‘ഇത് മനഃപൂർവം അവഹേളിക്കുന്നതിന് തുല്യം’; ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന
Mail This Article
ടൊവിനോ തോമസ് നായകനാകുന്ന ‘നടികർ തിലക’ത്തിനെതിരെ പരാതിയുമായി തമിഴിലെ നടികർ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന. സിനിമയുടെ പേരു മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. ‘അമ്മ’ സംഘടനയ്ക്ക് അയച്ച കത്തിലാണ് ‘നടികർ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നടികർ തിലകം എന്നത് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമെല്ലാമാണെന്നും അവർ കത്തിൽ കുറിക്കുന്നു.
‘‘നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നൽകുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന, ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമയ്ക്കു നൽകുന്നത് ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുന്നതാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽത്തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർഥിക്കുന്നു.’’ സംഘടന കത്തിൽ പറയുന്നു.
മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് ‘നടികർ തിലകം’. ഭാവനയാണ് ചിത്രത്തിൽ നായികയാകുന്നത്. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്.
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.