വിവാദ പ്രസ്താവന; രഞ്ജിത്തില്‍നിന്ന് വിശദീകരണം തേടി സജി ചെറിയാന്‍
Mail This Article
ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണം തേടി മന്ത്രി സജി ചെറിയാൻ. സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തിലാണ് വിശദീകരണം ചോദിച്ചത്. രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ വിഷയത്തിൽ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണ്. പിന്നെ അതിൽ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
രഞ്ജിത്തുമായുള്ള വിവാദത്തെ തുടർന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാൻ ഈ വിഷയത്തിൽ ഇടപെടുന്നത്. കെഎസ്എഫ്ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴിൽപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് കത്തിൽ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്.
‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെ പറ്റിയും തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥം ആണെന്നായിരുന്നു ബിജുവിന്‍റെ മറുപടി.