നിരൂപകരും തള്ളി, വിമർശനവും കടുത്തു; 350 കോടിയുമായി ‘അനിമൽ’ കുതിക്കുന്നു
Mail This Article
ബോളിവുഡിലെ പ്രശസ്ത സിനിമ നിരൂപകരടക്കം തള്ളിപ്പറഞ്ഞ രൺബീർ കപൂർ ചിത്രം ‘അനിമൽ’ ബോക്സ്ഓഫിസിൽ കുതിപ്പു തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും മറ്റും ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളും ചർച്ചകളും സജീവമാകുമ്പോൾ ഇതൊന്നും ബാധിക്കാതെയാണ് സിനിമയുടെ കലക്‌ഷൻ ഉയരുന്നത്. നിർമാതാക്കളായ ടി സീരിസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 356 കോടിയാണ്. ഷാറുഖ് ഖാന്റെ ജവാൻ സിനിമയ്ക്കു ശേഷം ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായും അനിമല്‍ മാറി.
ഞായറാഴ്ച ഹിന്ദി പതിപ്പിന്റെ കലക്‌ഷന് 63 കോടിയാണ്. ഇതുവരെ ബോളിവുഡ് ബോക്സ്ഓഫിസിൽ നിന്നും ചിത്രം വാരിയത് 176 കോടി രൂപ. തെന്നിന്ത്യയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശത്തും ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നു.
അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’ വയലൻസും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിത്രമാണെന്നതാണ് പ്രധാന വിമർശനം. സൂപ്പർതാരങ്ങളുടെ അതിഥി വേഷമില്ല, മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യം ഇതൊക്കെയായിട്ടും രൺബീർ കപൂർ ചിത്രം ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിക്കുകയാണ്.
ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പർസ്റ്റാർ പട്ടവും രണ്‍ബീർ ഉറപ്പിക്കുകയാണ്. ജവാനും ഗദ്ദർ 2വിനും ശേഷം ഇറങ്ങിയ ഹിന്ദി സിനിമകൾക്കൊന്നും ബോക്സ്ഓഫിസിൽ നിന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തിയിട്ടും സൽമാൻ ഖാന്റെ ടൈഗർ 3യും ബോക്സ്ഓഫിസിൽ അദ്ഭുതമൊന്നും സൃഷ്ടിച്ചില്ല.
അര്‍ജുന്‍ റെഡ്ഡി, കബീർ സിങ് എന്നീ സിനിമകൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.