ADVERTISEMENT

ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കെ തന്നെ കളിയാക്കി ചിരിച്ചതിന് സംവിധായകൻ എം.എ. നിഷാദ് മാപ്പു പറയണമെന്ന് നടൻ ബാല. എം.എ. നിഷാദ് വളരെ അടുപ്പമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല പെരുമാറ്റം ആയിരുന്നു. എങ്കിലും ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ പറയുന്നത് എന്താണെന്നു കേട്ട് മനസ്സിലാക്കാതെ ആദ്യം മുതൽ തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്നു മനസ്സിലായില്ലെന്ന് ബാല പറയുന്നു. ‘‘ചർച്ചയുടെ ദൃശ്യം കാണാൻ പറ്റാത്തതുകൊണ്ട് ചിരിച്ചതു കണ്ടില്ല, അല്ലെങ്കിൽ അപ്പോൾത്തന്നെ ചോദിക്കുമായിരുന്നു. അശ്വന്ത് കോക്ക് എന്നയാളുടെ പേര് പോലും താൻ പറഞ്ഞിട്ടില്ല, പിന്നെ അയാൾ എന്തിനാണ് ഞാൻ പാരലൽ ലോകത്താണെന്നു പറഞ്ഞതെന്ന് മനസ്സിലായില്ലെന്നും’’ ബാല പറയുന്നു. ഗർഭിണിയായ ഒരു പെൺകുട്ടി പ്രസവിച്ച് കുഞ്ഞുണ്ടാകുന്നതു പോലെ പവിത്രമായ സംഗതിയാണ് സിനിമയെന്നും ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കൊല്ലരുതെന്നുമാണ് താൻ പറയാൻ ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

‘‘ചാനൽ ചർച്ചയിൽ എം.എ. നിഷാദ് എന്നെ കളിയാക്കി ചിരിച്ചു. അതിന് അദ്ദേഹം എന്നോട് മാപ്പു പറയണം. എന്നെ ഫോൺ വിളിച്ചു പറഞ്ഞാൽ മതി. ചാനലിൽ ഒന്നും പറയണ്ട. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. എം.എ. നിഷാദ് അങ്ങനെ ചിരിച്ച കാര്യം അപ്പോൾ ഞാൻ അറിഞ്ഞില്ല. അശ്വന്ത് കോക്കും ചിരിച്ചു. ഞാൻ വിഷ്വൽ ഒന്നും കാണുന്നില്ലല്ലോ. അപ്പോൾ ഞാൻ ഇതൊന്നും കണ്ടില്ല, കണ്ടിരുന്നെങ്കിൽ ഞാൻ അപ്പോൾ ചോദിച്ചേനെ. ഇപ്പോഴാണ് ഞാൻ കണ്ടത്. 

എം.എ. നിഷാദ് എന്നെ സെറ്റിൽ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഇല്ലെന്നു ഞാൻ പറയില്ല. ആ പടം കഴിഞ്ഞിട്ട് പിന്നെയും ഇടപ്പള്ളിയിലെ എന്റെ വീട്ടിൽ വന്നു ‘ബർത് ഡേ’ എന്ന ഒരു സിനിമയുടെ സ്ക്രിപ്റ്റ് പറഞ്ഞു. അത് ഞാൻ നിർമിക്കാൻ വേണ്ടി ആലോചിച്ചതാണ്. പക്ഷേ നടന്നില്ല. നമ്മൾ എല്ലാം സിനിമയുടെ ഭക്ഷണം കഴിച്ചു വളരുന്നവരാണ്. അങ്ങനെയുള്ള ഒരാൾ എന്നെ കളിയാക്കിയതു ശരിയല്ലെന്ന് എനിക്കു തോന്നുന്നു. 

