ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമാ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ
Mail This Article
സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.
‘‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അല്‍ഫോൻസ് പുത്രൻ കുറിച്ചു.
ആരാധകരടക്കം നിരവധിപ്പേരാണ് അൽഫോൻസിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തുന്നത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിർണയം നടത്തൂ എന്നാണ് ആരാധകർ പറയുന്നത്. ‘‘അടിപൊളി ആയി തിരിച്ചു വരും. നിങ്ങൾക്ക് അതിനു പറ്റും. നിങ്ങൾക്കേ പറ്റൂ.’’ എന്നും ചിലർ കമന്റ് ചെയ്യുന്നു. സംഭവം ചർച്ചയായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് അൽഫോൻസ് പിന്നീട് നീക്കം ചെയ്തു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. ഓട്ടിസം ഉള്ള വ്യക്തികൾക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിത അല്ലെങ്കിൽ ആവർത്തിച്ചുള്ള പെരുമാറ്റങ്ങളിലും താൽപ്പര്യങ്ങളിലും പ്രശ്നങ്ങളുണ്ട്. ഇവർ കാര്യങ്ങൾ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികൾ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോർ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ ഗ്രഹിച്ചെടുക്കുന്നു.
ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അൽഫോൻസിന്റെ പുതിയ പ്രോജക്ട്. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയും അൽഫോൻസാണ്. ഡാൻസ് കൊറിയോഗ്രാഫറായ സാൻഡിയാണ് നായകൻ. കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. റോമിയോ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ചിത്രം രാഹുലാണ് നിർമിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ‘ഗോൾഡ്’ ആണ് അൽഫോൻസ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2013ൽ ‘നേരം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലെത്തി. സാമ്പത്തിക വിജയമായ ‘നേര’ത്തിനു ശേഷം 2015 ൽ നിവിൻ പോളിയെത്തന്നെ നായകനാക്കി സംവിധാനം ചെയ്ത ‘പ്രേമം’ മലയാളത്തിൽ ട്രെൻഡ്സെറ്ററായി മാറി.
തമിഴകത്തും ഏറെ ആരാധകരുള്ള അൽഫോൻസിന്റെ ഈ പ്രഖ്യാപനം ഞെട്ടലോടെയാണ് തമിഴ് പ്രേക്ഷകരും കേട്ടത്. സംവിധായകന്റെ പെട്ടന്നുള്ള ഈ തീരുമാനത്തിന്റെ കാരണമറിയാനുള്ള ആകാംക്ഷയിലാണ് ഇവരെല്ലാം. ‘ഗിഫ്റ്റ്’ എന്ന പുതിയ തമിഴ് സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ഇങ്ങനെയൊരു അപ്രതീക്ഷിത വാർത്ത വരുന്നതും.
ഫഹദ് ഫാസിലിനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ‘പാട്ട്’ എന്നൊരു ചിത്രവും അൽഫോൻസ് പ്രഖ്യാപിച്ചിരുന്നു. ഇനി ഈ സിനിമ പൂർത്തീകരിക്കാനാകുമോ എന്ന ആകുലതയും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.