ആ ദിവസത്തിനായി കാത്തിരിക്കുന്നു: ഓസ്‌കര്‍ വേദിയില്‍ നിന്ന് ജൂഡ് ആന്തണി
Mail This Article
ഓസ്‌കര്‍ പുരസ്‌കാരദിനം എന്ന മഹത്തായ ദിവസത്തിന് മുൻപ് ഓസ്‌കാര്‍ വേദി സന്ദർശിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ‘ആ ദിവസത്തിനായി കാത്തിരിക്കുന്നു’, വേദി സന്ദർശിച്ചതിനു ശേഷം ജൂഡ് ആന്തണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിപത്തായ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് ഇക്കുറി ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ്. അതിന് മുമ്പായി ഓസ്‌കാര്‍ വേദി സന്ദര്‍ശിച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് ജൂഡ്.
‘‘2024 മാർച്ച് 10-ന് മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഓസ്‌കറുമായി ഇവിടെ നിൽക്കാൻ വേണ്ടി എന്റെ ദൈവവും ഈ മുഴുവൻ പ്രപഞ്ചവും എനിക്കായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു.’’– ജൂഡ് ആന്തണി ജോസഫ് കുറിച്ചു.
സിനിമയുടെ രാജ്യാന്തര പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി അമേരിക്കയിലാണ് ജൂഡ് ആന്തണി ജോസഫ്. നിർമാതാവ് വേണു കുന്നപ്പള്ളിക്കൊപ്പം അമേരിക്കയിലുള്ള മറ്റ് സ്ഥലങ്ങളിൽ 2018 സിനിമ പ്രദർശിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയുമാണ് ജൂഡ് ആന്തണി. അവിടെ നിന്നുള്ള ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ജൂഡ് പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു.
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 ലെ മഹാപ്രളയത്തെ ഒരിക്കൽക്കൂടി മലയാളികളുടെ മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018. പ്രളയത്തിന്റെ കെടുതികൾ മാത്രമല്ല മനുഷ്യർ തമ്മിലുള്ള സാഹോദര്യവും മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയും ഇഴചേർന്ന കഥയാണ് ജൂഡ് ആന്തണി ദൃശ്യാവിഷ്‌ക്കരിച്ചത്.
2018 ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ലഭിച്ചപ്പോൾ അത് മലയാളികളുടെ മുഴുവൻ അഭിമാനമായി മാറി. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങ്. ജനുവരിയിൽ നോമിനേഷനുകൾ പ്രഖ്യാപിക്കും. ചിത്രത്തിന് ഓസ്കർ ലഭിക്കണം എന്നാണു ജൂഡ് ആന്തണിയോടൊപ്പം ഓരോ മലയാളികളുടെയും പ്രാർഥന.