മരിക്കുമെന്നു കരുതി വെള്ള വസ്ത്രം വാങ്ങി വയ്ക്കാനാകുമോ?
Mail This Article
ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജ് വിടവാങ്ങിയത് സെപ്റ്റംബർ 24നാണ്. അന്നു മുതൽ സൈബറിടത്തിൽ അദ്ദേഹത്തിന്റെ കുടുംബം അധിക്ഷേപിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സെൽമ ജോർജിനു പറയാനുള്ളത്.
‘‘ആർക്കും ആരെയും വിമർശിക്കാം. പക്ഷേ, അതിനു സമയവും സന്ദർഭവും നോക്കണ്ടേ? സംസ്കാരത്തിനു മുൻപ് കുറച്ചു സമയം, ജോർജേട്ടനെ എറണാകുളം ടൗൺഹാളിൽ കിടത്തിയിരിക്കുകയായിരുന്നു. ഞാനും മകനും മകളും അവിടെയുണ്ട്. ഏഴു വർഷം മുൻപ് ജോർജേട്ടന്റെ ഡോക്യുമെന്ററിയിൽ ജോർജേട്ടനെ അടുത്തിരുത്തി ഞാൻ പറഞ്ഞ കാര്യങ്ങൾ അപ്പോൾ അവിടെയിരിക്കുന്നവരുടെ മൊബൈലിൽ എത്തി. അദ്ദേഹത്തെ കട്ട് ചെയ്ത് നീക്കി ഞാൻ ഇന്നലെ പറഞ്ഞതാണ് എന്ന മട്ടിലാണു വിഡിയോ പ്രചരിപ്പിക്കുന്നത്. വിഡിയോ കണ്ടവർ പലരും എന്നെ നോക്കി ചിരിക്കുകയാണ്. ഇങ്ങനെയൊക്കെ ഇന്നലെ പറഞ്ഞവളാ ദാ ഇരിക്കുന്നത് എന്ന മട്ടിൽ.
‘മകൻ കുളിങ് ഗ്ലാസ് വച്ച് സിനിമാ നടനെപ്പോലെ വന്നിരി ക്കുന്നു, ആംബുലൻസിൽ പോലും കയറിയില്ല എന്നാണു മറ്റൊരു യുബറുടെ പരാതി’. അവനു ചെങ്കണ്ണായിരുന്നു എന്ന് അവർക്കറിയില്ലല്ലോ. ഞാൻ എന്താ വെളുത്ത വസ്ത്രം ധരിക്കാത്തത് എന്നാണു മറ്റൊരു ആക്ഷേപം. മരിക്കുമെന്നു കരു തി വെള്ള വസ്ത്രം വാങ്ങിവയ്ക്കുമോ ആരെങ്കി ലും. ഞാൻ കുരിശുള്ള മാല ധരിച്ചതാണു ചിലരുടെ പ്രശ്നം. ഞാൻ ക്രിസ്ത്യാനിയാണ്. ഞാൻ കുരിശുമാല ധരിച്ചാലെന്താണു പ്രശ്നം?. സംസ്കാരത്തിനു മുൻപ് മകൾ ജോർജേട്ടന്റെ രണ്ടു കാലുകളിലും കെട്ടിപ്പിടിച്ച് ഉമ്മവച്ചത് ഒരു മുൻ സംവിധായകനു സഹിച്ചില്ല. അഭിനയം നന്നായിരിക്കുന്നു എന്നാണ് അയാളുടെ സർട്ടിഫിക്കറ്റ്.
കെ.ജി. ജോർജിനെ വിമർശിക്കുന്ന വിഡിയോയുടെ പശ്ചാത്തലം എന്താണ്?
