മമ്മൂട്ടിയുടെ ‘ചാച്ചൻ’; 74 –ാം വയസ്സിൽ പണിക്കർ സിനിമാ നടനായതെങ്ങനെ..?
Mail This Article
‘ചാച്ചനെന്താ ഒന്നും മിണ്ടാത്തേ..? എന്തെങ്കിലുമൊന്നു പറഞ്ഞുകൂടേ..?..’ ...എന്നിട്ടും ചാച്ചനൊന്നും മിണ്ടുന്നില്ല. അല്ലെങ്കിൽത്തന്നെ ചാച്ചൻ എന്തിനാണ് സംസാരിക്കുന്നത്..? നിശബ്ദതയാണ് ചാച്ചന്റെ സംസാരം. മൗനമാണ് ചാച്ചന്റെ അഭിനയം. കാതൽ ദ് കോർ എന്ന സിനിമയുടെ ടോൺ ഈ നിശബ്ദതയാണ്. പതിഞ്ഞ ശബ്ദത്തിൽ മുങ്ങിയ പലതരം അനുരാഗത്തിന്റെ നിശബ്ദത. സിനിമയുടെ മൂഡ് സെറ്റു ചെയ്യുന്ന ഈ ശബ്ദത്തിന്റെ മെല്ലെപ്പോക്കിൽ ചാച്ചനാണ് മുന്നിൽ. വല്ലപ്പോഴുമേ ചാച്ചൻ മിണ്ടൂ, മിണ്ടിയാലും രണ്ടോ മൂന്നോ വാക്ക്. ചാച്ചന്റെ മുഖംതന്നെയാണ് സിനിമയുടെ സംസാരം. മമ്മൂട്ടിയുടെയും ജ്യോതികയുടെയും സുധി കോഴിക്കോടിന്റെയും കാതൽ കാഴ്ചക്കാരിലെത്തുമ്പോൾ ചാച്ചനായി അഭിനയിക്കുന്ന ആർ.എസ്.പണിക്കർ അതിന്റെ അടിയൊഴുക്കായുണ്ട്.
74 –ാംവയസ്സിൽ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയമോ സിനിമയോ ആയി പുലബന്ധം പോലുമില്ലാത്തയാളാണ് പണിക്കരെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. സിനിമയിൽ മമ്മൂട്ടിയുടെ പിതാവായി എത്തുന്ന ഈ കഥാപാത്രം അങ്ങനെ മലയാളി എന്നുമോർക്കുന്ന വേഷമായി മാറുകയാണ്. ഒരുപക്ഷേ മമ്മൂട്ടിയുടെ മാത്യു എന്ന കഥാപാത്രത്തേക്കാൾ മാനസികവേദന അനുഭവിക്കുന്നത് പിതാവിന്റെ കഥാപാത്രമാണ്. തന്റെ മകനൊരു സ്വവർഗാനുരാഗിയാണെന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിട്ടും വർഷങ്ങളോളം അത് മറച്ചുവച്ചൊരു പിതാവിന്റെ സങ്കടം. തല കുമ്പിട്ടുള്ള പണിക്കരുടെ ഇരിപ്പിലൂടെയും മൗനത്തിലൂടെയും ദീനതയാർന്ന നോട്ടത്തിലൂടെയും ആ വേദന അതിമനോഹരമായി പ്രേക്ഷകരിലെത്തുന്നു.
മുസ്തഫ വഴി ക്യാമറയുടെ മുന്നിലേക്ക്
കപ്പേള സിനിമയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫയിലൂടെയാണ് പണിക്കർ കാതലിലെത്തുന്നത്. മലപ്പുറം ജില്ലയിലെ ചേളാരിയിലെ മുസ്തഫയുടെ വീടിനടുത്താണ് പണിക്കരുടെയും വീട്. മുസ്തഫയ്ക്ക് പണിക്കരെ ഏറെക്കാലമായി അറിയാം. ആ പരിചയത്തിലൂടെയാണ് സംവിധായകൻ ജിയോ ബേബിക്ക് പണിക്കരെ പരിചയപ്പെടുത്തുന്നത്. പണിക്കരെ കണ്ടയുടനെ ജിയോ ബേബി മമ്മൂട്ടിയുടെ പിതാവെന്ന കഥാപാത്രമായി അദ്ദേഹത്തെ തീരുമാനിച്ചു. പണിക്കരുടെ ഫോട്ടോ കണ്ട മമ്മൂട്ടി 2 ദിവസത്തിനുശേഷം ഓകെ പറഞ്ഞു. പിന്നെ ക്യാമറയുടെ മുന്നിലേക്ക്.
പിഎസ്സി മുൻ അംഗത്തിന്റെ അഭിനയം
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള കടമ്പനാടാണ് പണിക്കരുടെ സ്വദേശം. കാലിക്കറ്റ് സർവകലാശാലയിൽ ജോലി കിട്ടിയതോടെ മലപ്പുറത്തേക്കെത്തി. സർവകലാശാലാ ജോയിന്റ് റജിസ്ട്രാറായാണ് 2004ൽ വിരമിച്ചത്. സർവീസ് കാലത്ത് ശക്തമായ സംഘടനാ പ്രവർത്തനമുണ്ടായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ നേതാവും സിൻഡിക്കറ്റ് അംഗവുമായിരുന്നു. 2005 മുതൽ 6 വർഷം പിഎസ്സി മെംബറുമായിരുന്നു. സംഘടനാ പ്രവർത്തന കാലത്ത് സമ്മേളനത്തിന്റെയും മറ്റും ഭാഗമായി നാടകങ്ങളിൽ അഭിനയിച്ചിരുന്നു എന്ന ഒരൊറ്റ മുൻപരിചയമേ ഈ രംഗത്തുള്ളൂവെന്ന് അദ്ദേഹം പറയുന്നു. അതു കണ്ടാണ് മുസ്തഫ ഈ കഥാപാത്രത്തിലേക്ക് വഴികാണിച്ചത്. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നതിനിടെ അങ്ങനെ പണിക്കർ സിനിമാ നടനായി.
റീ ടേക്കുകൾ കുറവ്
മുൻ പരിചയമൊന്നുമില്ലെങ്കിലും സിനിമാ അഭിനയം അത്ര കടുപ്പമുള്ളതായി തോന്നിയില്ലെന്ന് പണിക്കർ. അധികമൊന്നും റീ ടേക്ക് വേണ്ടിവന്നില്ല. അങ്ങനെ വേണ്ടിവന്നപ്പോൾ പോലും അഭിനയത്തിനിടയ്ക്ക് സംവിധായകൻ കട്ട് പറഞ്ഞിരുന്നില്ലെന്നത് വളരെ ആശ്വാസമായിരുന്നു. എടുത്തുതുടങ്ങിയ ടേക്ക് കഴിഞ്ഞശേഷമാണ് ഒന്നുകൂടി എടുത്താലോയെന്നു ജിയോ ബേബി ചോദിച്ചിരുന്നതെന്ന് പണിക്കർ പറയുന്നു. കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പുതുമുഖ നടൻ. ഒരിക്കൽക്കൂടി സിനിമ കാണണം – ഭാര്യ പറഞ്ഞത് ഇങ്ങനെയെന്ന് പണിക്കർ.