"മീശയില്ലാത്ത ഒരാളെ കണ്ടു പിടിച്ചു തരണം... പ്രേമിക്കാനാ": ബിജുവിനും സംയുക്തയ്ക്കും ആശംസകൾ നേർന്ന് ഊർമിള
Mail This Article
ഇന്ന് വിവാഹ വാർഷികമാഘോഷിക്കുന്ന നടൻ ബിജുമേനോനും നടി സംയുക്ത വർമയ്ക്കും ആശംസകൾ നേർന്ന് നടിയും സംയുക്തയുടെ അടുത്ത ബന്ധുവുമായ ഊർമിള ഉണ്ണിയുടെ രസകരമായ കുറിപ്പ്. കുട്ടിക്കാലത്തെ സംയുക്തയുടെ കുറുമ്പും രസകരമായ സംഭവങ്ങളും ഓർമിപ്പിക്കുന്നതാണ് കുറിപ്പ്. പതിനാലാം വയസ്സിൽ, ‘‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം. പ്രേമിക്കാനാ’’ എന്ന് സംയുക്ത പറഞ്ഞതൊക്കെ ഊർമിള ‘ജീവിതം സുന്ദരം’ എന്ന പോസ്റ്റിൽ രസകരമായി വിവരിക്കുന്നു.
ഊർമിള ഉണ്ണിയുടെ കുറിപ്പിന്റെ പൂർണരൂപം
ജീവിതം സുന്ദരം
കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക, ശരീരമാകെ മുറിവേൽപിക്കുക അതാണ് ഹോബി!
വീട്ടിൽനിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്കൂളിലേക്ക്. വൃത്തിയായി ഒരുക്കിയാണ് അവളെ സ്കൂളിലേക്ക് വിടുക. എന്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ‘‘ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു താത്താ തൈ. എന്നെ അത്രയ്ക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടിക്കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയൂ അമ്മയോട്.
എനിക്കു താത്താതെൈയെ മാത്രമേ ഇഷ്ടമുള്ളൂ’’. സ്കൂളിൽനിന്നു തിരിച്ചു വരുമ്പോൾ അവളുടെ രൂപമൊന്നു കാണണം, തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും. മേലാസകലം ചെളി പുരണ്ടിരിക്കും. ഷൂസിന്റെ ലേസ് കൂട്ടിക്കെട്ടി തോളിലിട്ടിരിക്കും!
അവൾക്കു 14 വയസ്സായി. ഹിന്ദി പാട്ടുകൾ ടിവിയിൽ കണ്ടിരിക്കുമ്പോൾ സംയുക്ത എന്നോടു പറഞ്ഞു .‘‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം. പ്രേമിക്കാനാ.’’ ഉമചേച്ചി എന്നെ അടുക്കളയിൽനിന്നു കണ്ണുരുട്ടി നോക്കി.
സംയുക്ത സിനിമാ താരമായി. സെറ്റുകളിൽനിന്നു സെറ്റുകളിലേക്ക് തിരക്കോടു തിരക്ക്. എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു ‘‘സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമിളേ.’’
ഞാൻ പൊട്ടിച്ചിരിച്ചു! ‘‘ചുമ്മാ!!!’’ ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നതു പോലും എന്നോട് ചോദിച്ചിട്ടായിരിക്കും. പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ. അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ...?
നമ്മുടെ മനസ്സിൽ കുട്ടികൾ വലുതാവലേയില്ല. ഞാനെന്തു മണ്ടിയാണ്. അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു.
അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി. ഞാൻ സംയുക്തയോടു ചോദിച്ചു ‘‘എങ്ങനെ പോകുന്നു കുടുംബ ജീവിതം?’’ അവൾ പറഞ്ഞു: ‘‘ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്തം അനുഭവപ്പെടും. അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും.
സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോൾ സംയുക്തയല്ല, സംതൃപ്തയാണ് താത്താ തൈ...’’ ഞാൻ കുസൃതി ചോദ്യം ചോദിച്ചു. ‘‘അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ?’’ അവൾ പൊട്ടിച്ചിരിച്ചു എന്നിട്ട് മമ്മുക്കയുടെ വാക്കുകൾ കടമെടുത്തു.
‘‘ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരു രക്തബന്ധമല്ല, പക്ഷേ എല്ലാ ബന്ധങ്ങളും, ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം!’’
ഇന്ന് വിവാഹ വാർഷികമാഘോഷിക്കുന്ന ബിജുവിനും സംയുക്തയ്ക്കും എത്ര ആശംസകൾ നേർന്നാലും മതിവരില്ല ...
ജന്മങ്ങൾക്കപ്പുറമെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം...