ഞങ്ങൾക്ക്. നിരുപമ ഡോക്ടറാണ്. നിവേദിത ആർക്കിടെക്ടും. സിനിമ, വെബ് സീരീസ് നിർമാണ രംഗത്തും നിവേദിത തിരക്കിലാണ്.