ഒരു പെൺകുട്ടി ഗർഭിണിയാണെന്ന് പറയുമ്പോൾ അത് വളരെ പവിത്രമായ കാര്യമാണ്. കുട്ടി ആണാണോ പെണ്ണാണോ എന്ന് മുൻകൂട്ടി അറിയാനുള്ള അവകാശം നമുക്കില്ല. അതുപോലെയാണ് സിനിമയും. പത്തുമാസം ഒക്കെ എടുത്താണ് ഒരു സിനിമ പുറത്തിറങ്ങുക. സിനിമയും പവിത്രമാണ്. ഞാൻ അതാണ്‌ ഉദേശിച്ചത്. പക്ഷേ ചർച്ചക്കിടെ ഇടയ്ക്കിടെ കണക്‌ഷൻ ഇഷ്യൂ ഉണ്ടായിരുന്നു. ഞാൻ വിഷ്വൽ കാണുന്നുമില്ല. ഒരു പ്രധാനപ്പെട്ട ആളെ വിളിച്ചു വരുത്തി ലൈവിൽ ഇരിക്കുമ്പോൾ, ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കളിയാക്കുന്നത് ശരിയാണോ. അശ്വന്ത് കോക്കിന്റെ പേര് ഞാൻ ഞാൻ ഇന്റർവ്യൂവിൽ പറഞ്ഞിട്ടില്ല. എം.എ. നിഷാദ് സർ എന്നെ ചിരിച്ചു കളിയാക്കി. എന്നെ പോലെ കുറെ നിർമാതാക്കൾ കഷ്ടപ്പെടുന്നുണ്ട്. ആ വേദനയാണ് ഞാൻ അവിടെ പറയാൻ ശ്രമിച്ചത്. അതിനു മാത്രം ആരും ഉത്തരം പറയാത്തത് എന്താണ്.

‘ആയുധം’ എന്നൊരു പടം ഉണ്ട്. സുരേഷ് ഗോപി സാറും ഞാനും അഭിനയിച്ചതാണ്. അതിൽ അവസാനം വരെ എന്നോടു പറഞ്ഞിരുന്നത് ബാല വില്ലൻ ആണ് എന്നാണ്. ദുബായിൽ വന്നാണ് എം.എ. നിഷാദ് സാർ ഡേറ്റ് ചോദിച്ചത്. ഞാൻ സർ എന്നാണ് വിളിക്കുന്നത് ആ ബഹുമാനം എനിക്കുണ്ട്. അതിൽ ഞാൻ എന്താണ് ചെയ്യുന്നതെന്ന സസ്പെൻസ് പുറത്തു വിട്ടാൽ ആരെങ്കിലും പടം കാണുമോ. ഇതാണ് ഞാൻ ചോദിച്ചത്. പക്ഷേ അതിന് ആരും ഉത്തരം പറഞ്ഞില്ല. 

അശ്വന്ത് കോക്കിനോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഞാൻ വേറെ ഒരു യൂണിവേഴ്‌സിൽ ആണെന്നാണ് പുള്ളി പറഞ്ഞത്. ഇല്ലപ്പാ, ഞാൻ ഇവിടെ തന്നെ ഉണ്ട്. എനിക്ക് കണക്‌ഷൻ പ്രോബ്ലം ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാം പറഞ്ഞു തീർക്കാൻ പറ്റിയില്ല. എനിക്ക് പറയാൻ ഇത്രയേ ഉള്ളൂ, ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ചർച്ച വേറെ രീതിയിൽ കൊണ്ടുപോകുന്നത് ശരിയല്ല. സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെക്കുറിച്ച് മോശം പറയുന്നത് എന്തിനാണ്. സിനിമ പുറത്തു വന്നു ജനങ്ങൾ കാണട്ടെ അവർ സത്യസന്ധമായ അഭിപ്രായം പറയട്ടെ. ഒരു റിവ്യൂവർ സിനിമ കണ്ടു ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാലും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നെങ്കിൽ അതും പറയണം. ഓരോരുത്തർക്ക് ഓരോ അഭിപ്രായം ആയിരിക്കും. എല്ലാവരും ഇഷ്ടപ്പെടുന്ന പടത്തെ ഒരാൾ മോശം എന്ന് പറഞ്ഞാൽ റിവ്യൂ ചെയ്യുന്ന ആൾ ബുദ്ധിമാൻ ആണെന്ന് വിചാരിക്കുമോ.’’– ബാല പറയുന്നു.

English Summary:

Actor Bala Against MA Nishad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com