ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്: ലിജോയെയും മധുവിനെയും പ്രശംസിച്ച് ഹരീഷ് പേരടി
Mail This Article
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ സംവിധായകൻ ലിജോ ജോസിനെയും ഛായാഗ്രാഹകൻ മധു നീലകണ്ഠനെയും പ്രശംസിച്ച് ഹരീഷ് പേരടി. മലയാളിയുടെ സർവ സാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവരെന്ന് ഹരീഷ് പറയുന്നു. നേരത്തെ വാലിബൻ സെറ്റില്‍ നിന്നുള്ള ലിജോയുടെയും മധുവിന്റെയും ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ഫോട്ടോ പങ്കുവച്ചായിരുന്നു ഹരീഷിന്റെ കുറിപ്പ്.
‘‘ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും..മലയാളിയുടെ സർവ സാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ...അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്...ക്യാമറയ്ക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്...നമ്മള് അർജന്റീനയാവുമ്പം ഇവര് ബ്രസീലാവും...ബ്രസീലിന്റെ സ്റ്റൈലാണ്ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസീലായാൽ ഇവർ ബ്രസീലും കടന്ന് ഹോളണ്ടാവും...
കളി കഴിഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും..എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്..അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും...ശരിയാണ്.."കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്"...കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും...കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു...വാലിബൻ ഓർമകൾ.’’–ഹരീഷ് പേരടി പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബനി’ൽ ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുന്നത്. കഥയേക്കുറിച്ചോ താരങ്ങളുടെ ലുക്കിനെക്കുറിച്ചോ യാതൊരു സൂചനയും ഇതുവരെ അണിയറപ്രവർത്തകർ നൽകിയിട്ടില്ല. 2024 ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തും.