‘വർഷങ്ങൾക്ക് ശേഷം’ പ്രണവിനെ കണ്ടുമുട്ടി നിവിൻ പോളി
Mail This Article
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിൽ നിവിൻ പോളി ജോയിൻ ചെയ്തു. പ്രണവിനൊപ്പമുള്ള നിവിൻ പോളിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ആഘോഷമാക്കുന്നത്. ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, നീരജ് മാധവ്, നിവിൻ പോളി, കലേഷ് രാമാനന്ദ് തുടങ്ങിയ ചെറുപ്പക്കാരുടെ ഒരു വമ്പൻ നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എൺപതുകളിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ഹൃദയം എന്ന വിജയചിത്രത്തിന്റെ ശിൽപികളാണ് ഈ ചിത്രത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്. വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം ആണ്. മെറിലാൻഡ് സിനിമ തന്നെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നാല് സിനിമകൾ സംവിധാനം ചെയ്തെങ്കിലും അതിലൊന്നും ധ്യാൻ അഭിനയിച്ചിട്ടില്ല. ‘തിര’ പുറത്തിറങ്ങി പത്ത് വർഷങ്ങൾക്കുേശഷം വിനീതും ധ്യാനും വീണ്ടും ഒന്നിക്കുകയാണ്.