ഫോളോവേഴ്സിനെ കൂട്ടണം; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു അർജുൻ; വിഡിയോ
Mail This Article
വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള ഹൃദയഹാരിയായ വിഡിയോ പങ്കുവച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു പങ്കുവച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഈ വിഡിയോ റെക്കോർഡ് ചെയ്ത് ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സിനെ കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അല്ലു അർജുൻ വിഡിയോയിൽ പറയുന്നു. ‘ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ട്’ എന്ന ചോദ്യത്തിന് ‘പതിമൂവായിരം’ എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. ‘എത്ര ഫോളോവേഴ്സ് വേണമെന്നാണ് ആഗ്രഹം’ എന്ന് ചോദിച്ചപ്പോൾ ‘മുപ്പതിനായിരം വേണം’ എന്ന് പെൺകുട്ടി പറയുന്നു. ‘ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ’ എന്നാണ് അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നത്. ‘ഉറപ്പായും കിട്ടും’ എന്നു പെൺകുട്ടി പറയുന്നു. ‘ഓക്കെ, നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം’ എന്ന് അല്ലു അർജുൻ പറയുന്നു.
വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോൾ പതിമൂവായിരം പേരുണ്ടായിരുന്ന അശ്വിനിയുടെ പേജ് ഇപ്പോൾ ഫോളോ ചെയ്യുന്നത് പതിനെണ്ണായിരം ആളുകളാണ്.
തെലുങ്ക് സിനിമാരംഗത്തെ സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന അല്ലു അർജുൻ ഏറെ എളിമയുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നാണ് ആരാധകർ പറയുന്നത്. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന അല്ലു അർജുന്റെ വിഡിയോ നേരത്തേ വൈറലായിരുന്നു. വോട്ട് ചെയ്തതിനു ശേഷം, എല്ലാവരും ഉത്തരവാദിത്തത്തോടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു.