‘നീലക്കുറിഞ്ഞി പോലൊരു സിനിമ’; ജിഗർതണ്ട ഡബിൾ എക്സിനെ വാനോളം പുകഴ്ത്തി രജനികാന്ത്
Mail This Article
കാർത്തിക് സുബ്ബരാജ് ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സി’നെ നീലക്കുറിഞ്ഞിയോടുപമിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ചിത്രത്തെ മനസറിഞ്ഞ് അഭിനന്ദിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കത്തിന്റെ ആദ്യ വരിയിലാണ് ‘നീലക്കുറിഞ്ഞി പോലൊരു സിനിമ’യെന്ന് ജിഗർതണ്ടയെ വിശേഷിപ്പിച്ചത്. ‘‘12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലൊരു സിനിമ, കാർത്തിക് സുബ്ബരാജിന്റെ അദ്ഭുതമാർന്ന നിർമിതി.’’–രജനി പറയുന്നു. തമിഴിലെ ഇന്നത്തെ കാലത്തെ നടിഗവേൽ എന്നാണ് എസ്.ജെ.സൂര്യയെ രജനികാന്ത് വിശേഷിപ്പിച്ചത്. മുൻകാല തമിഴ് നടൻ എം.ആർ. രാധയെ ആരാധകർ വിളിച്ചിരുന്ന വാക്കാണിത്.
‘‘കാർത്തിക് സുബ്ബരാജിന്റെ വിസ്മയിപ്പിക്കുന്ന വർക്ക്, വ്യത്യസ്തമായ കഥയും ഇതിവൃത്തവും. സിനിമാ പ്രേമികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഫ്രെയിമുകളും ദൃശ്യങ്ങളും. ലോറൻസിന് ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയുമോയെന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു. എസ്.ജെ. സൂര്യയാണ് ഇന്നത്തെ നടൻ. വില്ലനും കോമഡിയും കഥാപാത്രവും സമന്വയിപ്പിച്ച് അദ്ദേഹം അതിശയിപ്പിക്കുന്നു.
ഈ സിനിമ ഇത്രയും ഗംഭീരമാക്കിയതിന് നിർമാതാവിന് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. സിനിമയിലെ ഗോത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുന്നവരാണ്. നടന്മാരോട് മത്സരിച്ച് ആനകളും അഭിനയിച്ചിട്ടുണ്ട്. ചേതനിയായി അഭിനയിച്ച വിധു മറ്റാരേക്കാളും പ്രശംസ അർഹിക്കുന്നു.
തിരുവിന്റെ ക്യാമറ വർക്ക് മികച്ചതാണ്. കലാസംവിധായകൻ ടി. സന്താനത്തിന്റെ സൃഷ്ടികൾ മികച്ചതാണ്. ദിലീപ് സുബ്ബരായന്റെ സംഘട്ടന രംഗങ്ങൾ അതിശയിപ്പിക്കുന്നതാണ്. വ്യത്യസ്ത സിനിമകൾക്ക് ഓഫ് ബീറ്റ് സംഗീതം ഒരുക്കിയ ചക്രവർത്തിയാമ് സന്തോഷ് നാരായണൻ. സംഗീതം കൊണ്ട് അദ്ദേഹം ഈ ചിത്രത്തിന് ജീവൻ നൽകുകയും താൻ ഒരു മാസ്റ്റർ മ്യൂസിക് കമ്പോസർ ആണെന്ന് തെളിയിക്കുകയും ചെയ്യുന്നു. കാർത്തിക് സുബ്ബരാജ് ഈ സിനിമ കൊണ്ട് ആളുകളെ കയ്യപ്പിടിക്കുന്നു. അവനൊരു അതിശയമാണ്. നിങ്ങളെ ചിന്തിപ്പിക്കുന്നു, കരയിപ്പിക്കുന്നു. കാർത്തിക് സുബ്ബരാജിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.’’–രജനികാന്ത് പറഞ്ഞു.
ഈ ചിത്രത്തിന്റെ വിജയത്തോളം രജനിയുടെ വാക്കുകൾ തന്നെ ആനന്ദിപ്പിക്കുന്നുവെന്നാണ് രാഘവാ ലോറൻസ് കത്ത് പങ്കുവെച്ചുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
2014 ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത 'ജിഗർതണ്ട'യുടെ തുടർഭാഗമാണ് 'ജിഗർതണ്ട ഡബിൾ എക്സ്'. കതിരേശന്റെ നിർമ്മാണത്തിൽ ഒരുക്കിയ ആദ്യഭാഗത്തിൽ സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിഗർതണ്ട ഡബിൾ എക്സിൽ നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിക്കുന്നുണ്ട്.
പിസ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ കാർത്തിക് സുബ്ബരാജിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജിഗർതണ്ട. രജനിയെ നായകനാക്കി ‘പേട്ട’ എന്നൊരു സിനിമയും കാർത്തിക് ഒരുക്കിയിട്ടുണ്ട്. വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മഹാൻ ആണ് ഇതിനു മുമ്പ് കാർത്തിക്ക് സംവിധാനം ചെയ്ത സിനിമ.