ADVERTISEMENT

നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് െവളിപ്പെടുത്തി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിൽ അസീസ് തന്നെ അനുകരിക്കുന്നത് മോശമായാണ് എന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അശോകൻ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ തന്റെ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകനു മറുപടിയായാണ് അസീസിന്റെ വെളിപ്പെടുത്തൽ. ‘പഴഞ്ചൻ പ്രണയം’ എന്ന സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അസീസ്.

‘‘അശോകേട്ടന്റെ ആ ഇന്റർവ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വിഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിർത്തി.

അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട. 

എന്റെ സ്റ്റേജ് പെർഫോമൻസുകൾ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാൾക്ക് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടി. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇനി മുതൽ അശോകൻ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാൽ അനുകരണം നിർത്തും. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോൾ തന്നെ ഫിഗർ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. നല്ല സ്കിറ്റുകൾ തുടരും. ഞങ്ങൾ മിമിക്രിക്കാരാണ്.’’–അസീസ് നെടുമങ്ങാട് പറഞ്ഞു.

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം അമരത്തിലെ അശോകന്റെ രാഘവൻ എന്ന കഥാപാത്രത്തെയാണ് അസീസ് അടക്കമുള്ളവർ അനുകരിക്കാറുള്ളത്. അസീസ് നെടുമങ്ങാട് തന്നെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നായിരുന്നു ഒരഭിമുഖത്തിൽ അശോകൻ തുറന്നു പറഞ്ഞത്.

‘‘മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. ‘അമരം’ സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനഃപൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്. എനിക്ക് അത്രയും തോന്നുന്നില്ല. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല.’’ ഇങ്ങനെയായിരുന്നു അശോകന്റെ വാക്കുകൾ.

English Summary:

Mimicry artiste Azees Nedumangadu says he will never imitate Ashokan again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com