ജോർജേട്ടന്റെ ഡോക്യുമെന്ററി എടുത്തപ്പോൾ സംവിധായകൻ എന്നോടു ചോദിച്ചു. എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ, കുടുംബകാര്യങ്ങൾ പറയാമോ എന്നു. പറയാമോ എന്നു ഞാൻ ജോർജേട്ടനോട് ചോദിച്ചു. നീ പറ എന്നു പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ രണ്ടു പേരും ഒരുമിച്ചിരിക്കേ ഞാനതു പറഞ്ഞത്. പിന്നെ പലരും തുറന്നു പറഞ്ഞതിനെ അഭിനന്ദിച്ചു. ഉറക്കം തൂങ്ങി ഡോക്യുമെന്ററി അല്ലായിരുന്നു എന്നു പറഞ്ഞു. ഞങ്ങൾ രണ്ടു പേരോടുമായാണ് ഇതെല്ലാം പറയുന്നത്. അപ്പോൾ ജോർജേട്ടൻ, നിനക്കു കുറച്ചും കൂടി പറയാമായിരുന്നില്ലേ എന്നു പറഞ്ഞു ചിരിക്കുകയായിരുന്നു. അതാണു കെ.ജി.ജോർജ്,
ഫെഫ്ക തന്ന പണത്തെക്കുറിച്ച് ചർച്ചയുണ്ടായല്ലോ?
അതെ, ആതു കിട്ടിയ സമയത്താണ് ജോർജേട്ടനു ന്യുമോണിയ വന്ന് ആസ്റ്റർ മെഡി സിറ്റിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ വിഐപി റൂമിലായിരുന്നു ഒരു മാസത്തെ ചികിത്സ. ആ സമയത്തെല്ലാം അദ്ദേഹത്തനു നല്ല ഓർമയുണ്ട്. മുഴുവൻ സമയവും മകളാണു കൂട്ടിരുന്നത്. തൊണ്ട വഴി ട്യൂബിട്ടതിനാൽ സംസാരിക്കാൻ കഴിയില്ല എന്നേയുള്ളു. എന്തെങ്കിലും ചോദിച്ചാൽ തലകുലുക്കും. ആ സമയത്താണ് ഡോ. റെജി പോൾ പറഞ്ഞത്. ജോർജേട്ടന്റെ തലച്ചോറ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്. വർഷങ്ങളായി ഇതു തുടങ്ങിയിട്ട്, പക്ഷേ അറിഞ്ഞില്ല. ഡോക്ടർ പറഞ്ഞ വർഷക്കണക്കു നോക്കുമ്പോൾ, ‘ഇലവങ്കോട് ദേശം’ സംവിധാനം ചെയ്യുന്ന കാലത്തുതന്നെ ഇതു തുടങ്ങിക്കാണണം.
സിഗ്നേച്ചർ ഏജ്ഡ് കെയറിലെ ചെലവെല്ലാം എങ്ങനെയായിരുന്നു
ജോർജേട്ടനു സ്ട്രോക്ക് വന്നു നടക്കാൻ പറ്റാതായതോടെയാണ് ഞങ്ങൾ ഇത്തരം സ്ഥാപനത്തെക്കുറിച്ച് ആലോചിക്കുന്നതുതന്നെ. അല്ലെങ്കിൽ വീട്ടിൽത്തന്നെ ആയിരുന്നേനെ. സിഗ്നേച്ചറിൽ മുൻകൂർ പണം കടുത്തിരുന്നു. 5 വർഷം കഴിഞ്ഞപ്പോൾ മകനും മകളും മാറിമാറി ഓരോ മാസത്തെയും പണം നൽകി. 2020 ജൂണിൽ ജോർജേട്ടനെ വീട്ടിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സഹോദരനും സഹായത്തിനുണ്ടായിരുന്നു. സഹോദരനും പ്രായമായ ആളാണ്. ജോർജേട്ടനാണെങ്കിൽ ഭാരവുമുണ്ട്. 10 ദിവസം കഴിഞ്ഞതോടെ അദ്ദേഹം പറഞ്ഞു, “ചേച്ചി എന്നോടു ക്ഷമിക്കണം. എനിക്കു പറ്റുന്നില്ലെന്ന്.
പിന്നെ സേവ എന്ന സംഘടനയിൽ നിന്ന് ശ്രീദേവി എന്നൊരാളെ നിർത്തി. വളരെ സഹായമാ യിരുന്നു. അവർക്ക് കിടപ്പിലായവരെ പരിചരിക്കാൻ നന്നായി അറിയാം. അപ്പോൾ സിഗ്നേച്ചറിലെ അലക്സും ഭാര്യയും വീട്ടിൽ വന്നു. "കോവീഡ് സമയമാണ്. വീട്ടിൽ പലരും വരികയും പോവുകയും ചെയ്യുന്നുണ്ട്. അതൊന്നും ജോർജ് സാറിന് നല്ലതല്ല. ഞങ്ങൾ സാറിനെ സിഗ്നേച്ചറിലേക്കു കൊണ്ടു പൊയ്ക്കോട്ടേ, പൈസയൊന്നും നോക്കേണ്ട’’ എന്നു പറഞ്ഞു. ഞാൻ ജോർജേട്ടനോടു ചോദിച്ചു. “ഞാൻ അങ്ങോട്ടു പോകാം സെൽമേ' എന്നു പറഞ്ഞു. അവിടെ താമസിക്കുന്നതിനിടെയാണു ന്യുമോണിയ പിടികൂടിയത്.
