‘റമ്പാനി’ല് മോഹൻലാലിന്റെ മകളായി ബിന്ദു പണിക്കരുടെ മകൾ കല്യാണി
Mail This Article
മോഹൻലാൽ–ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായർ. ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ റീൽസിലൂടെയും മറ്റും ശ്രദ്ധേയായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്.
കല്യാണിയുടെ കഥാപാത്രത്തെക്കുറിച്ച് ചെമ്പന്റെ വാക്കുകൾ:
‘‘എല്ലാ വിധി തരികിടകളുമായി ചെറുപ്പത്തിൽ ജീവിച്ച്, വളർന്നപ്പോൾ നന്നായ ഒരാളാണ് റമ്പാനെന്ന് തൽക്കാലം കരുതാം. റമ്പാൻ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാൻ. ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു. കുറേപ്പെരെ അതിനായി അന്വേഷിച്ചു. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകൾ കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.’’
ഇങ്ങനെയൊരു വലിയ അവസരം സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും കല്യാണി പറയുന്നു.
‘‘ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവർക്കും നന്ദി. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക, എന്നത് സ്വപ്നമാണ്. ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്.’’–കല്യാണി പറഞ്ഞു.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് രചന നിർവഹിച്ച ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എത്തുന്ന ചിത്രമാണ് റമ്പാൻ. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണുന്നത്, അത് കൊണ്ട് തന്നെ ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ്. വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിങ് വിവേക് ഹർഷൻ.