ADVERTISEMENT

മലയാളികളുടെ മുത്തശ്ശി വാത്സല്യമായിരുന്നു സുബ്ബലക്ഷ്മി. ചിരിക്കുന്ന മുഖത്തോടെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സുബ്ബലക്ഷ്മി ‘നന്ദനം’ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മലയാളികള്‍ക്കു മറക്കാനാകാത്ത നിരവധിവേഷങ്ങൾ ചുരുക്കം സിനിമകളിലൂടെ നമുക്ക് നൽകി. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്‍മിക്ക് ജനപ്രീതി നൽകിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ്‌യ്ക്കൊപ്പം ബീസ്റ്റ് സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്‍മി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്മാരായ രൺബീർ കപൂറിനും സുശാന്ത് സിങ് രജ്പുത്തിനുമൊപ്പം പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷും പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെ പലപ്പോഴും സുബ്ബലക്ഷ്മി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. എൺപതുകളുടെ കാലഘട്ടത്തിലും ഒറ്റയ്ക്ക് താമസിക്കാനായിരുന്നു സുബ്ബലക്ഷ്മിക്ക് ഇഷ്ടം.

vijay-beast

ചെറുപ്പകാലത്തും താൻ തനിച്ചായിരുന്നു എന്ന് സുബ്ബലക്ഷ്മി പറഞ്ഞിരുന്നു. ആവശ്യങ്ങൾ പറയാനോ അത് കേൾക്കാനോ പോലും തനിക്ക് ആരും ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ മരണശേഷം താനും സഹോദരങ്ങളും തീർത്തും ഒറ്റപ്പെട്ടു പോയെന്നും സുബ്ബലക്ഷ്മി ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 

‘‘ചെറുപ്പം തുടങ്ങി കഷ്ടത തുടങ്ങി. സമയദോഷം വരുമ്പോൾ അത് കഴിയും പോകും എന്ന് പറയും എന്നാൽ എന്റെ ജീവിതത്തിൽ മുഴുവനും കഷ്ടതകൾ തന്നെ ആയിരുന്നു. വലിയ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. അച്ഛൻ വലിയ പൊസിഷനിൽ ഉള്ള ആളായിരുന്നു. ദീവാൻ സർ സി.പി. രാമസ്വാമി അയ്യർ വന്ന് കല്യാണം കഴിപ്പിച്ചു കൊടുത്തതാണ് എന്റെ അമ്മയെ. അത്ര നല്ല ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്.

ആ വീട്ടിലെ ആദ്യത്തെ പെൺകുട്ടി ആയിരുന്നു ഞാൻ. അതുകൊണ്ട് വളരെ ലാളിച്ചാണ് എന്നെ വളർത്തിയത്. എന്നാൽ 28 വയസുള്ളപ്പോൾ അമ്മ മരിച്ചു. ഈ കാലത്ത് 28 ആം വയസ്സിൽ ആണ് കല്യാണം തന്നെ നടക്കുന്നത്. അന്ന് ആ പ്രായത്തിൽ എന്റെ അമ്മ വിടവാങ്ങി. എനിക്ക് അപ്പോൾ പതിനൊന്ന് വയസ്സ് പോലുമായിരുന്നില്ല. എനിക്ക് താഴെ ഒരു അനുജത്തിയും അനുജനും ഉണ്ടായിരുന്നു. തോട്ടിലിൽ അവരെ കിടത്തി ആട്ടി കൊണ്ടിരിക്കുന്ന ആ പ്രായം, അപ്പോഴാണ് അമ്മ മരിക്കുന്നത്.

അച്ഛന്റെ എല്ലാ കാര്യങ്ങളും അമ്മ ആയിരുന്നു നോക്കുന്നത്. ഓഫിസിൽ നിന്നും വന്നാൽ ടൈ അഴിക്കാനും സോക്സ് അഴിക്കാനും വരെ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണം അച്ഛന് വലിയ ഷോക്കായിരുന്നു. ഈ കുട്ടികളെ എങ്ങനെ വളർത്തും എന്നായിരുന്നു അച്ഛന് ചിന്ത,' 'അച്ഛന്റെ ചേച്ചി ഭയങ്കര പണക്കാരിയായിരുന്നു കുട്ടികൾ ഇല്ല. അവരുടെ കൂടെ ആയി ഞങ്ങൾ മൂന്ന് പേരും. ഒരു സാമൂഹിക പ്രവർത്തനം പോലെ ആയിരുന്നു അവർ കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഞങ്ങൾക്ക് അത് അറിയുന്നുണ്ടായിരുന്നില്ല, കുട്ടികൾ അല്ലെ. ഞങ്ങൾക്ക് അമ്മയുടെ സ്നേഹം ഒക്കെ ആയിരുന്നു അപ്പോൾ ആവശ്യം. അനിയന് ഒന്നര വയസ്സേ ഉണ്ടായിരുന്നുള്ളു. പക്ഷേ അവിടെ ചെന്നപ്പോൾ ഞങ്ങൾ കൂട്ടിലിട്ട കിളികളെ പോലെ ആയി മാറി. ഞങ്ങളുടെ ഈ കഥ എടുത്താൽ ഒരു സിനിമ തന്നെ പിടിക്കാം. ആകെ കെട്ടിയിട്ട പോലെ ആയിരുന്നു.

