മുടക്ക് 5 കോടിയിലും താഴെ; പത്ത് കോടി കലക്ഷനുമായി ‘കാതൽ’
Mail This Article
കുറഞ്ഞ ബജറ്റിലെത്തി തിയറ്ററുകൾ കീഴടക്കുകയാണ് മമ്മൂട്ടി ചിത്രം ‘കാതൽ’. ഏകദേശം അഞ്ച് കോടിക്കു താഴെ മാത്രം മുതൽമുടക്കുള്ള ചിത്രത്തിന്റെ ആഗോള കലക്‌ഷൻ പത്തുകോടി പിന്നിട്ടു. കേരളത്തിൽ നിന്നും മാത്രം ചിത്രം 7.5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യം ചുരുക്കം ചില തിയറ്ററുകളില്‍ മാത്രം റിലീസിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 150നു മുകളിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
യുകെ, ജർമനി, ഫ്രാൻസ്, നോർവേ, ബെൽജിയം എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ഡിസംബർ ഏഴിന് ചിത്രം ഓസ്‌ട്രേലിയയിൽ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകൾ കൈവരിച്ച വമ്പൻ വിജയങ്ങൾ കാതലിനും വിദേശ രാജ്യങ്ങളിൽ പ്രിയം വർധിക്കാൻ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപത്രങ്ങളിൽ എത്തുന്ന ജിയോ ബേബി ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്. കുടുംബപ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത കാതലിന്റെ ഓസ്‌ട്രേലിയൻ വിതരണ അവകാശം വൻ തുകയ്ക്കാണ് ബിഗ് ബജറ്റ് ഹിന്ദി–തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേൺ സ്റ്റാർ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയിലെ ഇരുപത്തിയഞ്ച് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രം തൊട്ടടുത്ത ആഴ്ച കൂടുതൽ തിയറ്ററുകളിൽകൂടി പ്രദർശനത്തിനു എത്തും. ന്യൂസിലാൻഡിലും ഡിസംബർ 14 ന് ചിത്രം വ്യാപകമായി റിലീസ് ചെയ്യും.
നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.
മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിൽ നിന്നും നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. മമ്മൂട്ടിയെപ്പോലൊരു മഹാനടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യമാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്. ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്.
ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ.