ADVERTISEMENT

സിനിമയ്ക്കു മുകളിൽ ഹിറ്റായ ചില ഡയലോഗുകളുണ്ട്. 1991ൽ പുറത്തിറങ്ങിയ നാട്ടുവിശേഷം എന്ന സിനിമയിലെ 'ബട്ട് വൈ' ഡയലോഗ് അത്തരത്തിലൊന്നാണ്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വർഷങ്ങൾക്കു ശേഷം രസകരമായ ആ ഡയലോഗ് മലയാളികളുടെ നിത്യസംഭാഷണത്തിന്റെ ഭാഗമായി. ട്രോളുകളും മീമുകളിലും ടീ ഷർട്ടുകളിലും വരെ നിറയുന്ന ആ ഡയലോഗിന്റെ പിന്നിലെ കഥ മനോരമ ഓൺലൈനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നടൻ മുകേഷ് പങ്കുവച്ചു. 

‘‘കയ്യീന്ന് ഇട്ട ഡയലോഗാണ്. ആര് എഴുതി വയ്ക്കാൻ?’’ ബട്ട് വൈ ഡയലോഗിനെക്കുറിച്ചു ചോദിച്ചപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ മുകേഷിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. പിന്നീട്, ആ കഥ അദ്ദേഹം വിവരിച്ചു. ‘‘നാട്ടുവിശേഷം എന്ന സിനിമയിലെ ഓപ്പണിങ് സീനിൽ വരുന്ന ഡയലോഗാണ് അത്. സംവിധായകൻ പോൾ ഞാറയ്ക്കൽ ആയിരുന്നു. എനിക്കും സിദ്ദീഖിനും എങ്ങനെയെങ്കിലും കാട്ടിനകത്തേക്ക് കയറണം. പൂജപ്പുര രവി ചേട്ടനാണ് ഫോറസ്റ്റ് വാച്ചർ. അദ്ദേഹത്തെ ഇംഗ്ലിഷ് പറഞ്ഞു ഞെട്ടിക്കണമെന്ന് പോൾ ഞാറയ്ക്കൽ പറഞ്ഞു. കടു കട്ടി ഇംഗ്ലിഷിൽ വേണം ഡയലോഗ്! കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷിൽ രണ്ടു ഡയലോഗ് അടിച്ചു വന്നാൽ സംഭവം രസകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, ഡയലോഗ് എവിടെ? അത് എഴുതിയിട്ടില്ല. ഞാനെന്തെങ്കിലും കയ്യിൽ നിന്നാൽ ഇട്ടാൽ മതിയെന്നായി അദ്ദേഹം.’’ 

‘‘സത്യത്തിൽ ഞാൻ സ്കൂളിൽ വച്ചു പഠിച്ച ഒരു ഇംഗ്ലിഷ് പദ്യത്തിലെ വരികളാണ് ആ ഡയലോഗിന്റെ ഒരു ഭാഗം. തോമസ് ഗ്രേ എഴുതിയ എലിജി റിട്ടൻ ഇൻ എ കണ്ട്രി ചർച്ച്‍യാർഡിലെ വരികൾ അവിടെ ഞാൻ ഉപയോഗിച്ചു. ‘Full many a gem of purest ray serene’ എന്നു തുടങ്ങുന്ന വരികളാണ് ഞാൻ അതിൽ പറഞ്ഞത്. ഇടയ്ക്ക് 'ബട്ട് വൈ' എന്നും ചേർത്തു. ഏതോ ഒരു സിനിമയിൽ അമിതാഭ് ബച്ചന്‍ പറഞ്ഞ ഡയലോഗും ബട്ട് വൈ എന്നതും ചേർത്തപ്പോൾ സംഗതി രസകരമായി. സെറ്റിലുള്ള എല്ലാവരും ഹാപ്പി. 

പക്ഷേ, ഹാപ്പി അല്ലാതിരുന്ന ഒരാൾ മാത്രം അവിടെയുണ്ടായിരുന്നു. അഭിനേതാക്കൾ പറയുന്ന എക്സ്ട്രാ ഡയലോഗുകൾ എഴുതിയെടുക്കാൻ നിയുക്തനായ അസോഷ്യേറ്റ് ഡയറക്ടർ! അദ്ദേഹത്തിന് ഞാൻ പറഞ്ഞതൊന്നും എഴുതാൻ പറ്റിയില്ല. ഡബ്ബിങ്ങിൽ ചേട്ടൻ തന്നെ ഓർത്തു പറയണേ എന്ന് ആളുടെ വക ഒരു റിക്വസ്റ്റും!’’

‘‘ആ സിനിമ വലിയ ഹിറ്റൊന്നുമല്ല. അന്നൊക്കെ തള്ളിക്കളഞ്ഞ സിനിമയാണ്. പക്ഷേ, ഈ ഡയലോഗ് പിന്നീട് ഹിറ്റായി. ആരോ ഈ ഡയലോഗ് കട്ട് ചെയ്തെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ട് വൈറലായി. ആളുകളുടെ നിത്യവർത്തമാനത്തിൽ അതു നിറഞ്ഞു. ബട്ട് വൈ ടീ ഷർട്ടുകൾ ഒക്കെ ഇറങ്ങി. വലിയ സന്തോഷമാണ് ഇതൊക്കെ കാണുന്നത്. ഈയടുത്ത കാലത്ത് ഒരാൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു, മുകേഷേട്ടാ... ബട്ട് വൈ പ്രൊഡക്‌ഷൻസ് എന്ന പേരിൽ ഒരു സിനിമാ പ്രൊഡക്ഷൻ കമ്പനി തുടങ്ങിക്കൂടെ? ആ പേര് ഈ ലോകത്തിൽ വേറെ ആർക്കും ഇടാനുള്ള അർഹതയില്ല ഇല്ലെന്ന്!’’, പുഞ്ചിരിയോടെ മുകേഷ് വെളിപ്പെടുത്തി.  

English Summary:

Mukesh about the origin of but why dialogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com