ADVERTISEMENT

ക്യാമറാമാൻ വേണുവിനെ തന്റെ സിനിമയിൽ നിന്നും പുറത്താക്കി എന്ന വാർത്തയിൽ പ്രതികരണവുമായി നടൻ ജോജു ജോർജ്. ക്യാമറാമാൻ വേണുവുമായി യാതൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹത്തെ സിനിമയിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം പിന്മാറിയതാണെന്നും നടൻ ജോജു മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.  ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയായ ‘പണി’യുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ പുറത്തു വന്നത്.  സിനിമയിലുള്ള ആളുകളോട് മോശമായി പെരുമാറിയതിനെ തുടർന്ന് വേണുവിനെ ജോജു പുറത്താക്കിയെന്നായിരുന്നു വാർത്തകൾ. താൻ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ വ്യക്തിത്വങ്ങളിൽ ഒരാളാണ് വേണു സാർ. അദ്ദേഹത്തെ താൻ ഒരിക്കലും പുറത്താക്കിയിട്ടില്ല  എന്ന് ജോജു പറയുന്നു.  ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ലെന്നും  ദയവായി  വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ജോജു ജോർജ് മനോരമ ഓൺലൈനോട് പറഞ്ഞു.

"വേണു സാറിനെ ഇവിടെ നിന്ന് ഒരാളും പുറത്താക്കിയിട്ടില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. സാറിനോട് എനിക്കുള്ള ബഹുമാനം ഇപ്പോഴും അതുപോലെ തന്നെയുണ്ട് അതിൽ യാതൊരു തർക്കവുമില്ല. എനിക്കിഷ്ടമുള്ള ഒരു കാര്യമാണ് സിനിമ ചെയ്യുക എന്നത്.  എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഇഷ്ടമുള്ള പടങ്ങളിൽ അഭിനയിച്ചു ജീവിച്ച് പോവുകയാണ്. ഈ സിനിമയുടെ ഒരു പ്ലാൻ വന്നപ്പോൾ വേണു സാർ   തന്നെയാണ് എന്നോട് ഇത് സംവിധാനം ചെയ്യാൻ പറഞ്ഞത്.  ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ല ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്.

ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ ചെയ്യുന്നത്. സിനിമയോടുള്ള പാഷൻ കൊണ്ടാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. എന്റെ സിനിമയുമായി ബന്ധപ്പെട്ട പലവിധ ആരോപണങ്ങളും ഊഹാപോഹങ്ങളും പലയിടത്തുന്നായി പ്രചരിക്കുന്നതായി കാണുന്നു.  ദയവായി പ്രേക്ഷകർ തെറ്റായ വാർത്തകൾ വിശ്വസിക്കരുത്. " ജോജു ജോർജ്  പറഞ്ഞു.

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘പണി’. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്‌ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 

ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയിയുടെതാണ് സംഗീതം.  ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്, ഇയാൻ–ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ എന്നിവരും അണിനിരക്കുന്നു. ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

English Summary:

Joju George reacts against the rumours on ousted of cinematographer Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com