എന്നെ പോലെയുള്ളവർ ലോകത്ത് ഒരുപാട് ഉണ്ട്. എന്നാൽ പഴയത് പോലുള്ള ദുഃഖങ്ങൾ ഒന്നും ഇന്ന് എനിക്കില്ല. കഷ്ടപ്പാടുകൾ ഒന്നും പറയാനും ഇല്ല. എന്റെ ഭർത്താവ് മരിച്ചതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ്. മക്കളെയെല്ലാം വിവാഹം കഴിച്ചു വിട്ട ശേഷം ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു. 2009 ൽ അദ്ദേഹം പോയതിൽ പിന്നെ ഒറ്റപ്പെട്ട ജീവിതമാണ്. അത് കൂടുതൽ ആലോചിച്ചിട്ട് കാര്യമില്ല. നമുക്ക് ഉള്ളത് കൊണ്ട് സന്തോഷിക്കുകയും തൃപ്തിപ്പെടുകയും ചെയ്യും. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ കാര്യം നോക്കി, ആരെയും കഷ്ടപ്പെടുത്താതെ ആരോടും കൈനീട്ടാതെ ജീവിക്കും. നമ്മുടെ കാര്യങ്ങൾ നമ്മുക്ക് പറ്റുന്ന കാലം വരെ ചെയ്യുക. അതാണ് വേണ്ടത്. ഇതൊക്കെ എന്റെ ആഗ്രഹമാണ്. എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിനെ അറിയൂ.

അത്രമാത്രം അമ്മമാർ വിഷമിക്കുന്നുണ്ട് ഇപ്പോൾ. വയസ്സായവർക്ക് ഇക്കാലത്ത് ഒരു വിലയുമില്ല. ഒരു ഗുരുസ്ഥാനവും തരുന്നില്ല. എന്തോ വെയ്സ്റ്റ് പോലെ ആയിട്ടാണ് ഇപ്പോൾ കാണുന്നത്. അതൊക്കെ കാണുമ്പോൾ വിഷമമുണ്ട്. എന്തുകൊണ്ടാണ് അവരെ അങ്ങനെ കാണുന്നത്, അവരുടെ ആരോഗ്യം നശിച്ചത് കൊണ്ട്. പൈസ ഇല്ലാത്തത് കൊണ്ടും അവർക്ക് പോകാൻ സ്ഥലമില്ലാത്തത് കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്.

ranbir-subbalakshmi

അതുകൊണ്ടാണ് ഞാൻ പറയുന്നത് നമ്മളെ പോലെ കുറച്ചു പേരെങ്കിലും അത് വെല്ലിവിളയായി ഏറ്റെടുത്ത് ഓരോന്ന് ചെയ്ത് കാണിക്കണം. ഒന്നില്ലെങ്കിൽ ഭഗവാന് മുന്നിൽ ഇരുന്ന് രണ്ടു പാട്ട് പാടിയാൽ എങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമല്ലോ. ഈ മുത്തശ്ശിമാർക്ക് അത് ചെയ്തൂടെ. വയ്യെന്ന് പറഞ്ഞു ഇരിക്കുന്നത് കൊണ്ടാണ് ഓരോന്ന് പറയുന്നത്. അല്ലെങ്കിൽ വീട്ടിലെ എങ്കിലും എന്തെങ്കിലും പണി ചെയ്യുക. അങ്ങനെയൊക്കെ ചെയ്താൽ ആരെങ്കിലും അവിടെയും ഇവിടെയും കൊണ്ടുപോയി തള്ളുമോ,

നമ്മുടെ ഭാഗത്തും തെറ്റുകൾ ഉണ്ടല്ലോ. ചിലരെ കണ്ടിട്ടില്ലേ 60 വയസാകുമ്പോൾ റിട്ടയർ ചെയ്ത് വന്ന് വീട്ടിൽ ഒരു കിടപ്പായിരിക്കും. റിട്ടയർമെന്റ് വെറുതെ ഇരിക്കാൻ അല്ല. അത് കോടികണക്കിന് ജനങ്ങൾ ഉള്ളിടത് എല്ലാവര്‍ക്കും ജോലി കിട്ടാൻ വേണ്ടി ഉള്ള സംവിധാനം ആണ്. റിട്ടയർ ആയാൽ എന്തോ അവശത വന്നത് പോലെയാണ് പലർക്കും. അപ്പോഴാണ് കുറെ കൂടി ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യേണ്ടത്.’’–സുബ്ബലക്ഷ്മിയുടെ വാക്കുകൾ.

ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ദീഖിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ദീഖ് വഴി തന്നെ നന്ദനം  സിനിമയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. രഞ്ജിത്ത് സംവിധാനവും സിദ്ദീഖ് നിർമാണവും നിർവ്വഹിച്ച സൂപ്പർഹിറ്റ് ചിത്രമായ "നന്ദന"ത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരുവളായാണ് മലയാള സിനിമയിൽ ആദ്യമായി സുബ്ബലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. സിനിമയിൽ മാത്രമല്ല ഏറെ ടെലിവിഷൻ പരമ്പരകളിലും ടോക്ക് ഷോകളിലുമൊക്കെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

English Summary:

Subbalakshmi about her life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com