ആ വിഡ്ഢികള്‍ കാരണമാണ് എന്റെ ആരോഗ്യം നശിച്ചത്: അൽഫോൻസ് പുത്രൻ
Mail This Article
തിയറ്റർ ഉടമകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. തന്റെ കണ്ണുനീരിനു കാരണം തിയറ്റർ ഉടമകളാണെന്നും തന്നെപ്പോലെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ ഇവർ കാരണം ഇവിടെ വീണിട്ടുണ്ടെന്നും അൽഫോൻസ് പുത്രൻ പറയുന്നു.
തന്റെ സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം അല്‍ഫോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. അൽഫോൻസിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു കൂടുതൽപേർക്കും അറിയേണ്ടിയിരുന്നത്. ഇനി തിയറ്റര്‍ സിനിമകള്‍ ചെയ്യില്ലേ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിനു നൽകിയ മറുപടിയിലാണ് തിയറ്റര്‍ ഉടമകളെ സംവിധായകൻ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. തന്റെ ആരോഗ്യം മോശമാക്കിയത് തിയറ്റര്‍ ഉടമകളാണെന്നു അല്‍ഫോൻസ് കുറിച്ചു.
‘‘തിയറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്.
ഒരു റൂമില്‍ ഇരുന്നു ചെറിയ എഴുത്തുകാര്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.’’–അൽഫോൻസ് പുത്രൻ പറഞ്ഞു.
Read more at: സിനിമാ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ്
നേരത്തെ ‘ഗോൾഡ്’ സിനിമയുമായി ബന്ധപ്പെട്ടും പ്രതികരണവുമായി അൽഫോൻസ് എത്തിയിരുന്നു. പ്രേക്ഷകർ കണ്ട ‘ഗോൾഡ്’ തന്റെ ‘ഗോൾഡ്’ അല്ലെന്നാണ് സംവിധായകൻ പറഞ്ഞത്. ‘പ്രേമം’ സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തുവിടാമോയെന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് അൽഫോൻസ് ഇക്കാര്യങ്ങൾ പറഞ്ഞത്.
Read more at: ‘പ്രേമ’ത്തിൽ മോഹൻലാലിനൊരു കഥാപാത്രം ഉണ്ടായിരുന്നു: കൃഷ്ണ ശങ്കർ
‘‘ഞാൻ എഴുതിയ ജോർജ് എന്ന കഥാപാത്രവുമായി ആ രംഗങ്ങൾ യോജിക്കാത്തതിനാൽ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോർജ് യോജിച്ചില്ലെങ്കിൽ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോദിക്കരുത്, കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടന്നില്ല. അതുപോലെതന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോൾ 'ഗോൾഡ്' മറന്നേക്കൂ.’’– അൽഫോൻസിന്റെ വാക്കുകൾ.