ആസ്റ്ററിലെ ചികിത്സ കഴിഞ്ഞ് സിഗ്നേച്ചറിലേക്കു വീണ്ടും പോയോ?
ആസ്റ്ററിൽ നിന്ന് ഇടപ്പള്ളിയിലെ "സുഖിനോ'യിൽ അഡ്മിറ്റ് ചെയ്തു. അവിടെ റൂമിൽ 24 മണിക്കൂറും നഴ്സുണ്ടാകും. ചെസ്റ്റ് തെറപ്പിയും ഫിസിയോ തെറപ്പിയും അവിടെ നൽകിയിരുന്നു. 3 മാസം അവിടെയുണ്ടായിരുന്നു. നല്ലൊരു തുകയും അവിടെ നൽകി. അവിടെ നിന്നു വട്ടിലേക്കു കൊണ്ടുവരാനായിരുന്നു ഞങ്ങൾക്ക് ആഗ്രഹം. ജോർജേട്ടനാ ണ് സിഗ്നേച്ചറിലേക്കു പോകാം എന്നു പറഞ്ഞത്. അതിനാണ് വൃദ്ധ സദനത്തിൽ തള്ളി എന്നൊക്കെപ്പറഞ്ഞ് ആക്രമിച്ചത്. ഒരു തവണയെങ്കിലും അവിടം കണ്ടവരാണോ അവരാരെങ്കിലും? പട്ടിക്കൂട്ടിലും ഇരുട്ടുമുറിയലും മാതാപിതാക്കളെ തള്ളുന്ന നിലവാരത്തിലുള്ളവരാണ് ആക്രോശിക്കുന്നത് എന്നതാണ് ഏറ്റവും വേദനയുണ്ടാക്കിയത്. അവിടെ രോഗികൾ മാത്രമല്ല, ഒരു രോഗവും ഇല്ലാത്തവരും താമസിക്കുന്നുണ്ട്. വീട്ടിൽ പ്രായമായ മാതാപിതാക്കൾ തനിച്ചു കഴിയുന്നത് സുരക്ഷിതമല്ലെന്നു കരുതുന്ന വിദേശത്തുള്ള മക്കൾ അവരെ ഇവിടെ ആക്കുന്നതാണ്. ഭാര്യയും ഭർത്താവും ഒറ്റമുറിയിൽ താമസിക്കും. വിടവാങ്ങുന്നതിന് ഒന്നര ആഴ്ച മുൻപ് ഞാനും മകനും അവിടെ എത്തി ജോർജേട്ടനെ കണ്ടിരുന്നു.
സംസ്കാരച്ചടങ്ങുകളുടെ ചെലവുകൾ ഫെഫ്കയല്ലേ വഹിച്ചത്?
അതെ അവരാണ്. സംസ്കാരം കഴിഞ്ഞ രാത്രി, ഞാൻ സംവിധായകൻ ഉണ്ണികൃഷ്ണനെ വിളിച്ച് എത്ര രൂപ ചെലവായി എന്നു ചോദിച്ചു. അതൊന്നും ചേച്ചി അറിയേണ്ട ഞങ്ങളുടെ ജോർജ് സാറിനു ഞങ്ങൾ ചെയ്തത് പോരെന്നാണു ഞങ്ങൾക്കു തോന്നുന്നത്' എന്നു പറഞ്ഞു. ഉണ്ണിക്കൃഷ്ണനോടും രൺജി പണിക്കരോടും സിബി മലയിലിനോടും ഉള്ള കടപ്പാട് ഞാനും മക്കളും മരിച്ചാലും മറക്കില്ല. മന്ത്രി പി. രാജീവും മുഖ്യമന്ത്രി പിണറായി സാറും ഒത്തിരി സഹായിച്ചു