മരണത്തിലേക്കിറങ്ങുമ്പോഴും അച്ഛന്റെ കണ്ണുകളിലെ തീ അണഞ്ഞില്ല: വികാരനിർഭരമായ കുറിപ്പുമായി നടി ശ്രുതി
Mail This Article
അച്ഛന്റെ രണ്ടാം ശ്രാദ്ധ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടി ശ്രുതി ജയൻ. സംഗീതജ്ഞനായ തൃശൂർ ജയന്റെ മകളാണ് ശ്രുതി. ഐസിയുവിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും പാടാൻ ബാക്കിവച്ച വരികളായിരുന്നു അച്ഛന്റെ മനസ്സിലെന്ന് ശ്രുതി ഓര്‍ത്തെടുക്കുന്നു. ഈ അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും തന്നിലെ കലാകാരിയെ വളർത്താൻ സഹായിച്ചത് അച്ഛനാണെന്നും ശ്രുതി പറയുന്നു.
‘‘എന്റെ ശ്വാസത്തിൽ, ഹൃദയത്തിൽ, താളത്തിൽ, ചലനത്തിൽ ജീവിക്കുന്ന അച്ഛൻ. ആ നിഴലിനോളം തണൽ എനിക്ക് മറ്റൊന്നിലും കണ്ടെത്താൻ സാധിക്കില്ല. ഇന്ന് രണ്ടാം ശ്രാദ്ധദിവസം. നന്ദി ഈ അച്ഛന്റെ മകളായി ജനിച്ചതിന്. സ്നേഹവും കരുണയും പകർന്നു തന്നതിന്. എന്നിലെ കലാകാരിയെ വളർത്തിയതിന്. എന്തിനേയും ചിരിച്ച് നേരിടാൻ പഠിപ്പിച്ചതിന്..അച്ഛാ..നിങ്ങളൊരു ധീരനായ പോരാളിയായിരുന്നു…ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന് വെല്ലുവിളികളായിരുന്നു.
പട്ടിണിയിൽ വളർന്ന ബാല്യകാലം. അമ്മയില്ലാതെ വളർന്ന അച്ഛന്, പിന്നീടങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു. സംഗീതം ആയിരുന്നു അച്ഛന്റെ ആഹാരവും ജീവ ശ്വാസവും. അച്ഛൻ പഠിച്ച വിദ്യാലയത്തിലെ ടീച്ചർമാരുടെ സഹായത്താൽ സംഗീതം പഠിച്ചു. സ്വന്തമായ ശൈലി കൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു.
ജീവിത പങ്കാളി എന്ന നിലയിൽ അമ്മയ്ക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു അച്ഛൻ. സെറിബ്രൽ പാൾസി ആയിരുന്ന എന്റെ സഹോദരന് ( അമ്പാടി) കിട്ടിയ അനുഗ്രഹമായിരുന്നു അച്ഛൻ. 18 വർഷം അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച മനുഷ്യൻ. അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും, സംഗീതം കൊണ്ട് ഹൃദയതാളം അവസാന നിമിഷം വരെ പിടിച്ചു നിർത്തി. സംഗീതത്തോടും താൻ ചെയ്യുന്ന ജോലിയോടും പ്രതിബദ്ധതയും ആത്മ സമർപ്പണവും ഉള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്.
Read more at: എന്റെ ഇമേജിനെ ഞാൻ തന്നെ ബ്രേക്ക് ചെയ്ത രംഗം: സ്ത്രീ സൗന്ദര്യം ആസ്വദിക്കാനുള്ളത്: ശ്രുതി ജയൻ അഭിമുഖം
ഐസിയുവിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാൻ ബാക്കി വച്ച രണ്ട് വരി പാട്ട് റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി പാടി തിരിച്ച് വന്ന് വീണ്ടും ചികിൽസിയിലായി. ഞാനും അച്ഛനെ ചികിൽസിച്ച ഡോക്ടറും നമിച്ചു പോയ ദിനങ്ങൾ ആയിരുന്നു അത്.. മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാൻ കണ്ടില്ല. 2013ൽ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചേയ്യേണ്ടതായി വന്നപ്പോൾ ഞാൻ ഒന്നു പതറി. അച്ഛൻ എന്നോട് ഇങ്ങനെ പറഞ്ഞു “നമ്മൾ കലാകാരൻമാർ ആണ്…വേദിയിൽ കയറിയാൽ മരണമോ, ദുഃഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല…നമ്മുടെ ജോലി മാത്രം..അവിടെ നീയും നൃത്തവും സംഗീതവും മാത്രം.’’–ശ്രുതി ജയന്റെ വാക്കുകൾ.
‘അങ്കമാലി ഡയറീസി’ലൂടെ സിനിമയിലെത്തി ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’, ‘നിത്യഹരിത നായകന്‍’, ‘ജൂണ്‍’, ‘സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ?’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. കൊറോണ ധവാനിലാണ് അവസാനം അഭിനയിച്ചത്. നാഗ ചൈതന്യ നായകനായെത്തുന്ന ‘ദൂത’ എന്ന തെലുങ്ക് വെബ് സീരിസിലും ശ്രുതി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.