എട്ടു സീറ്റിലും പരാജയം; കെട്ടിവച്ച കാശും നഷ്ടമാക്കി പവന്‍ കല്ല്യാണിന്‍റെ ജനസേന
Mail This Article
തെലുങ്ക് നടൻ പവന്‍ കല്ല്യാണിന്‍റെ ജനസേന പാര്‍ട്ടിക്ക് തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ പൂർണ പരാജയം. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജനസേന പാർട്ടി മത്സരിച്ച എട്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. കുക്കാട്ട്പള്ളി, തണ്ടൂർ, കോതാട്, ഖമ്മം, വൈര എസ്ടി, കോതഗുഡെം, അശ്വറോപേട്ട എസ്ടി, നാഗർകുർണൂൽ എന്നിവിടങ്ങളിലാണ് ജനസേന പാര്‍ട്ടി മത്സരിച്ചത്. ഏഴു സീറ്റുകളിൽ കെട്ടിവച്ച കാശ് പോലും കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.
കുക്കാട്ട്പള്ളി മണ്ഡലത്തിൽ മാത്രമാണ് പാർട്ടിക്കു കുറച്ചെങ്കിലും വോട്ടു പിടിക്കാനായത്. സ്ഥാനാർഥി എം. പ്രേം കുമാര്‍ 39,830 വോട്ട് നേടി. പവന്‍ കല്ല്യാണ്‍ നേരിട്ട് എത്തി ഇവിടെ റാലി നടത്തിയിരുന്നു. എന്നാല്‍ ബാക്കിയുള്ള സീറ്റുകളില്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങി.
2014ലാണ് പവന്‍ കല്ല്യാണ്‍ ജനസേന പാര്‍ട്ടി രൂപീകരിച്ചത്. മുൻ വർഷങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചിരുന്ന പാർട്ടി അടുത്തിടെയാണ് ബിജെപിയുമായി ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളിൽ പവൻകല്യാണിന്റെ സാന്നിധ്യം വലിയ വാർത്തയായിരുന്നു. ദേശീയ സുരക്ഷയ്ക്കായി മോദി എടുക്കുന്ന കർക്കശമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പു നേട്ടം നോക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തന്നെ മോദിയിലേക്ക് ഏറെ അടുപ്പിച്ചെന്നാണ് പവൻ കല്യാണ്‍ ഹൈദരാബാദിലെ ഒരു പരിപാടിക്കിടെ പറഞ്ഞത്.
‘‘സംസ്ഥാനത്ത് പിറവിയെടുത്ത പാർട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ തെരഞ്ഞെടുപ്പുകൾ. പുതുതായി രൂപീകരിച്ച സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഞങ്ങൾ ഇതുവരെ വിട്ടുനിന്നിരുന്നു, പാർട്ടിക്ക് പ്രവർത്തിക്കാൻ മതിയായ സമയം നൽകിയതിനു ശേഷമാണ് ഞങ്ങൾ ഇത്തവണ മത്സരരംഗത്തിറങ്ങിയത്. സംസ്ഥാന രൂപീകരണത്തിൽ യുവാക്കളുടെ ത്യാഗം കണക്കിലെടുത്താണ് പിന്നാക്ക സമുദായത്തിൽപ്പെട്ട പലർക്കും ഞങ്ങൾ ടിക്കറ്റ് നൽകിയത്. പിന്നാക്ക സമുദായങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമം തുടരും. പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ഒരാളെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരും. കോൺഗ്രസ് നേതൃത്വത്തെ ഞാൻ അഭിനന്ദിക്കുന്നു, ഞങ്ങൾ ക്രിയാത്മകമായ രീതിയിൽ ഇടപെടുന്നത് തുടരും.’’–തെലങ്കാന തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു ശേഷം പവൻ കല്യാണ്‍ പ്രതികരിച്ചു.
2024–ലെ ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പാണ് പവൻ കല്യാൺ ലക്ഷ്യമിടുന്നത്. നേരത്തേ തെലങ്കാന തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു പവന്‍ കല്ല്യാണിന്‍റെ തീരുമാനം. എന്നാല്‍ ബിജെപിയുടെ പ്രേരണയിൽ എട്ട് സീറ്റുകളില്‍ മത്സരിക്കുകയായിരുന്നു.