ADVERTISEMENT

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ റിലീസ് തിയതി വെളിപ്പെടുത്തി പൃഥ്വിരാജ്. ചിത്രം അടുത്തവർഷം ഏപ്രിൽ 10ന് റിലീസ് ചെയ്യും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ടാഗ്‌ലൈൻ.

പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ പൂജ റിലീസായി ഒക്ടോബർ 20ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കുറച്ചു വർക്കുകൾ കൂടി ബാക്കി ഉണ്ടെന്ന് ബ്ലെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല പാൻ ഇന്ത്യൻ റിലീസ് ആകും ഇവർ പദ്ധതിയിടുന്നതും. 

പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്. 2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിങ് മാറ്റിവച്ചു. പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു.

രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം. പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിങ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.

2022 മാര്‍ച്ച് പതിനാറിന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ പതിനാറിന് പൃഥ്വി തിരികെ നാട്ടിലെത്തി.

സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.

‘‘ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമ 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. ആടുജീവിതത്തിലെ യഥാർഥ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റില്‍സോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോര്‍ദാനില്‍നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും.’’–പൃഥ്വിരാജിന്റെ വാക്കുകൾ.

English Summary:

Aadujeevitham Release Date Finalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com